വില്വാദ്രിനാഥ ക്ഷേത്രത്തില്‍ പുനര്‍ജ്ജനി നൂഴല്‍ 19ന്

0
165

തിരുവില്വാമല: വില്വാദ്രിനാഥ ക്ഷേത്രത്തില്‍ പുനര്‍ജ്ജനി നൂഴല്‍ 19ന് നടക്കും. നൂഴല്‍ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ വില്വാമലയില്‍ പുരോഗമിക്കുന്നു. ക്ഷേത്രത്തില്‍ നിന്നും മൂന്ന് കിലോമീറ്ററോളം കിഴക്ക് മാറിയാണ് പുനര്‍ജ്ജനി ഗുഹ സ്ഥിതി ചെയ്യുന്നത്. മലയിലെ ഒരു പാറയിടുക്കിലൂടെ നൂറ് മീറ്ററോളം നീളമുള്ള ഒരു പ്രകൃതിദത്ത തുരങ്കമാണ് പുനര്‍ജ്ജനി ഗുഹ. തിരുവില്വാമല ശ്രീ വില്വാദ്രിനാഥ ക്ഷേത്ര ഐതിഹ്യങ്ങളും ആചാരങ്ങളുമായി പുനര്‍ജ്ജനി ഗുഹ ബന്ധപ്പെട്ടു കിടക്കുന്നു. ഈ തുരങ്കത്തിന്റെ ഒരറ്റത്തു നിന്നും മറ്റേ അറ്റത്തേയ്ക്ക് നൂഴല്‍ നടത്തിയാല്‍ എല്ലാ പാപങ്ങളും കഴുകിക്കളഞ്ഞ് പുനര്‍ജ്ജന്മം സംഭവിക്കുന്നു എന്നാണ് വിശ്വാസം.ശ്രീപരശുരാമന്‍ 21 പ്രാവശ്യം ലോകം ചുറ്റി കൊന്നൊടുക്കിയ ക്ഷത്രിയരുടെ പ്രേതങ്ങള്‍ക്ക് വീണ്ടും ജന്മമെടുത്ത് പാപനിഗ്രഹം ചെയ്യാന്‍ പറ്റാത്തതിനാല്‍ ദേവഗുരു ബൃഹസ്പതിയുടെ ഉപദേശ പ്രകാരം വിശ്വകര്‍മ്മാവ് പണി കഴിച്ചതാണ് ഈ ഗുഹയെന്നാണ് പുരാണം.
പരശുരാമന്‍ 101 തവണ പുനര്‍ജ്ജനി നൂണ്ട് പാപമോചനം നേടിയിട്ടുണ്ടെന്നും പറയപ്പെടുന്നു.പുരുഷന്മാര്‍ക്കു മാത്രമേ നൂഴല്‍ നടത്തുവാന്‍ അനുവാദം ഉള്ളൂ എങ്കിലും സ്ത്രീകളും കുട്ടികളും ഗുഹ സന്ദര്‍ശിക്കുവാന്‍ എത്താറുണ്ട്. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം വൃശ്ചിക മാസത്തിലെ വെളുത്തപക്ഷ ഏകാദശി നാളിലാണ് (ഗുരുവായൂര്‍ ഏകാദശി ദിവസത്തില്‍) ഇവിടെ നൂഴല്‍ നടക്കുക.
പുലര്‍ച്ചെ നാലിന് ക്ഷേത്രത്തില്‍ ശ്രീരാമ ലക്ഷ്മണ സ്വാമിമാരുടെ നടതുറന്ന് നെയ് വിളക്ക് കത്തിച്ച് ക്ഷേത്രശാന്തിയായ ഇളയിടത്ത് മനയ്ക്കല്‍ കേശവന്‍ നമ്പൂതിരിയുടെയും ദേവസ്വം മാനേജരുടെയും നേതൃത്വത്തില്‍ പുനര്‍ജനി ഗുഹാമുഖത്തേക്കുള്ള പ്രത്യേക പൂജകള്‍ക്കായി ശംഖു നാദത്തിന്റെയും കുത്തുവിളക്കിന്റെയും അകമ്പടിയോടെ പുറപ്പെട്ട് ഗണപതി തീര്‍ത്ഥം വഴി ഗുഹാമുഖത്തെത്തും. പത്മമിട്ട് പ്രത്യേക പൂജകള്‍ക്കു ശേഷം നെല്ലിക്ക ഉരുട്ടി ആരതി തെളിച്ച ശേഷമാണ് പുനര്‍ജനി നൂഴല്‍ ആരംഭിക്കുന്നത്. മൂന്നു പതിറ്റാണ്ടായി ആദ്യം ഗുഹയില്‍ പ്രവേശിക്കുന്ന പാറപ്പുറത്ത് ചന്തുവും, ക്ഷേത്ര ജീവനക്കാരുമാണ് ആദ്യംനൂഴുന്നത്. നൂഴലിനു ശേഷം പുനര്‍ജനിയിലെ അത്ഭുത പ്രതിഭാസമായ പാപനാശിനി തീര്‍ത്ഥം ഭക്തജനങ്ങള്‍ സേവിക്കും. പുനര്‍ജനിയോടു ചേര്‍ന്നു കിടക്കുന്ന കൊമ്പു തീര്‍ത്ഥം, കുളമ്പ് തീര്‍ത്ഥം, അമ്പു തീര്‍ത്ഥം എന്നിവയും അതിവിശിഷ്ടമാണ്.
അന്നേദിവസം വില്വാദ്രിനാഥ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളും രാവിലെ എട്ടിന് തിരുവില്വാമല ഗോപി, തിരുവില്വാമല ഹരി എന്നിവരുടെ നേതൃത്വത്തില്‍ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ശീവേലിയും ഉണ്ടാകും. പുനര്‍ജ്ജനി നൂഴുന്നതിന് ആവശ്യമായ ടോക്കണുകള്‍ ഞായറാഴ്ച വൈകിട്ട് നാല് മുതല്‍ വില്വാദ്രിനാഥ ക്ഷേത്രത്തില്‍ നിന്നും ഒരാള്‍ക്ക് ഒന്നു വീതം ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here