മുഴുവന്‍ തുകയും ഒന്നിച്ചടയ്ക്കണമെന്ന് ബാങ്ക്: വൃദ്ധവിധവയുടെ വീടിന് ജപ്തി ഭീഷണി

0
39

കൊടകര: ഒറ്റക്ക് താമസിക്കുന്ന വയോധികയും വിധവയുമായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട സ്ത്രീക്ക് സഹകരണ ബാങ്കിന്റെ ജപ്തി ഭീഷണി. മറ്റത്തൂര്‍ പഞ്ചായത്തിലെ മാങ്കുറ്റിപ്പാടം തൈവളപ്പില്‍ പരേതനായ നാരായണന്റെ ഭാര്യ മണിയാണ് (68) ബാങ്കിന്റെ ജപ്തി ഭീഷണി നേരിടേണ്ടിവരുന്നത്.
30 വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ച മണിക്ക് സ്വന്തമായുള്ളത് മൂന്ന് സെന്റ് ഭൂമിയും ചെറിയ വീടുമാണ്. 13 വര്‍ഷം മുന്‍പ് ആറ് പേര്‍ ചേര്‍ന്ന് ലോണ്‍ എടുത്തതാണ് ഇപ്പോള്‍ വലിയ ബാധ്യതയായിമാറിയിരിക്കുന്നത്. പലഹാര നിര്‍മാണം ആരംഭിച്ച് വില്‍പന നടത്തി ഉപജീവനത്തിനായാണ് മൂന്ന് ലക്ഷം രൂപ കടമെടുത്തത്.
ഇരിങ്ങാലക്കുട സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ കൊടകര ശാഖയില്‍ നിന്നെടുത്ത ഒരാളുടെ വിഹിതമായ 50,000 രൂപ ഇപ്പോള്‍ 80000 രൂപയോളമായി.
രണ്ടു പേര്‍ അടച്ചു തീര്‍ത്ത് ആധാരം തിരികെ വാങ്ങി. 9 തവണ ഗഡുക്കളടച്ച മണി 10,000 രൂപയുമായി ചെന്നപ്പോള്‍ മുഴുവന്‍ തുകയും ഒരുമിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് തിരിച്ചയച്ചതായും മണി പറഞ്ഞു.
അസുഖം മൂലം നിത്യവും കൂലിപ്പണിക്ക് പോകാന്‍ കഴിയാത്ത ഇവര്‍ക്ക് പണം തിരിച്ചടക്കാന്‍ വയ്യാത്ത അവസ്ഥയിലാണ്. രണ്ടു പേര്‍ പലിശ സഹിതം ബാങ്കിലടച്ച് ആധാരം തിരികെ വാങ്ങിയതായും മണി പറഞ്ഞു. മറ്റ് നാലു പേര്‍ക്കും ജപ്തി ഭീഷണിയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here