ജീവിതയജ്ഞത്തില്‍ ഇടറി വീണ് സൈക്കിള്‍ യഞ്ജ കലാകാരന്‍

    0
    99

    ചൂളൂര്‍ ഷാനി
    കരുനാഗപ്പള്ളി: അത്ര വേഗം മറക്കാന്‍ കഴിയില്ല യാക്കൂബ് എന്ന നാഗേഷിനെ കരുനാഗപ്പള്ളിക്കാര്‍ക്ക്.പഴയതമിഴ് സിനിമയുടെ ചിരി മന്നനാണ് നാഗേഷ്. ഇവിടെ പഴയ കാലത്തെ സാധാരണക്കാരന്റെ സ്വകാര്യ ചിരി അഹങ്കാരമാണ് തന്റെ പേര് യാക്കൂബാണെന്ന കാര്യവും യാക്കൂബ് തന്നെ മറന്നു. അരങ്ങത്തേക്ക് എത്തുന്നത് 1961 ലാണ്. അന്ന് കരുനാഗപ്പള്ളി ടൗണ്‍ ക്ലബ്ബ് മൈതാനത്ത് ഒരു സൈക്കിള്‍ യജ്ഞ പരിപാടിക്കായ നാഗര്‍കോവില്‍ക്കാരന്‍ ഗോവിന്ദരാജ് എത്തുന്നത്. മൈതാനത്തിന്റെ മധ്യഭാഗത്ത് ഒരു പോസ്റ്റ് കുഴിച്ചിട്ട് നാലു വശവും കോളാമ്പിയും, ട്യൂബ് ലൈറ്റും കെട്ടി നൂറ്റിഒന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സൈക്കിള്‍ യജ്ഞം ഉള്‍പ്പെടെയുളള വിവിധ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ഗോവിന്ദരാജിന്റെ സഹായിയായി നാഗേഷും കൂടി.

    ഇന്നത്തെപ്പോലെ സാധാരണക്കാരന് രസിക്കാന്‍ മിമിക്രിയോ ഗാനമേളയോ നാടന്‍ പാട്ടോ ഇല്ലാതിരുന്നതിനാല്‍ ജനം പാതിരാ വരെ സൈക്കിള്‍ യജ്ഞം കാണാന്‍ എത്തും വൈകിട്ട് നാലു മണി മുതല്‍കലാപരിപാടികളും ആരംഭിക്കും. ആ കലാപരിപാടിയുടെ മുഖ്യ സൂത്രധാരന്‍ നാഗേഷാണ്. പെണ്‍വേഷം കെട്ടി റെക്കാര്‍ഡ് ഡാന്‍സും അന്നത്തെ മലയാളം, തമിഴ് സിനിമയിലെ കോമഡി നടന്‍മാരായ എസ്.പി. പിള്ള, തങ്കവേലു, ചന്ദ്രബാബു, നാഗേഷ് തുടങ്ങിയവരുടെ ഡയലോഗുകള്‍ പറയുകയും, പ്രസിദ്ധനാടകഗാനങ്ങള്‍ക്കൊപ്പംസീനുണ്ടാക്കി അഭിനയിക്കുകയും ചെയ്തിരുന്നത് നാഗേഷായിരുന്നു. ‘അശ്വമേധം’ നാടകത്തിലെ ‘പാമ്പുകള്‍ക്ക് മാളമുണ്ട്…… എന്ന ഗാനത്തിനൊപ്പം കുഷ്ഠ രോഗിയുടെ വേഷമണിഞ്ഞ് നിറഞ്ഞാടുമ്പോള്‍ കൈയടിക്കൊപ്പം കാണികള്‍ നാണയത്തുട്ടുകള്‍ വാരി ഗ്രൗണ്ടിലേക്കെറിയുമായിരുന്നു.കരുനാഗപ്പള്ളി മാര്‍ക്കറ്റിലെ ചായക്കച്ചവടക്കാരനായ വരമ്പേലും ഹൈസ്‌കൂളിലെ ശിപായി ആയിരുന്ന നൂറിക്കായും നാഗേഷിനെ പ്രോല്‍സാഹിപ്പിക്കാന്‍ കൂടെ ഉണ്ടായിരുന്നു. ഗോവിന്ദ രാജിന്റെ സൈക്കിള്‍ യജ്ഞത്തെക്കാള്‍ ജനം കുടിയത് നാഗേഷിനെ കാണാനായിരുന്നു. സൈക്കിള്‍ യജ്ഞക്കാരന്‍ ആഹാരം കഴിക്കുന്നതും കുളിക്കുന്നതും സൈക്കിളില്‍ ഇരുന്നു തന്നെയായിരുന്നു. ഗോവിന്ദരാജിന്റെ സൈക്കിള്‍യജ്ഞ പരിപാടികള്‍ അവസാനിച്ചപ്പോള്‍ പതിമൂന്ന്കാരനായ നാഗേഷിനേയും കൊണ്ടാണ് അയാള്‍ കരുനാഗപ്പള്ളിയില്‍ നിന്ന് പോകുന്നത്. ഏഴ് വര്‍ഷക്കാലം ഗോവിന്ദ രാജിനൊപ്പം നാഗേഷ് പല സ്ഥലത്തും ചുറ്റിക്കറങ്ങി.ഇതിനിടെ പരിപാടിയില്‍ വലിയ മാറ്റം വരുത്തിയ നാഗേഷ് കാര്‍ തലമുടിയില്‍ കെട്ടിവലിക്കുക, ഒരാളെ കിടത്തി അയാളുടെ ദേഹത്ത് രണ്ടു സോഡാ കുപ്പി വെച്ചിട്ട് അതിന്റെ മുകളില്‍ സൈക്കിള്‍ ബാലന്‍സ് ചെയ്ത് നിര്‍ത്തി സൈക്കിളിന്റെ മുകളില്‍ കയറുന്ന പല വിദ്യകളും പല സ്ഥലത്തും കാണിച്ചപ്പോള്‍ കാണികളില്‍ പലരും ബോധംകെട്ടുവീണിട്ടുണ്ട്. പക്ഷേ നാഗേഷ് വീണില്ല.

