ആര്യ രാജേന്ദ്രൻ 

തിരുവനന്തപുരം: നിയമന കത്ത് വിവാദത്തിൽ മേയറെ പിന്തുണച്ച് സിപിഎം. ആര്യാ രാജേന്ദ്രൻ രാജിവയ്‌ക്കേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. അന്വേഷണം കഴിയും വരെ കൂടുതൽ നടപടികൾ വേണ്ടെന്നും ധാരണയായി. കത്ത് വിവാദത്തിന്‍റെ പേരിൽ രാജിവയ്ക്കില്ലെന്ന് ആര്യാ രാജേന്ദ്രൻ നേരത്തെ പ്രതികരിച്ചിരുന്നു.

അതേസമയം സംഭവത്തിൽ വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. മേയര്‍ ആര്യാ രാജേന്ദ്രന്‍റെയും പാര്‍ലമന്ററി പാര്‍ട്ടി നേതാവ് ഡി.ആര്‍ അനിലിന്‍റെയും കത്തുകൾ പരിശോധിക്കും. സംഭവത്തിൽ അഴിമതിയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനോടൊപ്പം കത്തിൻ്റെ ആധികാരികതയും പരിശോധിക്കും. ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വിജിലൻസ് അന്വേഷണം.

തിരുവനന്തപുരം സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് എസ്.പി കെ.ഇ ബൈജുവാണ് അന്വേഷിക്കുക. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അതേസമയം സംഭവത്തിൽ രാജിവയ്ക്കില്ലെന്ന് മേയർ അറിയിച്ചിരുന്നു. കോർപ്പറേഷൻ കൗൺസിലർമാരുടെ പൂർണ്ണ പിന്തുണ തനിക്കുണ്ടെന്നും ആര്യാ പറഞ്ഞു. സംഭവത്തിൽ ക്രൈം ബ്രാഞ്ച് മൊഴിയെടുത്തിട്ടുണ്ടെന്നും, അന്വേഷണവുമായി സഹകരിച്ച് മുന്നോട്ട് പോകാനാണ് തീരുമാനമെന്നും മേയർ കൂട്ടിച്ചേർത്തു. സംഭവത്തിൽ പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here