ദുരിതങ്ങളോടു പോരാടിയ പ്രവാസികളുടെ കഥ പ്രചോദനാത്മകം: മന്ത്രി കടകംപള്ളി

0
31

തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളില്‍ വിജയം നേടുന്നവരുടെ വിശേഷങ്ങള്‍ ആഘോഷിക്കപ്പെടുമ്പോള്‍ ആ മണലാരണ്യങ്ങളില്‍ കഷ്ടപ്പെടുന്നവരുടെ ദുരിത ജീവിതം ആരും അറിയുന്നില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഗ്രീന്‍ ബുക്സ് പ്രസിദ്ധീകരിച്ച ജസിന്ത മോറിസിന്റെ ‘നീതി തേടി ഒരു പെണ്‍പ്രവാസി’ എന്ന നോവലിന്റെ പ്രകാശനവും സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധികളെ ധീരതയോടെ നേരിട്ട് അതിജീവിച്ചു വിജയം നേടുന്ന പ്രവാസികളുടെ കഥ വളരെ പ്രചോദനാത്മകമാണ്. പ്രളയക്കെടുതില്‍ ക്ലേശിക്കുന്ന കേരളത്തിനു കൈത്താങ്ങാകാന്‍ അവര്‍ പ്രകടിപ്പിക്കുന്ന താല്‍പര്യം മാതൃകയാണെന്നും മന്ത്രി പറഞ്ഞു.

ഷാര്‍ജ രാജ്യാന്തര പുസ്തകോല്‍സവത്തിലേക്കു ക്ഷണിതാവായ ജസിന്ത മോറീസിന് ഉപഹാരം നല്‍കി ആദരിച്ചു. പ്രേംനസീര്‍ സൗഹൃദ സമിതി തൈക്കാട് ഭാരത് ഭവനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രഫ. ജി.എന്‍. പണിക്കര്‍ ആദ്യ കോപ്പി ഏറ്റുവാങ്ങി. ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍ അധ്യക്ഷനായി. പ്രകാശന ചടങ്ങിനു മുമ്പു നടന്ന ചതുര്‍ഭാഷാ കവിയരങ്ങില്‍ ഇംഗല്‍ഷ്, മലയാളം, തമിഴ്, ഹിന്ദി കവതികള്‍ അവതരിപ്പിക്കപ്പെട്ടു. കരുമം എം. നീലകണ്ഠന്‍ കവിയരങ്ങ് ഉത്ഘാടനം ചെയ്തു. സുകു പാല്‍ക്കുളങ്ങര, ഫ്രാങ്കോ ലൂയിസ്, എന്‍ആര്‍ഐ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ കടയ്ക്കല്‍ രമേഷ്, നോവലിസ്റ്റ് എസ്. സരോജം, ഗാന്ധിയന്‍ ചാചാ ശിവരാജന്‍, പ്രേംനസീര്‍ സൗഹൃദ സമിതി സെക്രട്ടറി തെക്കന്‍സ്റ്റാര്‍ ബാദുഷ, കണ്‍വീനര്‍ പനച്ചമൂട് ഷാജഹാന്‍ എന്നിവര്‍ പ്രസംഗിച്ചു. മല്ലിക വേണുഗോപാല്‍, സായ്കുമാര്‍, രവീന്ദ്രന്‍ ജി. നായര്‍, എം. പാര്‍ത്ഥിവന്‍ എന്നിവര്‍ വിവിധ ഭാഷകളിലുള്ള കവിയരങ്ങിനു നേതൃത്വം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here