മോഡലിങ് തങ്ങളുടെ ഫീൽഡായി തെരഞ്ഞെടുക്കുന്നവരും ക്യാമറ പേടി ഉള്ളതു കൊണ്ട് ഇഷ്ടപ്പെട്ട ഫീൽഡിൽ നിന്ന് വിട്ടു നിൽക്കുന്നവരും ഒരുപാടാണ്. എന്നാൽ ഇതിൽ നിന്നൊക്കെ വ്യത്യസ്തമായി ക്യാമറ കണ്ടാൽ ആക്ടീവാകുന്ന ഒരു കൊച്ചു മിടുക്കിയുണ്ട്. മൂഡ് എന്തായാലും ക്യാമറയുടെ മുന്നിലെത്തിയാൽ ആള് ഹാപ്പിയാണ്. ഏത് പോസ് വേണമെന്ന് പറഞ്ഞാൽ സെറകുട്ടി റെഡി. ഫോണും കൈയ്യിൽ പിടിച്ച് കൂളിങ് ഗ്ലാസും വച്ച് പൊട്ടിച്ചിരിക്കുന്ന സെറ കുട്ടിക്കുറുമ്പത്തി കൂടിയാണ്.
അച്ഛൻ സനീഷിനൊപ്പമാണ് സെറ സ്ഥിരമായി ഫീൽഡിലെത്തുന്നത്. ക്യാമറ റെഡിയാണേൽ അപ്പോൾ മുതൽ പണി തുടങ്ങാം. സാധാരണയായി കുഞ്ഞുങ്ങളുടെ ഫോട്ടോ ഷൂട്ടിന് സമയമൊരുപാട് വേണ്ടി വരാറുണ്ട്. പക്ഷേ സെറയുടെ കാര്യത്തിൽ ആ പേടി വേണ്ട. ആക്ഷൻ പറയേണ്ട താമസം മോഡൽ റെഡിയാകും.പെട്ടെന്നാർക്കും പിടി കൊടുക്കാത്ത കൂട്ടത്തിലാണ് സെറയെങ്കിലും, ഇണങ്ങി കഴിഞ്ഞാൽ കളിയും ചിരിയുമായി കാഴ്ചക്കാരെ ഈ കൊച്ചു മിടുക്കി കൈയ്യിലെടുക്കും.. സെറയുടെ മാമോദീസ ചടങ്ങുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് കുഞ്ഞുതാരത്തെ ശ്രദ്ധേയയാക്കിയത്.
തിരുവനന്തപുരം കസവുമാൾ, ഹെർബൽ വില്ലേജ് ആയുർവേദ പ്രൊഡക്ട്സ് ഉൾപ്പെടെ 5ലധികം കമ്പനികളുടെ പരസ്യങ്ങളിൽ ഇതിനോടകം സെറ ഇടംപിടിച്ചു. ബാലതാരങ്ങളുടെ സമൂഹമാധ്യമ ഗ്രൂപ്പിലും ഇൻറർനാഷണൽ ആർട്ടിസ്റ്റ് ഗ്രൂപ്പിലും കുട്ടിത്താരത്തിന് ആരാധകർ ഏറെയാണ്. കേരളത്തിലുടനീളമുള്ള 36 ഓളം ഓൺലൈൻ സൈറ്റുകളെ കൂടാതെ ,യുഎസ്എ, കാനഡ,യുകെ എന്നിങ്ങനെയുള്ള ഇന്റർനാഷണൽ സൈറ്റുകളിലും, നിരവധി മാഗസിനുകൾ,ഏതാനും പ്രൊഡക്ഷൻ കമ്പനികൾ എന്നിവക്ക് വേണ്ടിയും സെറയുടെ ചിത്രങ്ങൾ പകർത്തി കഴിഞ്ഞു. യൂണൈറ്റഡ് ഫാഷൻ ഫെഡറേഷൻ മെമ്പർ കൂടിയാണ് സെറ ഇപ്പോൾ. വൈകാതെ മിനിസ്ക്രീനിലും സെറയെ കാണാനാകും.
സെറയെ പരസ്യമോഡലാക്കാൻ താൽപ്പര്യമുണ്ടെന്ന് പറഞ്ഞ് നിരവധി പേരാണ് ഇതിനകം തന്നെ മാതാപിതാക്കളെ സമീപിച്ചിരിക്കുന്നത് . സിനിമാലോകത്ത് നിന്നുമുള്ള പുതിയ അവസരങ്ങളും സെറയെ തേടി എത്തി തുടങ്ങി.തൃശൂർ മാള സ്വദേശിയായ സനീഷിന്റെയും സിജിയുടെ ഏക മകളാണ് മൂന്നുവയസുകാരി സെറ.