മുസ്‌ലിം ലീഗുമായി ആർഎസ്എസ് ചർച്ച നടത്തിയെന്ന്  ലീഗ് പുറത്താക്കിയ മുൻ സംസ്ഥാന സെക്രട്ടറി കെ.എസ്. ഹംസ.  ചർച്ച നടത്തിയത് പി.കെ.കുഞ്ഞാലിക്കുട്ടി  യുടെ പ്രതിനിധിയായ മലപ്പുറത്തെ മറ്റൊരു എംഎൽഎയാണെന്നും  ഹംസ പറഞ്ഞു.  ലീഗിനെഇടതുപാളയത്തിലെത്തിക്കുകയായിരുന്നു ചർച്ചയുടെ ലക്ഷ്യം. സരിത എസ്.നായരെ ബഷീറലി തങ്ങളുടെ അടുത്തെത്തിച്ചത് കുഞ്ഞാലിക്കുട്ടിയാണെന്നും ഹംസ ആരോപിച്ചു. കാട്ടുകള്ളന്മാരുടെയും അധോലോക നായകരുടെയും കയ്യിലാണ് മുസ്‍ലിം ലീഗ്.   യുഡിഎഫ് നേതാക്കൾക്കു പോലും കുഞ്ഞാലിക്കുട്ടിയെ വിശ്വാസമില്ല. അദ്ദേഹം ചർച്ചകൾ ബിജെപിക്കു ചോർത്തുമോ എന്ന് പോലും  നേതാക്കൾക്കു പേടിയുണ്ടെന്നും ഹംസ പറഞ്ഞു. ഹംസയുടെ വെളിപ്പെടുത്തല്‍ വിവാദമാവുകയാണ്.

കുഞ്ഞാലിക്കുട്ടി ബിജെപിയുമായി രഹസ്യ ചങ്ങാത്തത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ   പേടിച്ച് ബിജെപിയെയും വിജിലൻസിനെ പേടിച്ച് പിണറായിയെയും കുഞ്ഞാലിക്കുട്ടി വിമർശിക്കില്ല. കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തിൽ പിണറായി വിജയനെക്കുറിച്ചും ബിജെപിയെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ പോലും പേടിയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നോടു പറഞ്ഞതായി ഹംസ വെളിപ്പെടുത്തി. എന്തു പറഞ്ഞാലും അത് അവിടെ എത്തുമെന്നാണ് അവരുടെ ഭയമെന്നും ഹംസ പറഞ്ഞു.

സാദിഖലിശിഹാബ്തങ്ങൾകുഞ്ഞാലിക്കുട്ടിയുടെ സ്വാധീനവലയത്തിലാണ്. പാർട്ടി പത്രത്തിന്റെ അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിൽ ഹൈദരലി ശിഹാബ് തങ്ങളെ കുടുക്കാൻ ശ്രമിച്ചു. നിങ്ങൾ നിരപരാധിയാണെന്നു ബോധ്യമുണ്ടെന്നും സൂക്ഷിക്കണമെന്നും ഇഡി അദ്ദേഹത്തോട് പറഞ്ഞു. ആ ഭയത്തോടെയാണ് ഹൈദരലി തങ്ങൾ മരണപ്പെട്ടത്. ഇഡി അദ്ദേഹത്തെ ചോദ്യം ചെയ്തതും കള്ളപ്പണ ഇടപാടും പാർട്ടി യോഗത്തിൽ താൻ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമായാണ് തന്നെ പുറത്താക്കിയത്. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും ഹംസ പറഞ്ഞു.

ലീഗ് സിപിഎമ്മുമായി ചേരണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ബിജെപിയാണ്. ഇതിനായി ചരടു വലിക്കുന്നത് നാഗ്പുരിൽ നിന്നാണ്. ലീഗുമായി ചേർന്നാൽ സിപിഎമ്മിന്റെ മതനിരപേക്ഷതയ്ക്ക് കോട്ടം തട്ടും. അങ്ങനെ വന്നാൽ സിപിഎമ്മിന്റെ ഹിന്ദു വോട്ട് ബിജെപിയിലേക്കും കോൺഗ്രസിലേക്കും പോകും. ഇത് ബിജെപിക്ക് നേട്ടമാണ്. ജമാഅത്തെ ഇസ്‌ലാമിയുമായി ചർച്ച നടത്തിയ അതേ സമയത്താണ് ആർഎസ്എസുമായുള്ള ചർച്ചയും നടന്നതെന്നും  ഹംസ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here