മണ്ഡലകാലം വരവായി ഇടത്താവളങ്ങള്‍ ഒരുങ്ങുന്നു

0
42

കോട്ടയം: സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടവിവാദങ്ങള്‍ക്കിടയിലും അയ്യപ്പന്മാര്‍ക്ക്പരമാവധി സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള ശ്ര്ദ്ധയിലാണ് അധികൃതര്‍. വൈക്കം, ഏറ്റുമാനൂര്‍, തിരുനക്കര, എരുമേലി എന്നീക്ഷേത്രസങ്കേതങ്ങളാണ് ജില്ലയിലെ പ്രധാനഇടത്താവളങ്ങള്‍. പ്രളയം നാട്ടില്‍ പൊതുവായി ഒട്ടേറെ പ്രതിസന്ധികള്‍ സൃഷ്ടിച്ചു. അതിന്റെ ക്ഷീണം മാറിവരുന്നതേയുള്ള. ഇടത്താവളങ്ങളുടെ മുന്നൊരുക്കങ്ങളെയും ബാധിച്ചുവെന്നതില്‍ തര്‍ക്കമില്ല. എങ്കിലും വിവിധ സര്‍ക്കാര്‍ വകുപ്പുകളും ദേവസ്വം ബോര്‍ഡും യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നീക്കുകയാണ്.
ജില്ലയില്‍ ഏഴായിരത്തിലധികം അയ്യപ്പഭക്തര്‍ക്കു വിരി വയ്ക്കുന്നതിനു സൗകര്യമൊരുക്കി. നാലായിരത്തിലധികം ഭക്തര്‍ക്ക് അന്നദാനവും ക്ഷേത്രങ്ങളില്‍ ഒരുക്കി. കെഎസ്ആര്‍ടിസി സ്‌പെഷല്‍ സര്‍വീസുകള്‍ ഇന്നുതുടങ്ങും. വൈക്കം ക്ഷേത്രത്തിന്റെ ഊട്ടുപുരയില്‍ വിരിവയ്ക്കുന്നതിനു സൗകര്യമൊരുക്കും. അയ്യപ്പഭക്തര്‍ക്കു രാത്രിയില്‍ കഞ്ഞി നല്‍കും. 13 ശുചിമുറികളാണു ക്ഷേത്രത്തിലുള്ളത്. ക്ഷേത്രത്തിന്റെ വടക്കേനടയില്‍ പാര്‍ക്കിങ്ങിനു സൗകര്യമുണ്ട്.കടുത്തുരുത്തി തളിയില്‍ മഹാദേവക്ഷേത്രത്തിലെ ഓഡിറ്റോറിയത്തിലും കൊട്ടാരത്തിലും തീര്‍ഥാടകര്‍ക്കു വിരിവയ്ക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കി. 10 ശുചിമുറികളും ഒരുക്കിയിട്ടുണ്ട്.
ക്ഷേത്രക്കുളം വൃത്തിയാക്കുകയും സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുകയും ചെയ്തു. തീര്‍ഥാടകര്‍ക്കു വൈദ്യസഹായം നല്‍കുന്നതിന് ആരോഗ്യ വകുപ്പിന്റെ കൗണ്ടര്‍, ക്ഷേത്രറോഡിന്റെ ഇരുവശത്തും പാര്‍ക്കിങ് സൗകര്യം എന്നിവയും സജ്ജം.

മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തില്‍ ഒരേസമയം 1,500 തീര്‍ഥാടകര്‍ക്കു വിരിവയ്ക്കാനുള്ള സൗകര്യം ഒരുക്കും. 7 മുതല്‍ രാത്രി 10 വരെ തുടര്‍ച്ചയായി അന്നദാനം ഉണ്ടാവും.ഏറ്റുമാനൂര്‍ ക്ഷേത്രമൈതാനത്തു 400 പേര്‍ക്കും ദേവസ്വം ഓഡിറ്റോറിയത്തില്‍ 1,000 പേര്‍ക്കും വിരിവയ്ക്കാനുള്ള സൗകര്യമുണ്ട്. 36 ശുചിമുറികള്‍ക്കു പുറമേ 20 ജൈവ ശുചിമുറികളും സ്ഥാപിച്ചു.1,000 പേര്‍ക്കു സൗജന്യ അന്നദാനവും അത്താഴക്കഞ്ഞിയും നല്‍കും. ക്ഷേത്രമൈതാനത്തു വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. തീര്‍ഥാടകര്‍ക്കു വൈദ്യസഹായം നല്‍കുന്നതിനു നഗരസഭയുടെ നേതൃത്വത്തില്‍ ആയുര്‍വേദ, ഹോമിയോ, അലോപ്പതി വകുപ്പുകളുടെ സേവനവും ക്ഷേത്രമൈതാനത്ത് ഒരുക്കും.

