മലാക്ക തീപിടുത്തം: മരണസംഖ്യ മൂന്നായി; ചികിത്സയിലായിരുന്ന പിതാവും മരണമടഞ്ഞു

0
2

വടക്കാഞ്ചേരി: ഒരു നാടിന്റെ മുഴുവന്‍ പ്രാര്‍ത്ഥനകള്‍ വിഫലമാക്കി ഒടുവില്‍ ആ യുവാവും ഈ ലോകത്തോട് വിട പറഞ്ഞു. തെക്കുംകര പഞ്ചായത്തിലെ മലാക്കയില്‍ അഗ്‌നി ബാധയേറ്റ് ചികിത്സയിലായിരുന്ന ആച്ചം കോട്ടില്‍ വീട്ടില്‍ ഡാന്റെഴ്‌സ് ജോ (46) ആണ് ആശുപത്രിയില്‍ വച്ച് മരണമടഞ്ഞത്.
ഡിസംബര്‍ ആറിന് വീടിന് തീപിടിച്ച ദുരന്തത്തില്‍ ഡാന്റെഴ്‌സിന്റെ രണ്ടു മക്കള്‍ മരണമടഞ്ഞിരുന്നു. മക്കളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് യുവാവിന് ഗുരുതരമായി പരുക്കേറ്റത്.
എഴുപതു ശതമാനം പൊള്ളലേറ്റ ഡാന്റേഴ്‌സിനെ ആറാം തിയ്യതി രാത്രിയാണ് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും, പരിക്ക് ഗുരുതരമായിരുന്ന തിനെ തുടര്‍ന്ന് എറണാകുളത്തേക്ക് മാറ്റുകയും ചെയ്തത്.
തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.പാചക വാതക ചോര്‍ച്ചയെ തുടര്‍ന്ന് ആറാം തിയ്യതി രാത്രി പത്തു മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്.
തീ പൊള്ളലേറ്റ് ഡാന്റേഴ്‌സ് ജോയുടെ ഒന്നര വയസ്സുള്ള ഇളയ മകള്‍ സെലസ്മിയ, ഏഴുവയസ്സുള്ള മകന്‍ ഡാന്‍ ഫിലിസ്, എന്നിവര്‍ തല്‍ക്ഷണം മരിച്ചിരുന്നു. ഡാന്റേഴ്‌സ് ജോയുടെ ഭാര്യ ബിന്ദുവിന് 30 ശതമാനം പൊള്ളലേറ്റിരുന്നു. ഇവര്‍ ഇപ്പോള്‍ അപകട നില തരണം ചെയ്തിട്ടുണ്ട്.
മൂത്ത മകള്‍ സലസ്‌നിയ പരിക്കുകള്‍ ഇല്ലാതെ രക്ഷപ്പെട്ടിരുന്നു.കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യാണ് ഡാന്റേഴ്‌സ് ജോക്ക് പൊള്ളലേറ്റത്. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്നാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.
എറണാകുളത്ത് നിന്ന് മൃതദേഹം മുളങ്കുന്നത്തു കാവ് മെഡിക്കല്‍ കോളേജില്‍ എത്തിച്ച ശേഷം പോസ്റ്റുമോര്‍ട്ടം നടത്തി. ഇന്ന് മൂന്ന് മണിക്ക് മച്ചാട് സെന്റ് ആന്റണീസ് പള്ളിയില്‍ സംസ്‌ക്കാരം നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here