സി.ജെയുടെ കാതല്‍

0
20

എം.കെ. ഹരികുമാര്‍

ഒഴുക്കിനൊത്ത് ഒഴുകുന്നവരാണ് അധികവും. എന്നാല്‍ ചിലപ്പോഴെങ്കിലും, താനാരാണെന്ന് ഓര്‍ക്കുന്ന ഘട്ടത്തിലെങ്കിലും, ഒഴുക്കിനെ വകവയ്ക്കാതെ എതിര്‍ദിശയിലേക്ക് നീന്തേണ്ടിവരും. മൂല്യവിചാരമുള്ള എഴുത്തുകാരുടെ കാര്യത്തില്‍ ആരെയും അലോസരപ്പെടുത്താതെ, സുഖനിദ്രയിലുള്ള ഒഴുക്ക് ദുരന്തമായി കലാശിക്കും. എല്ലാ സംഘങ്ങള്‍ക്കും പൊതുമതങ്ങള്‍ക്കും സമാന്തരമായോ, അവയില്‍ നിന്ന് അല്പം അകലം പാലിച്ചോ ഒഴുകേണ്ടത്, ആത്മീയമായ നിലവാരത്തിന്റെ പ്രശ്‌നമാണ്. വേറിടുക എന്നത് സാഹിത്യത്തിലെങ്കിലും അനിവാര്യതയാണ്. നൃത്തം ചെയ്യുന്നവര്‍ക്ക് മനോധര്‍മ്മം പ്രകടിപ്പിക്കാമെങ്കിലും, സ്വാതന്ത്ര്യമില്ല. അവര്‍ ഒരു താളത്തിന്റെ ആവര്‍ത്തനത്തെ ശരീരത്തില്‍നിന്ന് വിട്ടുപോകാതെ സൂക്ഷിക്കാന്‍ ബാധ്യസ്ഥരാണ്. സി.ജെ. തോമസിന്റെ ‘ഇവന്‍ എന്റെ പുത്രന്‍’ എന്ന പുസ്തകത്തിന്റെ പുതിയ പതിപ്പ് ഇപ്പോള്‍ വായിച്ചതേയുള്ളൂ. സി.ജെയ്ക്ക് ആദരവ് അര്‍പ്പിച്ചുകൊണ്ട് തയ്യാറാക്കിയ ഗ്രന്ഥമാണിത്. (പ്രസാ: മാളുബന്‍) ലേഖനങ്ങളില്‍ പരാമര്‍ശിച്ചു പോകുന്ന പാശ്ചാത്യനാമങ്ങളുടെ വിശദീകരണം പുസ്തകത്തിന്റെ ഒടുവില്‍ ചേര്‍ത്തത് അതിനു തെളിവാണ്.

1953-ലാണ് സി.ജെയുടെ ഈ ‘പ്രിയപുത്രന്‍’ യാത്ര തുടങ്ങിയത്. അതിനും വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതിയതാണിതെല്ലാം. ചില വിഷയങ്ങളിലുള്ള അഭിപ്രായങ്ങള്‍ക്ക് മാറ്റം വന്നിട്ടുണ്ടെങ്കിലും, അത് സത്യസന്ധമാണെന്നും അതില്‍ നിന്ന് കുറച്ചെങ്കിലും വെളിച്ചം കിട്ടാതിരിക്കില്ലെന്നും അദ്ദേഹം അറിയിക്കുന്നുണ്ട്.
