തിരിച്ചുവരുമോ നാടന്‍ രുചിക്കൂട്ടുകള്‍

0
12

പോള്‍സണ്‍ താം

വീട്ടില്‍ ചുട്ടെടുത്ത കശുവണ്ടി പരിപ്പും തൊടിയില്‍ നിന്നും പറിച്ചെടുത്ത പച്ച മുളകും കൂട്ടത്തില്‍ സ്വല്‍പ്പം ചിരകിയ തേങ്ങയും ഉണ്ടായാല്‍ നല്ല ഒരു നാടന്‍ രുചിക്കൂട്ടിന്റെ ചേരുവകളായി. ഈ ചേരുവ അമ്മിയില്‍ അരച്ചെടുത്ത് അല്‍പ്പം വെളിച്ചെണ്ണയും ചേര്‍ത്താല്‍ കൊതിയൂറുന്ന ചമ്മന്തി റെഡ്ഡി.

ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് കേരളത്തില്‍ വന്ന നമ്മുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ രുചിയുടെ മായാലോകത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോയ ഒരു കേരളീയ വിഭവമുണ്ട് – തേങ്ങാ ചാറില്‍ പുഴുങ്ങിയെടുത്ത കപ്പ. ഏതൊരു കേരളീയനും എളുപ്പം തയ്യാറാക്കാന്‍ കഴിയുന്ന ഒരു രുചി വിഭവം.

മുന്‍പ് നമ്മുടെ വീടുകളില്‍ ഉണ്ടാക്കിയിരുന്ന കറിമസാലകളുടെ രുചിയും മണവും ഇന്ന് പാക്കറ്റുകളില്‍ ലഭിക്കുന്ന കറിമസാല കൂട്ടുകള്‍ക്കില്ല. ഗ്രാമ്പൂ, കറുവപ്പട്ട, കുരുമുളക്, പെരുംജീരകം ഇവയൊക്കെ ചേര്‍ത്ത് അന്നുണ്ടാക്കിയിരുന്ന കറിമസാല കളുടെ മണം ഒന്നു വേറെ തന്നെയാണ്.

കല്‍ച്ചട്ടിയിലോ, മണ്‍ചട്ടിയിലോ പച്ച/ഉണക്ക കുരുമുളക് അരച്ച് നമ്മുടെ വീട്ടമ്മമാര്‍ തയ്യാറാക്കിയിരുന്ന മത്തിക്കറിയുടെ രുചി ടേസ്റ്റിംഗ് പൗഡറിട്ട് തയ്യാറാക്കുന്ന ഇന്നത്തെ ഫിഷ് മോളിക്ക് പോലുമില്ല. മല്ലിയും മുളകും തേങ്ങയും വറുത്ത് അതോടൊപ്പം ഗ്രാമ്പുവും, പട്ടയും, ഇഞ്ചിയും, കുരുമുളകും, പെരുംജീരകവും ചേര്‍ത്ത് അമ്മിയില്‍ അരച്ചു ചേര്‍ത്തുണ്ടാ ക്കുന്ന ഈ മസാല ഉപയോഗിച്ചുള്ള ഇറച്ചിക്കറിക്കും ഒരു പ്രത്യേക മണവും ഗുണവും ഉണ്ട്. ഓരോ കേരളീയനും അവകാശപ്പെട്ട പൈതൃക നന്മയാണിത്.

