ജീവിതശൈലീ രോഗങ്ങൾ പ്രതിരോധിക്കാൻ ആരോഗ്യ വകുപ്പ് വലിയ ഇടപെടൽ നടത്തുന്നുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ആർദ്രം മിഷൻ ജനങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. സമൂഹത്തിലെ രോഗാതുരത കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പ് നടപ്പാക്കി വരുന്നതാണ് വാർഷിക പരിശോധനാ പദ്ധതി. പരിശോധനയ്ക്കുള്ള വിമുഖത മാറ്റി എല്ലാവരേയും ഇതിലേക്ക് കൊണ്ടുവരാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വലിയ പങ്ക് വഹിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യമേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആർദ്രകേരളം പുരസ്‌കാരം 2021-22 വിതരണവും 50 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

 

എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളേയും കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് ആ പ്രദേശത്തെ കുടുംബങ്ങളുമായി നേരിട്ട് ബന്ധമുണ്ടാകണം. ജനങ്ങൾക്ക് ആശ്രയിക്കാവുന്ന അവരുടെ ചികിത്സാ കേന്ദ്രമായി കുടുംബാരോഗ്യ കേന്ദ്രം മാറണം. അങ്ങനെ വരുമ്പോൾ ഡോക്ടറും രോഗിയും തമ്മിൽ വളരെ അടുത്ത ബന്ധമുണ്ടാകും. 100 ദിന കർമ പരിപാടിയിൽ 50 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളേയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയത്. ആർദ്രം മിഷനിലൂടെ കൂടുതൽ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിന് ബോധപൂർവമായ ഇടപെടൽ ഉണ്ടാകണം. ചില തദ്ദേശ സ്ഥാപനങ്ങളിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.

ആർദ്രം മിഷനിലൂടെ ദൃശ്യമായ വലിയ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആശുപത്രികളെ ജനസൗഹൃദവുംരോഗീസൗഹൃദവുമാക്കുകയാണ് ലക്ഷ്യം. ആർദ്രം മിഷൻ രണ്ടിലൂടെ 10 കാര്യങ്ങൾ ലക്ഷ്യമിടുന്നു. പശ്ചാത്തല സൗകര്യങ്ങൾ വികസിപ്പിച്ച് 885 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ 630 എണ്ണം കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി. എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ആറ്‌ മണിവരെ ഒപി ഉണ്ടാകണം. എങ്കിൽ മാത്രമേ പൂർണമായി സേവനം ലഭ്യമാക്കാനാകൂ.

LEAVE A REPLY

Please enter your comment!
Please enter your name here