ലൈഫ് ഭവന പദ്ധതിയുടെ നിബന്ധന വിനയായി; കനത്ത മഴയില്‍ വീട് പൂര്‍ണമായും തകര്‍ന്നു; ആറംഗ കുടുംബം ഒറ്റമുറി വീട്ടില്‍

0
8

പ്രിന്‍സ് ജയിംസ്

നെടുങ്കണ്ടം: നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് 15 -ാം വാര്‍ഡിലെ ആശാരികണ്ടം തടത്തരികത്ത് പുത്തന്‍വീട്ടില്‍ ബാബുവിനും ഭാര്യ മാലതിയും കഴിഞ്ഞ 15 വര്‍ഷമായി ഗ്രാമപഞ്ചായത്തില്‍ നിന്നുള്ള ഭവന നിര്‍മ്മാണ പദ്ധതിക്ക് ഇവര്‍ അപേക്ഷ നല്‍കി വരികയാണ്. മൂന്ന് വര്‍ഷം മുമ്പ് ഗ്രാമസഭയില്‍ ഭവനനിര്‍മ്മാണ പദ്ധതി ലിസ്റ്റില്‍ ഒന്നാമത് എത്തിയെങ്കിലും ലൈഫ് പദ്ധതി വന്നതോടെ ഇത് 21 ആയി മാറി. ബാബുവും മാലതിയും രോഗികളാണ്. പരസഹായമില്ലാതെ ബാബുവിന് നടക്കാനും സാധിക്കില്ല.
25 സെന്റില്‍ താഴെ സ്ഥലമുള്ളവര്‍ക്കാണ് ലൈഫ് പദ്ധതിയില്‍ വീട് നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ സഹായം നല്‍കുന്നത്. ബാബുവിനാകട്ടെ 29 സെന്റ് സ്ഥലമുണ്ട്. ഈ ഒറ്റക്കാരണത്താലാണ് ഇവര്‍ ഇത്തവണ പദ്ധതിയില്‍ നിന്നും പുറത്തായത്. ഇവര്‍ക്ക് നിയമത്തില്‍ ഇളവ് വരുത്തി വീട് അനുവദിക്കണമെന്ന് വില്ലേജ് അധികൃതരോടും പഞ്ചായത്ത് സെക്രട്ടറിയോടും പലതവണ ആവശ്യപ്പെട്ടിരുന്നതായി വാര്‍ഡ് മെമ്പര്‍ കെ.എന്‍ തങ്കപ്പന്‍ പറഞ്ഞു.
വീടിനായുള്ള ഇവരുടെ കാത്തിരിപ്പ് നീളുന്നതിനിടെ അഞ്ച് ദിവസം മുമ്പുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ഉണ്ടായിരുന്ന വീടും പൂര്‍ണമായും തകര്‍ന്നു. മൂന്ന് മുറികളുള്ള വീട് തകര്‍ന്നതോടെ തൊട്ടടുത്തായി ഉണ്ടായിരുന്ന അടുക്കളയിലാണ് ഇപ്പോള്‍ ഇവര്‍ താമസിക്കുന്നത്. ഇവര്‍ക്കൊപ്പം മകനും ഭാര്യയും രണ്ട് കുട്ടികളും ഉണ്ട്. എല്ലാവരും വീടിന് പുറത്തായിരുന്ന സമയത്താണ് വലിയ ശബ്ദത്തോടെ വീട് ഇടിഞ്ഞുവീണത്. ആറുപേര്‍ അടങ്ങുന്ന കുടുംബം നിന്ന് തിരിയാന്‍ ഇടമില്ലാത്ത ഒറ്റമുറിയില്‍ കഴിയുകയാണ്. അധികാരികള്‍ ഇനിയെങ്കിലും കരുണ കാട്ടണമെന്നാണ് ഇവരുടെ പ്രാര്‍ത്ഥന.

LEAVE A REPLY

Please enter your comment!
Please enter your name here