കലാതിലകമായി തെരഞ്ഞെടുത്ത നെല്ലിക്കുഴി ദയ ബഡ്സ് സ്കൂളിലെ കെ .എസ് സന്ധ്യയും, കലാപ്രതിഭയായ ചെല്ലാനം ബഡ്സ് സ്‌പെഷ്യല്‍ സ്‌കൂളിലെ എ.കെ. ബിജുവും

കൊച്ചി:കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ നടത്തിയ ‘പൂക്കാലം 2022-23’ ജില്ലാതല ബഡ്സ് കലോത്സവത്തില്‍ ചെല്ലാനം ബഡ്സ് സ്‌പെഷ്യല്‍ സ്‌കൂള്‍ ചാമ്പ്യന്മാരായി. ഏലൂര്‍ ബഡ്സ് സ്‌പെഷ്യല്‍ സ്‌കൂള്‍ ഫോര്‍ മെന്റലി ചലഞ്ച്ഡ് രണ്ടാം സ്ഥാനവും നെല്ലിക്കുഴി ദയ ബഡ്സ് സ്‌പെഷ്യല്‍ സ്‌കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ചെല്ലാനം ബഡ്സ് സ്‌പെഷ്യല്‍ സ്‌കൂളിലെ എ. കെ ബിജു കലാപ്രതിഭയായി. നെല്ലിക്കുഴി ദയ ബഡ്സ് സ്‌പെഷ്യല്‍ സ്‌കൂളിലെ കെ .എസ് സന്ധ്യയാണ് കലാതിലകം. തുടര്‍ച്ചയായ നാലാം തവണയാണ് ബിജു കലാപ്രതിഭാപട്ടം കരസ്ഥമാക്കുന്നത്. നാടന്‍പാട്ട്, ലളിതഗാനം, ഉപകരണസംഗീതം എന്നിവയില്‍ ഒന്നാം സ്ഥാനം നേടിയാണ് ബിജു കലാ പ്രതിഭയായത്. നാടോടിനൃത്തം, പ്രച്ഛന്നവേഷം എന്നിവയില്‍ ഒന്നാം സ്ഥാനം നേടിയാണ് സന്ധ്യ കലാതിലകമായത്.

ആലുവ എടത്തല ശാന്തിഗിരി ആശ്രമത്തില്‍ രണ്ടുദിവസങ്ങളിലായി നടന്ന ബഡ്‌സ് കലോത്സവത്തിന്റെ സമാപന സമ്മേളനം ജില്ലാ ശിശുക്ഷേമ സമിതി വൈസ് ചെയര്‍മാന്‍ അഡ്വ. കെ.എസ് അരുണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിയുള്ള കുട്ടികളില്‍ യാതൊരു വിധ വിവേചനവും കൂടാതെ തുല്യതയോടെ സമൂഹത്തില്‍ ജീവിക്കാനുള്ള ധൈര്യവും അര്‍പ്പണബോധവും ആത്മവിശ്വാസവും നല്‍കുന്നതില്‍ ബഡ്സ് സ്‌കൂളുകളും കുടുംബശ്രീയും വഹിക്കുന്ന പങ്ക് ചെറുതല്ലെന്ന് അദ്ദേഹം പറഞ്ഞു.

മുളവുകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ് അക്ബര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സിനിമ ആര്‍ട്ടിസ്സ്റ്റ് സാജു നവോദയ മുഖ്യാതിഥിയായിരുന്നു. കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ അഡ്വ. പുഷ്പ ദാസ് ബഡ്സ് അധ്യാപകരെയും ആയമാരെയും ആദരിച്ചു. ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പ്രീതി എം.ബി, നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ വിനയന്‍ ,ജില്ലാ പ്രോഗ്രാം മാനേജര്‍ കെ.എം അനൂപ് തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here