ചെന്നൈ: തമിഴ‍്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ ദുരൂഹതയെന്ന് ജസ്റ്റിസ് അറുമുഖ സ്വാമി കമ്മീഷൻ. ജയലളിതയും തോഴി ശശികലയും 2012 മുതൽ നല്ല ബന്ധത്തിലായിരുന്നില്ല എന്നും ജസ്റ്റീസ് അറുമുഖ സ്വാമി. ജയലളിതയുടെ മരണം അന്വേഷിക്കാനായി സർക്കാർ നിയോഗിച്ച കമ്മീഷനാണ് നിർണായക വിവരങ്ങൾ പുറത്തു വിട്ടത്. 2016 സെപ്റ്റംബർ 22ന് ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷമുള്ള കാര്യങ്ങൾ രഹസ്യമാക്കി വച്ചു. ഗുരുതര ഹൃദ്രോഗമുണ്ടായിരുന്ന ജയലളിതയ്ക്ക് അമേരിക്കയിലുള്ള ഡോക്ടർമാർ ആൻജിയോപ്ലാസ്റ്റിയോ ശസ്ത്രക്രിയയോ വേണമെന്ന് ശുപാർശ ചെയ്തിരുന്നെങ്കിലും നടത്തിയില്ല. എയിംസിലെ മെഡിക്കൽ സംഘം ചികിത്സാ കാലയളവിനിടെ ജയലളിത ചികിത്സയിലിരുന്ന അപ്പോളോ ആശുപത്രി സന്ദർശിച്ചെങ്കിലും മുൻ മുഖ്യമന്ത്രിക്ക് ശരിയായ ചികിത്സ കിട്ടിയില്ല.

ചികിത്സയ്ക്കിടെ പുറത്തു വന്ന മെഡിക്കൽ റിപ്പോർട്ടുകളിൽ വലിയ വൈരുദ്ധ്യങ്ങൾ ഉണ്ടെന്നും ജസ്റ്റിസ് അറുമുഖ സ്വാമി ചൂണ്ടിക്കാട്ടുന്നു. ജയലളിതയുടെ ആരോഗ്യനിലയെപ്പറ്റി ചികിത്സാസംഘം വ്യാജ പ്രസ്താവനകളിറക്കി. ജയലളിതയുടെ മരണ സമയം സംബന്ധിച്ചും വ്യക്തത കുറവുണ്ട്. മരണം സംഭവിച്ചെങ്കിലും ആ വിവരം മറച്ചു വച്ചു. ഒരു ദിവസം കഴിഞ്ഞാണ് മരണ വിവരം പുറത്തുവിട്ടതെന്ന് ദൃക്സാക്ഷി മൊഴികളിൽ നിന്ന് വ്യക്തമാകുന്നതായും അന്വേഷണ റിപ്പോർട്ടിലുണ്ട്. 2015 ഡിസംബർ 5ന് രാത്രി 11.30ന് മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം വന്നത്. എന്നാൽ ഡിസംബർ 4ന് ഉച്ചക്ക് ശേഷം 3നും 3.30നും ഇടയിലാകണം മരണമെന്ന് തെളിവുകളേയും ദൃക്സാക്ഷികളേയും ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.

ജയലളിതയുടെ തോഴി ശശികല, ഡോ.ശിവകുമാർ, അന്നത്തെ ആരോഗ്യ സെക്രട്ടറി ഡോ. ജെ.രാധാകൃഷ്ണൻ, മുൻ ആരോഗ്യമന്ത്രി സി.വിജയ് ഭാസ്കർ എന്നിവർക്കെതിരെ കേസെടുക്കാനും കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്. ഇവർ നാലു പേരും വിചാരണ നേരിടണമെന്നും ശുപാർശ ചെയ്യുന്ന റിപ്പോർട്ട് കമ്മീഷൻ തമിഴ‍്‍നാട് നിയമസഭയിൽ വച്ചു. ജയലളിതയുടെ മരണസമയത്ത് തമിഴ്നാട് ചീഫ് സെക്രട്ടറിയായിരുന്ന ഡോ.രാംമോഹൻ റാവുവിനെതിരേയും 608 പേജുള്ള റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങളുണ്ട്.

മുൻ മുഖ്യമന്ത്രി പനീർശെൽവമടക്കം 154 സാക്ഷികളെയാണ് കമ്മീഷൻ വിസ്തരിച്ചത്. 2017ൽ രൂപീകരിച്ച കമ്മീഷന്‍റെ കാലാവധി 14 തവണ നീട്ടി നൽകിയിരുന്നു. റിപ്പോർട്ടിൻമേൽ ഡിഎംകെ സർക്കാർ എടുക്കുന്ന നടപടി എന്താവുമെന്നാണ് ഇനി അറിയേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here