പഞ്ചാബിലും ചണ്ഡീഗഡിലും ‘ഇന്ത്യ’ സഖ്യത്തിനില്ലെന്ന് എഎപി. പഞ്ചാബിലെ 13 സീറ്റുകളിലും ചണ്ഡീഗഡിലെ ഒരു സീറ്റിലും വരും ദിവസങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും എഎപി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചു. പഞ്ചാബ് സര്‍ക്കാരിന്റെ ‘വീടുകള്‍ തോറും റേഷന്‍’ പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കെജ്രിവാള്‍ പ്രഖ്യാപിച്ചത്. നേരത്തെ, കോണ്‍ഗ്രസും എഎപിയും തമ്മില്‍ പഞ്ചാബില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. ഇതേത്തുടര്‍ന്നാണ് ഒറ്റയ്ക്ക് മത്സരിക്കാന്‍ എഎപി തീരുമാനിച്ചത്. ”പഞ്ചാബില്‍ 13 ലോക്‌സഭ സീറ്റുകളുണ്ട്. ചണ്ഡീഗഡില്‍ ഒരു സീറ്റും. ആകെ 14 സീറ്റുകള്‍. 14 മണ്ഡലങ്ങളിലും വരുന്ന 10-15 ദിവസത്തിനുള്ള എഎപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും”, അദ്ദേഹം പറഞ്ഞു.

കഴിഞ്ഞദിവസം, അസമില്‍ മൂന്നു സീറ്റില്‍ മത്സരിക്കുമെന്ന് എഎപി പ്രഖ്യാപിച്ചിരുന്നു. ഗുജറാത്തിലെ ഒരു സീറ്റിലും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്. ഗോവ, ഹരിയാന, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം തീരുമാനിക്കാന്‍ 13-ന് എഎപി രാഷ്ട്രീയകാര്യ സമിതി ചേരും.

ലോക്‌സഭ തിരഞ്ഞെടുപ്പ് അടുക്കാറായിട്ടും സീറ്റ് വിഭജന ചര്‍ച്ചകള്‍ എങ്ങുമെത്താത്തതില്‍ എഎപി അതൃപ്തി അറിയിച്ചിരുന്നു. ”ചര്‍ച്ചകള്‍ അവസാനമില്ലാതെ തുടരുകയാണ്. തിരഞ്ഞെടുപ്പ് അടുത്തെത്തി കഴിഞ്ഞു. ചുരുങ്ങിയ സമയത്തിനുള്ളില്‍ കൂടുതല്‍ ജോലി ചെയ്യേണ്ടതുണ്ട്. അസമില്‍ മൂന്നു സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ഈ സീറ്റുകള്‍ ‘ഇന്ത്യ’ സഖ്യം അംഗീകരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്”, എഎപി എംപി സന്ദീപ് പഥക് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here