    ഒരാഴ്ച വരെ സൈക്കിള്‍ യജ്ഞം നടത്താറുള്ള ആറ്റിങ്ങല്‍ ഗോപി, ,കരുനാഗപ്പള്ളി മാര്‍ക്കറ്റിലെ അന്തരിച്ച കെ ജി.ദാസ് ,മയ്യനാട് ഹനീഫ, കൊട്ടുകാട് നബീസ എന്നിവര്‍ക്കൊപ്പവും കലാപരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്.നാല് മക്കളാണ് നാഗേഷിന്.മൂന്ന് പെണ്‍മക്കളുടെയും, മകന്റെയും വിവാഹം കഴിഞ്ഞു.കരുനാഗപ്പള്ളി,നമ്പരുവികാല ,ചെന്നലത്ത റ വടക്കതില്‍ വീട്ടില്‍ ആണ് താമസം. കിടപ്പിലായ ഭാര്യയും നാഗേഷും മാത്രം.കരുനാഗപ്പള്ളി മാര്‍ക്കറ്റിലെ സി.ഐ.റ്റി.യു തൊഴിലാളിയായിരുന്നു നാഗേഷ്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മില്‍മയില്‍ സൈക്കിളില്‍ പാല്‍ കൊണ്ടു പോകുമ്പോള്‍ വിഴുകയും ശരിരത്തിന്റെ എല്ലൊടിഞ്ഞുഉള്ളില്‍ കമ്പി ഇട്ടനിലയിലാണ്. ദുരിതത്തിലായ നാഗേഷ് ആഹാരത്തിനും ,മരുന്നിനും പണം കണ്ടെത്താന്‍ ഭാഗ്യക്കുറി കച്ചവടവുമായി ഇറങ്ങിയിരുന്നു .

    ഇപ്പോള്‍ നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. കരുനാഗപ്പള്ളി സൗത്ത് കെ.എസ്.ഇ.ബി ഓഫീസ് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വൈദ്യുതിവകുപ്പ് മന്ത്രിയായിരുന്നപ്പോഴാണ്. അന്ന് പുതിയകാവില്‍ നിന്നും ജാഥ നയിച്ചാണ് മന്ത്രിയെ കരുനാഗപ്പള്ളിയിലേക്ക് കൊണ്ടുവരുന്നത്.ആ ജാഥക്ക് പെണ്‍വേഷം കെട്ടിയ നാഗേഷിന്റെ നൃത്തം ഹരമായിരുന്നു. ജിവിത പ്രാരാബ്ദങ്ങളുടെ നടുവില്‍ കഴിയുന്ന നാടന്‍ കലാകാരന് അവശകലാകാര പെന്‍ഷനെങ്കിലും കിട്ടുമോ എന്നത് നാഗേഷിന്റെ മുന്നില്‍ ചോദ്യചിഹ്നമായി നില്‍ക്കുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here