സി.ജെ. ഇന്നൊരു ബിംബമാണ്. അതിനെ യഥാര്‍ത്ഥ മൂല്യത്തില്‍ ഉള്‍ക്കൊള്ളാന്‍ വിസമ്മതിക്കുന്നവരേറെയുണ്ടെങ്കിലും, ഒരു സ്വതന്ത്രചിന്തകനായി അദ്ദേഹം നിലനിന്നു എന്നത് അംഗീകരിക്കാതെ തരമില്ല. ഒരിടത്തും ഉറച്ചിരിക്കാന്‍ പറ്റാത്തവിധം ചിന്തയുടെ ലഹരിയില്‍ അകപ്പെടുക എന്നത് ഏകാന്തതയുടെ നല്ല ലക്ഷണമാണ്. ഇന്നത്തെ കവികളെപ്പോലെ കൂട്ടുംകൂടി, തോളില്‍ കയ്യിട്ട് നടന്ന് ഒരുപോലെ ചിന്തിക്കുന്നതില്‍ അര്‍ത്ഥമില്ല. മറ്റ് എഴുത്തുകാരോടൊപ്പമാണെങ്കിലും സ്വന്തം ചിന്ത എന്ന പ്രലോഭനത്തിലേക്ക് ഉയരണം. സ്വയം എരിഞ്ഞുതീരാനുള്ള തീയാണത്. അവനവന്റെ ഒറ്റപ്പെടലിനെ ഒരാത്മാലോചനയുടെ വസന്തമാക്കി പുനരാഖ്യാനം ചെയ്യാന്‍ കഴിവുള്ളവര്‍ക്കേ അതിനു കഴിയൂ. സി.ജെയെ മനസിലാക്കാന്‍ കഴിവില്ലാത്തവര്‍ ഇപ്പോള്‍ ആ പേരില്‍ രക്ഷപ്പെടുകയാണ്.

സി.ജെയുടെ വ്യക്തിഗതമായ വിചാരങ്ങളാണ് പ്രിയപുത്രനെ ശക്തനാക്കുന്നത്. പലതും ഇപ്പോഴും പ്രസക്തമാണ്. ആഴത്തില്‍ പഠിക്കുകയോ ദീര്‍ഘമായി വിവരിക്കുകയോ അല്ല ഇവിടെ അദ്ദേഹം ചെയ്യുന്നത്. സ്വയം ബോധ്യപ്പെടുന്നതിനും കൂട്ടമായി ചിന്തിക്കുന്നവരില്‍ നിന്ന് അല്പം അകലം പാലിക്കുന്നതിന്റെ സുഖം കെട്ടുപോകാതിരിക്കുന്നതിനും ഒരാളുടെ ബുദ്ധിപരമായ വിശപ്പുകൊണ്ടെഴുതിയ വാക്യങ്ങളാണിതിലുള്ളത്. എന്നാല്‍ മലയാള സാഹിത്യവും അതിന്റെ പ്രണേതാക്കളും ഈ പുസ്തകത്തോട് അത്ര വലിയ താല്പര്യമൊന്നും കാണിച്ചിട്ടില്ല. കാരണം, എന്തിന്റെയെങ്കിലും വാലല്ലാതെ, ഒറ്റയ്ക്ക് നിന്ന് ആത്മവികാരത്തിന്റെ വാളുകൊണ്ട് ജീവിക്കാനുറച്ചവര്‍ ഈ നാട്ടില്‍ കുറവാണല്ലോ. 1953-ല്‍ ആദ്യ പതിപ്പി ഇറങ്ങിയ ‘പ്രിയപുത്രന്’ ഒരു രണ്ടാം പതിപ്പ് വന്നത് 1965-ലാണ്; അതും സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിലൂടെ.

