കോട്ടയം: ശക്തമായ മഴയിൽ പൂഞ്ഞാർ അടിവാരത്ത് മീനച്ചിലാർ കരകവിഞ്ഞു. പൂഞ്ഞാർ, അടിവാരം എന്നിവിടങ്ങളിലാണ് മീനച്ചിലാർ കരകവിഞ്ഞത്. ആറിന്റെ തീരപ്രദേശങ്ങളിലെല്ലാം വെള്ളം കയറി.
നിരവധി പേരുടെ കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായി. വൈകുന്നേരം ആറോടെയാണ് മീനച്ചിലാറിൽ കുത്തൊഴുക്ക് ഉണ്ടായത്. മുണ്ടക്കയത്തിനടുത്ത ഏന്തയാർ, ഇളംകാട്, കൂട്ടിക്കൽ മേഖലകളിൽ പുല്ലകയാർ കരകവിഞ്ഞ് ഒഴുകുകയാണ്.
പൂഞ്ഞാർ മേഖലയിൽ ഉരുൾപൊട്ടിയതാണെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ ശക്തമായ മഴയെ തുടർന്നുള്ള മലവെള്ളപ്പാച്ചിലാണെന്നാണ് അധികൃതർ അറിയിക്കുന്നത്. മീനച്ചിലാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.