രാസവളം കുഴികുത്തിമൂടാന്‍ നീക്കം; കാട്ടൂര്‍ ബാങ്കിനെതിരെ നാട്ടുകാര്‍ ജനകീയ പ്രക്ഷോഭത്തിന്

0
154

കാട്ടൂര്‍ : കാട്ടൂര്‍ സര്‍വ്വീസ് സഹകരണബാങ്കിനെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സി.പി.എം ലോക്കല്‍ സെക്രട്ടറി പി.ബി പവിത്രന്‍ പറഞ്ഞു. കാട്ടൂര്‍ ബാങ്ക് യാതൊരു മുന്‍കരുതലുമില്ലാതെയാണ് രാസവളങ്ങളടക്കമുളള വളങ്ങള്‍ കുഴികുത്തി മൂടാന്‍ ഒരുങ്ങുന്നത്. ബാങ്കിന്റെ ഹെഡ് ഓഫീസിന് മുമ്പിലുള്ള കമ്പി വില്‍പ്പന കേന്ദ്രത്തിന്റെ പുറകിലാണ് വലിയ കുഴികളെടുത്ത് അതീവ രഹസ്യമായി രാസവളമടക്കമുള്ളവ മൂടാനൊരുങ്ങുന്നത്. ഇതിനോടകം ബാങ്ക് ഹെഡ് ഓഫീസിന്റെ പുറകുവശത്ത് വലിയ കുഴികളെടുത്ത് വന്‍തോതില്‍ രാസവളമടക്കമുള്ളവ മൂടിയതായും സംശയമുണ്ട്. ഇത് കടുത്ത ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക. പ്രളയത്തില്‍ മലിനമായ കിണറുകള്‍ പലതും വളരെയേറെ പണം ചിലവാക്കിയാണ് കുടിവെള്ള ശ്രോതസാക്കിയിരിക്കുന്നത്.ഈ കിണറുകള്‍ എല്ലാം തന്നെ വീണ്ടും മലിനമാകുമെന്ന ഭീതിയിലാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ബാങ്ക് നടത്തുന്ന ഇത്തരം ജനദ്രോഹ നടപടിക്കെതിരെ കടുത്ത പ്രധിഷേധമുയര്‍ന്നിട്ടുണ്ട്. പ്രളയത്തോടനുബന്ധിച്ച് പഞ്ചായത്തധികൃതര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിര്‍ബന്ധമായും ജൈവ മാലിന്യങ്ങളും രാസമാലിന്യങ്ങളും വേര്‍തിരിക്കണമെന്നും, ജൈവ മാലിന്യങ്ങള്‍ അതാതു മേഖലകളില്‍ സംസ്‌കരിക്കാവുന്നതാണെന്നും അല്ലാത്തവ മറ്റു മാര്‍ഗ്ഗങ്ങള്‍ തേടേണ്ടതാണെന്ന് അറിയിച്ചിരുന്നതായും,പഞ്ചായത്തധികൃതരുടെ അനുമതിയോടു കൂടിയല്ല ഈ പ്രവര്‍ത്തി നടന്നിരിക്കുന്നതെന്നും പഞ്ചായത്ത് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ റോയ് പറഞ്ഞു. ഇക്കാര്യം പഞ്ചായത്ത് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ടന്നും നാട്ടുകാര്‍ പറഞ്ഞു ബാങ്കിന്റെ ജനദ്രോഹ നടപടി അനുവദിക്കില്ലെന്നും, കുഴിച്ച് മൂടിയവ പുറത്തെടുത്ത്,നാട്ടുകാരുടെ ആശങ്ക തീര്‍ക്കാനുളള നടപടി പഞ്ചായത്തധികൃതര്‍ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം, ബാങ്കിനെതിരെ ജനകീയ പ്രക്ഷോഭം നടത്തുമെന്ന് സി.പി.എം കാട്ടൂര്‍ ലോക്കല്‍ സെക്രട്ടറി പി.ബി പവിത്രന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here