പയ്യോളിയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി പിളര്‍പ്പിലേക്ക്; വിമത വിഭാഗം ജനറല്‍ ബോഡി 16ന്

0
16

പയ്യോളി: വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യോളി യൂണിറ്റ് പിളര്‍പ്പിലേക്ക്. പയ്യോളിയിലെ നേതൃത്വത്തോടുള്ള എതിര്‍പ്പും സംസ്ഥാന ജില്ലാ നേതൃത്വങ്ങളുടെ വ്യാപാരി വിരുദ്ധതയുമാണ് സംഘടനയെ പിളര്‍പ്പിലേക്ക് നയിച്ചതെന്നാണ് വിമത നേതാക്കള്‍ പറയുന്നത്. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ രൂപീകരിച്ച് പ്രവര്‍ത്തനം തുടരാനാണ് ഇവരുടെ തീരുമാനം. ഇത് സംബന്ധിച്ച് 16ന് ചേരുന്ന ജനറല്‍ ബോഡി തീരുമാനമെടുക്കും.മാസങ്ങളായി സംഘടനയ്ക്കുള്ളില്‍ ഉടലെടുത്ത പ്രശ്‌നങ്ങളാണ് പിളര്‍പ്പിലേക്ക് നയിച്ചത്. ദീര്‍ഘകാലം വിവിധ ഭാരവാഹിത്വങ്ങതിലിരിക്കുകയും സംഘടനയെ നയിച്ചവരുമായ പഴയ മുന്‍നിര നേതാക്കളാണ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ രൂപീകരിച്ച് മുന്നോട്ട് പോകുന്നത്. ആശയ വിനിമയത്തിനായി വോയിസ് ഓഫ് പയ്യോളി എന്ന പേരില്‍ ഒന്നര മാസം മുമ്പ് വാട്‌സ് ആപ്പ് കൂട്ടായ്മയും ഇവര്‍ രൂപീകരിച്ചിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് നടന്ന ഏകദിന ഉപവാസ സമരത്തിലും ഇവര്‍ പങ്കെടുത്തില്ലെന്ന് പറയുന്നു. ഈ സമരം വ്യാപാരികളെയും തൊഴിലാളികളേയും വിഡ്ഢികളാക്കാനായിരുന്നെന്നും ഇത് നേരത്തേയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് ഇവര്‍ മാറി നിന്നത്. പരിപാടി ഉദ്ഘാടനം ചെയ്തത് സംസ്ഥാന പ്രസിഡണ്ട് ടി.നസിറുദ്ദീനായിരുന്നു.
പേരാമ്പ്ര റോഡിലെ ട്രാഫിക് പരിഷ്‌കരണം കച്ചവടക്കാരെ പ്രത്യക്ഷമായി ബാധിച്ചിട്ടും നേതൃത്വം ഒരു നടപടിയുമെടുക്കാത്തതും വ്യാപാരികളെ പ്രകോപിപ്പിച്ചിട്ടുണ്ട്. അതോടൊപ്പം മുന്‍ധാരണയില്ലാതെ പരിപാടി സംഘടിപ്പിച്ച് സംഘടനയ്ക്ക് ബാങ്കിലുണ്ടായിരുന്ന കരുതല്‍ നിക്ഷേപം പോലും നഷ്ടപ്പെടുത്തിയതായും ഇത് നേതൃത്യത്തിന്റെ പിടിപ്പുകേടാണെന്നും ഇവര്‍ ആരോപിക്കുന്നു. നേതൃത്വത്തിന്റെ കെടുകാര്യസ്ഥതയിലും ധൂര്‍ത്തിലും അമര്‍ഷമുള്ളവരാണ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ രൂപീകരണത്തിന് പിന്നിലെന്നും വിമത നേതാക്കള്‍ പറഞ്ഞു.ഇരുന്നൂനൂറോളം വ്യാപാരികളാണ് പയ്യോളിയിലുള്ളത്. ഇതില്‍ ഭൂരിപക്ഷം വ്യാപാരികളുടെ പിന്തുണയുണ്ടെന്നാണ് വിമതര്‍ അവകാശപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here