സാമൂഹ്യ, സാംസ്‌കാരിക മണ്ഡലങ്ങളിലെ ധൈഷണികമായ അനാചാരങ്ങളെക്കുറിച്ചും സാമാന്യമായ ജ്ഞാനോദയങ്ങള്‍ക്കുവേണ്ടി ഏകാകികള്‍ കുരിശിലേറിയിട്ടാണെങ്കിലും ചെയ്യുന്ന വിപ്ലവകരമായ ഭാഷണത്തെക്കുറിച്ചുമാണ് ഇതിലെ ലേഖനങ്ങളില്‍ പ്രതിപാദിക്കുന്നത്. മഹാനായ കേസരിയെ സാംസ്‌കാരിക ബുദ്ധിജീവികള്‍ മുഖ്യമായും തെറി പറയുകയാണ് ചെയ്തതെന്ന് സി.ജെ. കുറ്റപ്പെടുത്തുന്നു. അന്ധതയുടെ പ്രതിഷേധമാണ് ജ്ഞാനത്തിനുള്ള പ്രശംസാപത്രമെന്ന് സി.ജെ. തുടര്‍ന്നെഴുതുന്നു. അത് കുറേക്കൂടി ഉച്ചത്തില്‍ സമര്‍ത്ഥിക്കുന്നത് ഇങ്ങനെയാണ്: ”നിലനില്പു ലഭിച്ച ഏത് ചിന്താഗതിയും മതമായിത്തീരും, ഏത് മതവും ജ്ഞാനത്തിനൊരതിരുവയ്ക്കും. അതിനപ്പുറമുള്ളതിനെയെല്ലാം ആ മതത്തിന്റെ പുരോഹിതന്മാര്‍ ശപിക്കുകയും ചെയ്യും. റഷ്യന്‍കവി മയക്കോവ്‌സ്‌കിയെ സി.ജെ. വിലയിരുത്തുന്നതിന് സ്വാഭാവികതയുണ്ട്. രണ്ടുപേര്‍ക്കും ചില പൊരുത്തങ്ങളൊക്കെയുണ്ട്. പാര്‍ട്ടിക്കുവേണ്ടി ഒരുപാട് വരയ്ക്കുകയും എഴുതുകയും ചെയ്തു മയക്കോവ്‌സ്‌കി. പക്ഷേ, പാര്‍ട്ടി അംഗമായില്ല. അദ്ദേഹം പാര്‍ട്ടി നേതാക്കളുടെ സാഹിത്യപരമായ ശാസനകളെ വകവച്ചില്ല എന്നത് ഒരു വൈരുദ്ധ്യമായി തോന്നാം. അദ്ദേഹത്തില്‍ പ്രത്യശാസ്ത്രമുണ്ടായിരുന്നെങ്കിലും കുത്തഴിഞ്ഞ് ജീവിക്കാനായിരുന്നു വിധി. അദ്ദേഹം ഒരു സമസ്യയായിരുന്നു. മയക്കോവ്‌സ്‌കി യുവതികളുടെ പിറകേ നടന്ന് സമയം പാഴാക്കിയെന്ന് സി.ജെ. എഴുതുന്നത് അദ്ദേഹത്തെ സ്‌നേഹിച്ചുകൊണ്ടാണ്. എത്രയൊക്കെ വളര്‍ന്നെങ്കിലും ആ കവി തന്റെ ലോകത്ത് ഒറ്റപ്പെട്ടു; ആത്മഹത്യ ചെയ്തു. ആത്മഹത്യാക്കുറിപ്പില്‍ ഇങ്ങനെ എഴുതി: ”പ്രേമനൗക ദൈനംദിന ജീവിതത്തിന്റെ പാറമേല്‍ മുട്ടിത്തകര്‍ന്നു. ഞാന്‍ ജീവിതത്തിന്റെ കണക്കുതീര്‍ത്തു. വിമര്‍ശനം പാഴാണ്; ദുഃഖങ്ങള്‍, ദൗര്‍ഭാഗ്യങ്ങള്‍, പരസ്പര ദ്രോഹങ്ങള്‍ എന്നിവയും.”
മയക്കോവ്‌സ്‌കി ഒരു മനുഷ്യന്റെ ദൗര്‍ബല്യങ്ങളെല്ലാമുള്ള കവിയായിരുന്നു. അത് യാഥാര്‍ത്ഥ്യമാണെങ്കില്‍ ചങ്ങമ്പുഴയ്ക്കും ആത്മഹത്യ ചെയ്ത ഇടപ്പള്ളിക്കും അങ്ങനെ ആയിക്കൂടെ എന്നാണ് സി.ജെയുടെ ചോദ്യം.