ഇഞ്ചിയും മുളകും ഉള്ളിയും തേങ്ങയും ചേര്‍ത്തുള്ള ഇഞ്ചിച്ചമ്മന്തി ഒരിക്കല്‍ കഴിച്ചാല്‍ പിന്നീടതിന്റെ രുചി ഒരിക്കലും മറക്കില്ല. ബേക്കിംഗ് പൗഡറും കൃത്രിമ എസ്സെന്‍സുകളും നമ്മുടെ മേല്‍പ്പറഞ്ഞ പൈതൃക രുചികളെ ഇന്ന് പടിയിറക്കിയിരിക്കു കയാണ്. രുചിക്കൂട്ടുകളിലെ നമ്മുടെ ഈ പൈതൃക നഷ്ടം ഒരു വലിയ വിനയാണ്. ഇതുമൂലം കച്ചവട ലാഭത്തിനു വേണ്ടിയുള്ള മായം ചേര്‍ത്ത ഭക്ഷണ പദാര്‍ത്ഥങ്ങളാണ് ഇന്ന് നമുക്ക് കഴിക്കേണ്ടി വരുന്നത്. ഇത് ഭക്ഷിക്കുന്ന അമ്മമാരുടെ മുലപ്പാലില്‍ പോലും വിഷാംശം കണ്ടെത്തിക്കഴിഞ്ഞു എന്നിട്ടും നാം പഠിച്ചില്ല.

വായിച്ചറിഞ്ഞതുകൊണ്ടും നേരില്‍ കണ്ടതുകൊണ്ടും ഒരു നിമിഷത്തെ താല്‍ക്കാ ലിക രുചിയെ വേണ്ടെന്നുവയ്ക്കാന്‍ നാം ഇനിയും തയ്യാറായിട്ടില്ല. ഇന്നും നമ്മുടെ തീന്‍മേശകളിലെ കൂള്‍ഡ്രിങ്ക്‌സുകളില് പലതും ആരോഗ്യത്തിന് ഹാനികരമായ കെമിക്കല്‍ കൂട്ടുകളാണ്. വൈവിധ്യ രുചികളിലൂടെ നമ്മെ സന്തോഷിപ്പിക്കുന്ന അവ അധികം താമസിയാതെ തന്നെ വൈവിധ്യ രോഗങ്ങളിലൂടെ നമ്മെ ദുഃഖിപ്പിക്കുകയും ചെയ്യുന്നു.

മനുഷ്യന് നല്ല രുചിയും പൂര്‍ണ്ണ ആരോഗ്യവും നല്‍കാനുള്ള പ്രകൃതിയുടെ വരദാനമാണ് ഇളനീര്‍. എന്നാല്‍ ഒരു പുതുരുചി ആകര്‍ഷണീയമായി മുന്നിലെത്തിയ പ്പോള്‍ നമ്മില്‍ പലരും ഇളനീരിനെ തഴഞ്ഞു. പുതു പദാര്‍ത്ഥത്തെ നെഞ്ചോടു ചേര്‍ത്തു. ലസ്സി എന്ന ആ പുതു പദാര്‍ത്ഥത്തിന്റെ നിര്‍മാണരീതിയും പരിസരവും മനുഷ്യനെ നിത്യരോഗിയാക്കാന്‍ പര്യാപ്തമായിരുന്നു എന്ന പത്രവാര്‍ത്ത പക്ഷെ, നമ്മെ ഞെട്ടിച്ചു.

നമ്മുടെ പൈതൃക രുചികളെ നാം കൈവിട്ടതിന്റെ ദുരന്തം എത്രത്തോളമെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം. ആകര്‍ഷണീയമായി നമുക്ക് മുന്നിലെത്തുന്ന രുചിക്കൂട്ട് പാക്കറ്റുകളില്‍ മറഞ്ഞിരിക്കുന്ന ആപല്‍ക്കാരികളായ രോഗങ്ങളെക്കുറിച്ച് നാം തിരിച്ചറിവ് നേടേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു എന്ന സത്യത്തിലേക്കാണിത് വിരല്‍ ചൂണ്ടുന്നത്. എന്തായാലും ഒരു കാര്യം തീര്‍ച്ച, രുചിക്കൂട്ടുകളിലെ പൈതൃക നഷ്ടം നമുക്ക് ഒരു വിന തന്നെയാണ്. അതുകൊണ്ടുതന്നെ നാം നമ്മുടെ പൈതൃക മണത്തി ലേക്കും രുചിയിലേക്കും തിരിച്ചു നടക്കേണ്ടിയിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here