പൂഞ്ഞാര്‍: പ്ലാസ്റ്റിക്ക് കുപ്പികള്‍ നിക്ഷേപിക്കാന്‍ ബോട്ടില്‍ ബൂത്ത് സ്ഥാപിച്ച് പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത്. മാലിന്യ നിര്‍മാര്‍ജന ശുചിത്വ പരിപാലന രംഗത്ത് മികച്ച പ്രവര്‍ത്തനമാണ് ഗ്രാമപഞ്ചായത്ത് കാഴ്ച വയ്ക്കുന്നത്. വഴിയോരങ്ങളില്‍ വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക്ക്, ചില്ല് ബോട്ടിലുകള്‍ ഇതില്‍ നിക്ഷേപിക്കാം.
ബോട്ടിലുകള്‍ അലക്ഷ്യമായി റോഡിലേക്ക് വലിച്ചെറിയുന്നത് ശ്രദ്ധയില്‍പെട്ട പഞ്ചായത്ത് അധികൃതരാണ് ബോട്ടില്‍ ബൂത്തെന്ന ആശയം യാഥാര്‍ത്ഥ്യമാക്കിയത്. ലളിതമായി ബോട്ടിലുകള്‍ നിക്ഷേപിക്കാവുന്ന വിധത്തില്‍ ഇരുമ്പുകമ്പികള്‍ കൊണ്ടാണ് ബൂത്ത് നിര്‍മ്മിച്ചിരിക്കുന്നത്.
ആദ്യഘട്ടത്തില്‍ പഞ്ചായത്തിന്റെ പ്രധാന കേന്ദ്രങ്ങളിലും രണ്ടാം ഘട്ടത്തില്‍ എല്ലാ വാര്‍ഡുകളിലും സ്ഥാപിക്കും. ഇതില്‍ സംഭരിക്കുന്ന ബോട്ടിലുകള്‍ റീസൈക്ലിംഗ് യൂണിറ്റുകളിലേക്ക് കൈമാറുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമേഷ് ബി.വെട്ടിമറ്റം പറഞ്ഞു. ശുചിത്വ പൂഞ്ഞാര്‍ സുന്ദര പൂഞ്ഞാര്‍ പദ്ധതിയുടെ ഭാഗമായി വൃത്തിയുള്ള ചിന്ത, വൃത്തിയുള്ള പ്രവൃത്തി എന്ന സന്ദേശവുമായാണ് ബൂത്ത് സ്ഥാപിക്കുന്നത്. പൂര്‍ണമായ ജനകീയ സഹകരണത്തോടെയാണ് പദ്ധതി.ആദ്യ ബോട്ടില്‍ ബൂത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് രമേഷ് ബി.വെട്ടിമറ്റം നിര്‍വ്വഹിച്ചു. പഞ്ചായത്തംഗം സുബ്രഹ്മണ്യന്‍ പുത്തന്‍ കൈപ്പുഴ, ഗവ. എല്‍.പി.എസ് ഹെഡ്മിസ്ട്രസ് സജിമോള്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ എബി ഇമ്മാനുവല്‍, എസ്.എം.വി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here