സി.ജെയ്ക്ക് രാഷ്ട്രീയമുണ്ടായിരുന്നെങ്കിലും അതിലൊന്നിലും ഗാഢമായി വിശ്വസിച്ചില്ല. തനിക്ക് എപ്പോഴും വലിച്ചെറിയാവുന്ന കൂടാരങ്ങള്‍ മാത്രമാണ് അദ്ദേഹം അന്വേഷിച്ചത്. ഒരു കാര്യം വ്യക്തമാണ്; കമ്മ്യൂണിസം അദ്ദേഹത്തെ വല്ലാതെ പ്രലോഭിപ്പിക്കുകയും ഉലയ്ക്കുകയും ചെയ്തിട്ടുണ്ട്. ഒരു ഭാഗത്ത് സാമൂഹ്യമനുഷ്യനാകാനും അതിനു ഗതി കാണിച്ചുകൊടുക്കാനുമുള്ള പ്രേരണയുണ്ടാവുന്നു, മറുവശത്ത് താന്‍ ജീവിച്ചിരിക്കുന്നതുകൊണ്ടാണ് ഈ പ്രപഞ്ചമുള്ളതെന്നും അതുകൊണ്ട് ആദ്യത്തേത് തന്റെ അസ്തിത്വത്തെ അംഗീകരിക്കുക എന്നതാണെന്നും സ്ഥാപിക്കുന്ന വ്യക്തിവാദവും. ഇത് സി.ജെയുടെ സംഘര്‍ഷ ബിന്ദുവായിരുന്നു. വ്യക്തി എന്ന വാക്ക് ഉപയോഗിക്കുന്നതിനെ ഒരു മഹാപാതകമായി കാണുന്ന സാമൂഹ്യവാദത്തെ ഉള്‍ക്കൊള്ളാന്‍ പ്രായസമാണെന്ന് ‘ഞാന്‍’ എന്ന ലേഖനത്തില്‍ എഴുതുന്നുണ്ട്. വ്യക്തിയായിരിക്കാന്‍ താത്പര്യപ്പെടുന്ന സി.ജെയില്‍ സമൂഹത്തിന്റെ പ്രകമ്പനങ്ങളുമുണ്ട്. പക്ഷേ, ഔദ്യോഗികമായ ചിന്താപദ്ധതികളോട് ഒത്തൊരുമിച്ച് പോകാന്‍ കഴിയാത്ത സഹജമായ വിയോജിപ്പ്, പ്രതിഷേധം ഈ എഴുത്തുകാരനെ വിടാതെ പിന്തുടരുന്നുണ്ട്. അതാണ് സി.ജെയുടെ കാതല്‍. സൗന്ദര്യമല്ല, വ്യക്തിയുടെ ഉയിര്‍പ്പാണ് അദ്ദേഹത്തിനു പ്രധാനമെന്നത് വിമര്‍ശിക്കപ്പെടാവുന്നതാണ്. മനുഷ്യന്റെ പരിശുദ്ധി നശിപ്പിച്ചുകൊണ്ടുള്ള ആദര്‍ശലോകത്തെ അദ്ദേഹം തള്ളിക്കളയുന്നു.
