കോഴിക്കോട്: ഇസ്രായേലിൽ കർഷക സംഘത്തിനൊപ്പം പോയി മുങ്ങിയ കണ്ണൂർ പായം സ്വദേശി ബിജു കുര്യൻ തിരിച്ചെത്തി. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കുകയായിരുന്നു ലക്ഷ്യമെന്ന് തിരിച്ചെത്തിയ ബിജു പറഞ്ഞു. ജറുസലേമും ബത് ലഹേമും സന്ദർശിക്കാനാണ് താൻ പോയത്. സഹോദരനാണ് തിരിച്ചെത്താനുളള സൗകര്യമൊരുക്കിയത്. സർക്കാരിനോടും സംഘാം​ഗങ്ങളോടും മാപ്പ് പറയുന്നുവെന്നും ബിജു കുര്യൻ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയതിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

ഇസ്രായേലിൽ ഒരു ഏജൻസിയും തന്നെ അന്വേഷിച്ച് വന്നിട്ടില്ല. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കണമെന്ന് സം​ഘത്തോട് പറഞ്ഞാൽ അനുവാദം കിട്ടില്ലെന്ന് കരുതി. മുങ്ങിയെന്ന വാർത്ത പ്രചരിച്ചപ്പോൾ വിഷമം തോന്നിയെന്നും ബിജു കുര്യൻ കൂട്ടിച്ചേർത്തു. വിസാ കാലാവധിയുളളതിനാൽ നിയമപരമായി ബിജു കുര്യന് ഇസ്രായേലിൽ തുടരുന്നതിന് തടസമുണ്ടായിരുന്നില്ല. എന്നാൽ നയതന്ത്ര തലത്തിലെ ഇടപെടൽ ബിജു കുര്യന് തിരിച്ചടിയാകുകയായിരുന്നു.

കൃഷി രീതികള്‍ നേരിട്ട് കണ്ട് പഠിക്കുന്നതിന് വേണ്ടിയായിരുന്നു കൃഷിവകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി ഡോ. ബി അശോകിന്‍റെ നേതൃത്വത്തില്‍ 27 പേരടങ്ങുന്ന കര്‍ഷക സംഘം ഈ മാസം 12 ന് ഇസ്രായേലിലേക്ക് പോയത്. തിരിച്ചുപോരുന്നതിന്റെ തലേദിവസം ബിജു കുര്യനെ കാണാതാവുകയായിരുന്നു. ഹെര്‍സ്ലിയ നഗരത്തിലെ ഹോട്ടലില്‍ നിന്നാണ് ബിജുവിനെ കാണാതായത്. ബിജു മുങ്ങിയതാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഇയാളുടെ വിസ റദ്ദാക്കാനുള്ള നടപടിക്രമങ്ങളും സര്‍ക്കാര്‍ ആരംഭിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here