ആദിവാസി കുടുംബങ്ങള്‍ക്ക് കാല്‍ലക്ഷത്തിന്റെ കറന്റ് ബില്‍, കുടിശിക നോട്ടീസ്

0
17

മംഗലംഡാം: നിത്യവൃത്തിക്ക് വഴിയില്ലാതെ പാറപ്പുറത്തെ ഒറ്റമുറിക്കുള്ളില്‍ കഴിയുന്ന കടപ്പാറ മൂര്‍ത്തിക്കുന്നിലെ ആദിവാസി കുടുംബങ്ങള്‍ക്ക് കാല്‍ലക്ഷം രൂപവരെയുള്ള കറന്റ് ബില്‍. കുടിശിക നാലുദിവസത്തിനുള്ളില്‍ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബിയുടെ നോട്ടീസും ലഭിച്ചു.

കെഎസ്ഇബി മുടപ്പല്ലൂര്‍ സെക്ഷന്‍ ഓഫീസില്‍നിന്നും ഇത്തരത്തിലുള്ള നോട്ടീസ് ലഭിച്ചതെന്ന് ആദിവാസികള്‍ പറഞ്ഞു. പലിശയടക്കം പത്താം തീയതിക്കുള്ളില്‍ തുക അടച്ചില്ലെങ്കില്‍ കണക്ഷന്‍ സ്ഥിരമായി വിച്ഛേദിക്കുകയും മീറ്ററും വയറും മറ്റും അഴിച്ചെടുക്കുകയും ചെയ്യുമെന്നാണ് നോട്ടീസില്‍ പറയുന്നത്.
വൈദ്യുതിബോര്‍ഡിന് കിട്ടാനുള്ള തുക ഈടാക്കുവാന്‍ റവന്യൂ റിക്കവറി നടപടിയും സ്വീകരിക്കുമെന്നാണ് നോട്ടീസിലെ ഭീഷണി. 17981 എന്ന കണ്‍സ്യൂമര്‍ നമ്പറുള്ള കോളനിയിലെ വാസുവിന് 22,167 രൂപ അടയ്ക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് ലഭിച്ചിട്ടുള്ളത്.

ഇത്തരത്തില്‍ 26 ആദിവാസി കുടുംബങ്ങള്‍ക്കാണ് നോട്ടീസ് നല്കിയിട്ടുള്ളത്. ചില കുടുംബങ്ങള്‍ക്ക് ഇത് കാല്‍ലക്ഷം രൂപ വരെയുണ്ട്. ഒറ്റമുറിപോലെ കുടുസുവീടുകളില്‍ രണ്ടോ മൂന്നോ ബള്‍ബ് മാത്രമാണ് ഇവര്‍ കത്തിക്കുന്നത്. മറ്റു വൈദ്യുതോപകരണങ്ങള്‍ ഒന്നും തന്നെയില്ല. മീറ്റര്‍ തകരാറും വൈദ്യുതീകരണത്തിലെ അപാതകളും എല്ലാ വീടിനുമുണ്ട്.
അതുമാത്രമല്ല ആറുവര്‍ഷംവരെയുള്ള വൈദ്യുതി കുടിശിക ഒന്നിച്ച് ആവശ്യപ്പെടാനുള്ള കാരണം എന്താണെന്നാണ് ആദിവാസികള്‍ ചോദിക്കുന്നത്. എന്തുകൊണ്ട് ഇത്രകാലം ബില്‍ കുടിശികയെക്കുറിച്ച് അറിയിക്കാതിരുന്നതെന്നും ഇവര്‍ ചോദിക്കുന്നു.
എന്നാല്‍ വീടുകള്‍ക്കുള്ള വൈദ്യുതി കണക്ഷന്‍ മാത്രമേ സൗജന്യമുള്ളുവെന്നും രണ്ടുമാസം കൂടുമ്പോഴുള്ള കറണ്ട് ബില്‍ ഓരോ ഉപഭോക്താവും അടയ്ക്കണമെന്നുമാണ് കെഎസ്ഇബി മുടപ്പല്ലൂര്‍ സെക്ഷനിലെ അധികൃതര്‍ പറയുന്നത്.
ഇതിനുമുമ്പും ഈവിധം കുടിശിക വന്നപ്പോള്‍ പട്ടികവര്‍ഗ വകുപ്പുതന്നെ എവിടെനിന്നോ ഫണ്ട് കണ്ടെത്തി ബില്‍ കുടിശിക അടച്ചിരുന്നു. എന്നാല്‍ ഇക്കുറി അതുണ്ടായില്ല. 33 ബില്ലുകളാണ് ഓരോ കുടുംബങ്ങളും അടയ്ക്കാനുള്ളത്.
ഇവരെല്ലാം ഉയര്‍ന്നതോതിലാണ് വൈദ്യുതി ഉപയോഗിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. ഇതിനാല്‍ ഇരുപതു യൂണിറ്റിനു താഴെയുള്ള ഉപഭോഗം എന്ന നിലയില്‍ സൗജന്യ വൈദ്യുതി പദ്ധതിയിലും ആദിവാസികളെ ഉള്‍പ്പെടുത്താന്‍ കഴിയില്ലത്രേ. ഭീമമായ കറന്റ് ബില്‍ കുടിശിക അടയ്ക്കാന്‍ തവണ വ്യവസ്ഥ അനുവദിക്കാന്‍ മാത്രമേ നിര്‍വാഹമുള്ളൂവെന്നുമാണ് അധികൃതരുടെ വിശദീകരണം.
എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഇടപെട്ട് പത്തുതവണ വരെയാക്കി ബില്‍തുക അടയ്ക്കാന്‍ അനുമതി നല്കാനാകുമെന്നു പറയുന്നു.എന്തായാലും നോട്ടീസിനെതിരേ വലിയ പ്രതിഷേധമാണ് ആദിവാസികളില്‍ ഉയര്‍ന്നിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here