തിരുനക്കര മഹാദേവക്ഷേത്ര മൈതാനത്തെ ഓഡിറ്റോറിയത്തില്‍ വിരിവയ്ക്കുന്നതിനു സൗകര്യമൊരുക്കും. ക്ഷേത്രത്തിലെത്തി ഇരുമുടിക്കെട്ടു നിറച്ചു പോകുന്നതിനു ഗുരുസ്വാമിമാരുടെ സേവനവും ലഭിക്കും. രാത്രി അന്നദാനമുണ്ട്.എരുമേലിയില്‍ 4 പാര്‍ക്കിങ് ഗ്രൗണ്ട്, എരുമേലി ക്ഷേത്രങ്ങളിലെ നാളികേരം, ശുചിമുറികള്‍ എന്നിവ മാത്രമാണ് ഇതുവരെ കരാറായത്. ദേവസ്വം ബോര്‍ഡ് വക സ്ഥലത്തെ കടകളുടെ ലേലം നടന്നിട്ടില്ല. എരുമേലിയില്‍ മണ്ഡലകാലത്തു കരാര്‍ നല്‍കുന്ന 66 ഇനങ്ങളില്‍ 23 എണ്ണം മാത്രമാണു ലേലത്തില്‍ പോയത്.എരുമേലിയില്‍നിന്നു കണമലയിലേക്കുള്ള എല്ലാ റോഡുകളും ഗതാഗതയോഗ്യമാക്കിയെങ്കിലും പുതിയ ദിശാസൂചകങ്ങള്‍ സ്ഥാപിച്ചിട്ടില്ല. കാഞ്ഞിരപ്പള്ളി – എരുമേലി പാതയില്‍ പട്ടിമറ്റത്തിനു സമീപം റോഡിന്റെ വശത്തെ സംരക്ഷണഭിത്തി പ്രളയകാലത്തെ മഴയില്‍ ഇടിഞ്ഞുതാഴ്ന്നതു പുനര്‍നിര്‍മിച്ചിട്ടില്ല. കെകെ റോഡ് റീടാര്‍ ചെയ്തു.

തീര്‍ഥാടകര്‍ക്കായി കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ പ്രത്യേക വിശ്രമമുറി ഒരുക്കി. ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍ നാളെ തുറക്കും. പ്രത്യേക ശുചിമുറി സൗകര്യം ഒരുക്കിയിട്ടില്ല. ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനില്‍ എല്ലാ സ്‌പെഷല്‍ ട്രെയിനുകള്‍ക്കും സ്റ്റോപ്പുണ്ട്. പ്രീപെയ്ഡ് ടാക്‌സി സൗകര്യം ഇല്ലാത്തതാണു പോരായ്മ.കോട്ടയം എരുമേലി പമ്പ റൂട്ടില്‍ 25 പുതിയ ബസ് സര്‍വീസുകള്‍ ആരംഭിക്കും.
11 ബസുകള്‍ കോട്ടയം ഡിപ്പോയില്‍ എത്തി. മറ്റു ബസുകള്‍ ഉടന്‍ എത്തും. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍ തുറന്നു. കോട്ടയത്തു തീര്‍ഥാടകര്‍ക്ക് അധിക ശുചിമുറി സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ല. വൈക്കം ഡിപ്പോയില്‍ അധിക സൗകര്യങ്ങള്‍ ഒന്നുമില്ല. രാവിലെ 6.30ന് ഒരു സര്‍വീസ് മാത്രമാണു വൈക്കത്തുനിന്നുള്ളത്.
അപകടങ്ങള്‍ തുടരുന്ന പൊന്‍കുന്നം പാലാ റോഡില്‍ സുരക്ഷാ സംവിധാനങ്ങളില്ല. അമിതവേഗത്തില്‍ വാഹനങ്ങള്‍ പോകുന്ന ഇവിടെ ക്യാമറകള്‍ സ്ഥാപിക്കാനുള്ള എസ്റ്റിമേറ്റ് റോഡ് സുരക്ഷ അതോറിറ്റിയുടെ ഫയലിലാണ്. ലോകനിലവാരത്തില്‍ നിര്‍മിച്ച പൊന്‍കുന്നം പാലാ റോഡ്, പാലാ ഏറ്റുമാനൂര്‍ റോഡ് എന്നിവ തീര്‍ഥാടനകാലം തുടങ്ങുന്നതോടെ തിരക്കിലാകും. ഗതാഗതക്കുരുക്കിലാണ് എംസി റോഡിലൂടെയുള്ള യാത്ര. നാഗമ്പടം പുതിയ മേല്‍പാലത്തിലും സെന്‍ട്രല്‍ ജംക്ഷനിലുമാണു തിരക്കു കൂടുതല്‍. നാഗമ്പടം പാലത്തിലെ ടാറിങ് പൂര്‍ത്തിയാകാത്തതിനാല്‍ ശക്തമായി പൊടി പാറുന്നതു യാത്രക്കാരെ ഏറെ വലയ്ക്കുന്നു. റോഡില്‍ കുഴികളില്ലെന്നതും കൃത്യമായ ദിശാബോര്‍ഡുകള്‍ സ്ഥാപിച്ചതും തീര്‍ഥാടകര്‍ക്ക് ആശ്വാസം.
കോട്ടയം സബ് ഡിവിഷനില്‍ ഏറ്റുമാനൂര്‍ , കോട്ടയം എന്നിവിടങ്ങളില്‍ ശബരിമല ഇടത്താവള ഡ്യൂട്ടിക്കായി സ്പെഷല്‍ പൊലീസ് ഓഫിസര്‍മാരെ നിയമിക്കും. വിമുക്തഭടന്‍മാര്‍, റിട്ട. പൊലീസ് ഉദ്യോഗസ്ഥര്‍, എന്‍സിസി കെഡറ്റ്, എക്‌സ് എന്‍സിസി കെഡറ്റുകള്‍ എന്നിവര്‍ ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡ് പകര്‍പ്പു സഹിതം കോട്ടയം ഡിവൈഎസ്പി ഓഫിസുമായി ബന്ധപ്പെടണം.
ഫോണ്‍: 04812564103, 9497961550.

LEAVE A REPLY

Please enter your comment!
Please enter your name here