വനിതകള്‍ക്ക് കൂടുതല്‍ ലോണ്‍ ലഭ്യമാക്കുന്നതിന് പദ്ധതികളുമായി സംസ്ഥാനസര്‍ക്കാര്‍

0
3

കൊച്ചി : വനിതകള്‍ക്ക് കൂടുതല്‍ ലോണ്‍ ലഭ്യമാക്കുന്നതിന് കേരള സംസ്ഥാന വനിത വികസന കോര്‍പറേഷന് 40 കോടി രൂപയുടെ സര്‍ക്കാര്‍ ഗ്യാരന്റി കൂടി അധികമായി അനുവദിക്കാന്‍ സാമൂഹ്യനീതി വകുപ്പ് അനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. എന്‍.ബി.സി.എഫ്.ഡി.സി.യില്‍ നിന്നും കൂടുതല്‍ തുക ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഗ്യാരന്റി നല്‍കുന്നത്.

ദേശീയ ധനകാര്യ കോര്‍പ്പറേഷനുകളില്‍ നിന്നും വായ്പയെടുക്കുന്നതിലേക്ക് നാളതു വരെ 140 കോടി രൂപയുടെ ഗ്യാരന്റി മാത്രമാണ് സ്ഥാപനത്തിനുണ്ടായിരുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 210.56 കോടി രൂപയുടെ അധിക ഗ്യാരന്റി കോര്‍പ്പറേഷന് അനുവദിച്ചു നല്‍കി. ഉയര്‍ന്ന സര്‍ക്കാര്‍ ഗ്യാരന്റിയിലൂടെ കോര്‍പ്പറേഷന്റെ പ്രവര്‍ത്തന മേഖലയില്‍ നിര്‍ണായക മുന്നേറ്റമുണ്ടാക്കാനും കൂടുതല്‍ സ്ത്രീകള്‍ക്ക് മിതമായ നിരക്കില്‍ സ്വയം തൊഴില്‍ വായ്പ ലഭ്യമാക്കാനും സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ മുപ്പത് വര്‍ഷങ്ങളായി കേരളത്തിലെ സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം മുന്‍ നിര്‍ത്തി പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനമാണ് കേരള സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്‍. വിവിധ ദേശീയ ധനകാര്യ കോര്‍പ്പറേഷനുകളുടെയും സംസ്ഥാന സര്‍ക്കാരിന്റെയും സ്വയം തൊഴില്‍ വായ്പാ ചാനലൈസിംഗ് ഏജന്‍സി കൂടിയാണ് വനിത വികസന കോര്‍പറേഷന്‍. സംസ്ഥാന സര്‍ക്കാരിന്റെയും ദേശീയ ധനകാര്യ കോര്‍പ്പറേഷനുകളുടെയും സഹായത്തോടെ വിവിധ വിഭാഗത്തിലുള്ള സ്ത്രീകള്‍ക്ക് ലളിതമായ വ്യവസ്ഥകളില്‍ കുറഞ്ഞ പലിശയ്ക്ക് സ്വയം സംരംഭക വായ്പകള്‍ കാലങ്ങളായി സ്ഥാപനം നല്‍കി വരുന്നു.2018-19 സാബത്തിക വര്‍ഷത്തില്‍ നാളിതുവരെ സര്‍ക്കാരിന്റെ പദ്ധതി നടത്തിപ്പിലൂടെയും വായ്പാ വിതരണത്തിലൂടെയും 3023 പേര്‍ക്ക് 79.31 കോടി രൂപയുടെ വിവിധ രീതിയിലുള്ള സേവനമെത്തിക്കാന്‍ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here