എങ്കിലും സി.ജെ. ഒരു പ്രണയിയാണ്. പ്രേമമില്ലെങ്കില്‍ മനുഷ്യന്‍ ജീര്‍ണിക്കുമെന്ന നിലപാടാണുള്ളത്. പ്രേമത്തിന്റെ കാര്യത്തില്‍ കേരളത്തിന്റെ പാരമ്പര്യം വളരെ വൃത്തികെട്ടതാണെന്ന് അദ്ദേഹം പറയുന്നുണ്ട്. സ്‌നേഹമാണഖിലസാരമൂഴിയില്‍ എന്ന ആശാന്‍ തത്ത്വം താന്‍ ഉച്ചത്തില്‍ വിളിച്ചു പറയുമെന്നും പ്രഖ്യാപിക്കുന്നു. ഈ പുസ്തകത്തിലെ മനോഹരമായ ലേഖനം ‘പ്രേമം ഒരു സിദ്ധിയാണ്’ എന്നതാണ്. പ്രേമം മനുഷ്യത്വമാണ്. പ്രേമം വിമോചനമാണ്. അതിനെ, പക്ഷേ ഉള്‍ക്കൊള്ളാന്‍ നമ്മുടെ സമുദായം വളര്‍ന്നിട്ടില്ല എന്ന പ്രസ്താവം അടുത്തകാലത്ത് കേരളത്തില്‍ നടന്ന ദുരഭിമാനക്കൊലയുടെ പശ്ചാത്തലത്തില്‍ പരിശോധിക്കേണ്ടതാണ്. ”ഏതെങ്കിലും ഒരു പുരുഷനും സ്ത്രീയും തമ്മില്‍ പ്രേമമാണെന്ന വര്‍ത്തമാനം ഇന്ന് അപവാദങ്ങളുടെ പട്ടികയിലാണ്‌പെടുന്നത്” എന്ന് അദ്ദേഹം തുറന്നെഴുതുന്നു.
ഒരു ആധുനിക മനുഷ്യനെ സ്വപ്നം കണ്ടുകൊണ്ടാണ് സി.ജെ. ചിന്തിച്ചതും എഴുതിയതും. പുനരാലോചനകളിലൂടെ, മനുഷ്യരെ അവരുടെ ഉന്നതമായ സിദ്ധികളിലേക്കും സംസ്‌കാരത്തിലേക്കും എത്തിക്കുന്നതിനാണ് അദ്ദേഹം പ്രയത്‌നിച്ചത്. അതാണ് സി.ജെയുടെ പ്രസക്തി. സി.ജെ. ഒരാശ്രയ കേന്ദ്രമല്ല; ഒരാശയത്തെ സമീപിക്കാനുള്ള മാര്‍ഗമാണ്.

ചങ്ങമ്പുഴയെ സി.ജെ. മാനിക്കുന്നത് പ്രേമകവിതകളെഴുതിയതിന്റെയും ജനകീയതയുടെയും അടിസ്ഥാനത്തിലാണ്. എന്നാല്‍ കുറേക്കൂടി ആശയപരമായ ഔന്നത്യവും ദാര്‍ശനികതയും കവിതയില്‍ വരുന്നത് സി.ജെക്ക് ഉള്‍ക്കൊള്ളാന്‍ പ്രയാസമാകുന്നപോലെ തോന്നുന്നു. അദ്ദേഹത്തിന്റെ വിലയിരുത്തല്‍ ദുര്‍ബലമാകുന്നുണ്ടെങ്കില്‍, അതിനു കാരണം കലയില്‍ സൗന്ദര്യത്തിനാണ് ഏറ്റവും പ്രാധാന്യം എന്ന തത്ത്വത്തില്‍ നിന്ന് അകന്നുപോകുന്നതുകൊണ്ടാണ്. ഉത്തമകല സാധാരണക്കാരന് മാനസിലാകുന്നില്ലെന്നും അത് കലയിലെ രണ്ടാമത്തെ നിലവാരമാണെന്നും അഭിപ്രായപ്പെടുന്നത് ഇതുകൊണ്ടാണ്. ”ഉദാഹരണമായി ആശാന്റെ കവിതകളെടുക്കാം. സാധാരണക്കാരനു മനസിലാക്കാന്‍ വിഷമമുള്ളവയാണവ” എന്ന നിലപാടിനോട് യോജിക്കാനാവില്ല. ആശാന്‍ സൃഷ്ടിച്ച ജീവിത മുഹൂര്‍ത്തങ്ങള്‍ അനന്യമാണ്. അസാധാരണവും ദര്‍ശനപരവുമാണ്. കവിതയുടെ പ്രമേയം, സാമൂഹ്യതലം, ആത്മീയതലം എന്നീ മൂന്നു മേഖലകളിലും ആശാന്‍ നവോത്ഥാനമുണ്ടാക്കിയത് സി.ജെ. കാണുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here