ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സ്വര്‍ണക്കോലമെഴുന്നള്ളിപ്പിന് ഭക്തജനപ്രവാഹം

0
136

ഗുരുവായൂര്‍: ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭഗവാന്‍ സ്വര്‍ണ്ണക്കോലത്തിലെഴുന്നള്ളി. ക്ഷേത്രത്തിലെ സ്വര്‍ണ്ണക്കോലം വര്‍ഷത്തില്‍ അഷ്ടമിരോഹിണി, ഏകാദശി, ഉത്സവം, എന്നീ ആഘോഷങ്ങളോട് അനുബന്ധിച്ചുള്ള ദിവസങ്ങളില്‍ മാത്രമേ പുറത്തെടുത്ത് എഴുന്നെള്ളിക്കാറുള്ളു. ശ്രീകൃഷ്ണഭഗവാന്റെ പിറന്നാള്‍ദിനത്തിലും ഏകാദശിയോടനുബന്ധിച്ചുള്ള അഷ്ടമി, നവമി, ദശമി, തുടങ്ങിയ മൂന്ന് ദിവസങ്ങളില്‍ ഒരു നേരവും, രാത്രി ശീവേലിയ്ക്കും, ഏകാദശി ദിവസം രണ്ട് നേരമായി രാവിലത്തെ ശീവേലിയ്ക്കും, രാത്രി വിളക്കെളുന്നെള്ളിപ്പിനും മാത്രമാണ് ഭഗവാന്‍ സ്വര്‍ണ്ണകോലത്തിലെഴുന്നെള്ളുക. ഏകാദശീ നാളുകളില്‍ നാല് ദിവസവും, ഉത്സവത്തോടനുബന്ധിച്ച് 6-ാം വിളക്ക് ദിനത്തില്‍ 3മണിക്ക് നടക്കുന്ന കാഴ്ച്ചശീവേലി മുതല്‍ ആറാട്ടുവരേയും, ഉത്സവനാളുകളിലെ പള്ളിവേട്ടയ്ക്കും, ആറാട്ടിനും ഭഗവാന്‍ തന്റെ പ്രജകളെ കാണാനായി ക്ഷേത്രത്തിന്റെ പുറത്തേയ്‌ക്കെഴുന്നെള്ളുന്നതും ഈ സ്വര്‍ണ്ണകോലത്തിലാണ്. മലര്‍ന്ന പൂക്കള്‍ ആലേഖനം ചെയ്ത് വര്‍ഷങ്ങളോളം കാലപഴക്കമുള്ള ഈ സ്വര്‍ണ്ണകോലത്തിന് ചുറ്റും പ്രഭാമണ്ഡലം വലയം ചെയ്ത മുരളീധരവിഗ്രഹമാണ് മനോഹരമായി ആലേഖനം ചെയ്തിട്ടുള്ളത്. സ്വര്‍ണ്ണകോലത്തില്‍ മലര്‍ന്നപൂക്കളുള്ള കോലങ്ങള്‍ അപൂര്‍വ്വമായേ കാണുകയുള്ളു. ദശാവതാരം, അനന്തശയനം എന്നിവ കൊത്തിയിട്ടുള്ളതാണ് പ്രഭാമണ്ഡലം. മുകള്‍ ഭാഗത്ത് വ്യാളീമുഖം, ഇരുവശങ്ങളിലു മായി ശംഖ്, ചക്രം, ഗദ, പത്മം എന്നിവ ആലോഖനം ചെയ്ത ശില്‍പകലയോടു കൂടിയുള്ള ഈ പ്രഭാമണ്ഡലത്തിന് താഴെ ഇരു വശങ്ങളിലും സൂര്യ-ചന്ദ്രപതക്കങ്ങള്‍. കൂടാതെ തിരുവിതാംക്കൂര്‍ മഹാരാജാവ് ആനതറവാട്ടിലെ ഗജകേസരി പഴയ പത്മനാഭന് സമ്മാനിച്ച വീരശൃംഗല, പച്ചക്കല്ലുകൊളുത്തിയിട്ട വലിയൊരു സ്വര്‍ണ്ണപൂവ്വ്, അതിനു ചുറ്റുമായി നടുവില്‍ ഇളക്കതാലിയോട് കൂടിയ പത്ത് പൂക്കള്‍, 180 ചെറിയ പൂക്കള്‍, 8 ദളധാരകള്‍, 33-പാലക്ക, 238 ചെറിയ കുമിളകള്‍, അഞ്ചുതട്ടുകളോടുകൂടിയ കമനീയമായൊരു കുട, മരതകപച്ച എന്നിവയും, വെള്ളികൊണ്ട് പൊതിഞ്ഞ പീഠവുമായുള്ള ഈ സ്വര്‍ണ്ണകോലത്തില്‍ വെച്ചാണ് ശ്രീ ഗുരുവായൂരപ്പന്റെ തങ്കതിടമ്പ്‌വെച്ചുള്ള എഴുന്നെള്ളിപ്പ്. 35ഇഞ്ച് വീതിയും, അമ്പത്തിയേഴര ഇഞ്ച് ഉയരവുമുള്ള സ്വര്‍ണ്ണക്കോലത്തില്‍ എഴുന്നള്ളിയ ഭഗവാനെ കണ്ട് ആത്മസായൂജ്യം നേടാന്‍ പതിനായിരങ്ങളാണ് തിരുമുറ്റത്തെത്തിയത്. കാര്‍മുകില്‍ വര്‍ണ്ണന്റെ പിറന്നാള്‍ദിനത്തില്‍ ഭൂലോകവൈകുണ്ഢത്തിലെത്തുന്ന ഭക്തജനസഹസ്രങ്ങള്‍ക്ക് വിഭവ സമൃദ്ധമായ പിറന്നാള്‍ സദ്യയും ഗുരുവായൂര്‍ ദേവസ്വം ഒരുക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here