ഹര്‍ത്താലില്‍ തൃശൂരില്‍ പരക്കെ അക്രമം; ജനജീവിതം സ്തംഭിപ്പിച്ചു, വാഹനങ്ങള്‍ തടഞ്ഞു

0
4
വടക്കാഞ്ചേരി കരുമത്രയില്‍ വാഹനങ്ങള്‍ തടഞ്ഞ ബി.ജെ.പി പ്രവര്‍ത്തകരെകൊണ്ട് തന്നെ തടസങ്ങള്‍ പോലീസ് എടുത്തുമാറ്റിപ്പിക്കുന്നു.

തൃശൂര്‍: ശബരിമലയില്‍ കെ.പി. ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മ്മ സമിതിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജനജീവിതം സ്തംഭിപ്പിച്ചു. കെ.എസ്.ആര്‍.ടി.സി ബസുകളും സ്വകാര്യ ബസുകളും സര്‍വീസ് നടത്തിയില്ല.
ചാലക്കുടി, പേരാമംഗലം, വിയ്യൂര്‍, കുന്നംകുളം, വടക്കാഞ്ചേരി എന്നിവിടങ്ങളില്‍ ഹര്‍ത്താലനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. പേരാമംഗലത്ത് വാഹനങ്ങള്‍ തടഞ്ഞ ഹര്‍ത്താല്‍ അനുകൂലികളെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.
വടക്കാഞ്ചേരി കരുമത്രയില്‍ വാഹനങ്ങള്‍ തടഞ്ഞ ബി.ജെ.പി പ്രവര്‍ത്തകരെകൊണ്ട് തന്നെ റോഡില്‍ സ്ഥാപിച്ച തടസങ്ങള്‍ പോലീസ് നീക്കംചെയ്യിപ്പിച്ചു. ചാലക്കുടിയില്‍ കെ.എസ്.അര്‍.ടി.സി ബസ് തടഞ്ഞ 5 ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
അറസ്റ്റില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ ചാലക്കുടി പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. കയ്പറമ്പില്‍ കടകളടപ്പിക്കാന്‍ ശ്രമിച്ച ഏതാനും പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇരിങ്ങാലക്കുടയില്‍ ശനിയാഴ്ച്ച നടത്താനിരുന്ന റവന്യു ജില്ലാ സ്‌കൂള്‍ ശാസ്ത്രമേള തിങ്കളാഴ്ചയിലേക്ക് മാറ്റി. കുടാതെ വിവിധ പരീക്ഷകളും മാറ്റിവച്ചു. അപ്രതീക്ഷിത ഹര്‍ത്താലിനെ തുടര്‍ന്ന് റെയില്‍വേ സ്റ്റേഷന്‍ ബസ് സ്റ്റാന്റുകള്‍ എന്നിവിടങ്ങളില്‍ എത്തിയവര്‍ കുടുങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here