തിരുവനന്തപുരം കോര്‍പ്പറേഷന്‍ കത്ത് വിവാദത്തില്‍ മേയര്‍ക്കും സര്‍ക്കാരിനും ആശ്വാസം. വിഷയത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മുൻ കൗൺസിലർ ജി.എസ് ശ്രീകുമാർ ആണ് ഈ ആവശ്യവുമായി കോടതിയെ സമീപിച്ചത്.

ഒഴിവുകൾ നികത്താനായി പാർട്ടി സെക്രട്ടറിക്ക് കത്തയച്ചത് സ്വജനപക്ഷപാതമാണെന്ന് ആരോപിച്ചാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ആയിരത്തിലധികം അനധികൃത നിയമനങ്ങളാണ് കോർപ്പറേഷനിൽ നടന്നതെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. കേസില്‍ വിശദമായ വാദം കേട്ട കോടതി സിബിഐ അന്വേഷണാവശ്യം തള്ളി. ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ സിബിഐ അന്വേഷണം ഇപ്പോള്‍ ആവശ്യമില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഹര്‍ജി തള്ളിയത്.

നേരത്തെ വിവാദ കത്തിന്മേലുള്ള ആരോപണം മേയർ ആര്യാ രാജേന്ദ്രൻ നിഷേധിച്ചതായും നിഗൂഢമായ കത്തിന്‍റെ പേരിൽ കൂടുതൽ അന്വേഷണം ആവശ്യമില്ലെന്നും സർക്കാര്‍ വാദിച്ചിരുന്നു. ആരോപണം തെളിയിക്കത്തക്ക തെളിവുകൾ ഹർജിക്കാരന്‍റെ പക്കലില്ലെന്നും സർക്കാരിനു വേണ്ടി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയെ അറിയിക്കുകയുണ്ടായി. തന്‍റെ പേരിലുള്ള കത്ത് വ്യാജമെന്ന് മേയർ ആര്യാ രാജേന്ദ്രനും കോടതിയിൽ മറുപടി നൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here