തിരുവനന്തപുരം വിമാനത്താവളം സിയാല്‍ മാതൃകയില്‍ ഏറ്റെടുക്കാന്‍ തയ്യാര്‍: മുഖ്യമന്ത്രി

0
6

നെടുമ്പാശേരി: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനുപകരം സംസ്ഥാന സര്‍ക്കാരിന് വിട്ടുതന്നാല്‍ നെടുമ്പാശേരി വിമാനത്താവളമാതൃകയില്‍ രാജ്യത്തെ മികച്ച വിമാനത്താവളമാക്കി മാറ്റാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ നവീകരിച്ച ഒന്നാം ടെര്‍മിനലിന്റെ ഉദ്ഘാടനവും സൗരോര്‍ജ്ജ ഉത്പാദന ശേഷി 40 മെഗാവാട്ടായി ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ശരിയായ വിധത്തില്‍ പ്രവര്‍ത്തിച്ചാല്‍ ഏതൊരു പദ്ധതിയും മികച്ചതാക്കിമാറ്റാമെന്നതിന്റെ ഉത്തമമാതൃകയാണ് സിയാല്‍.

സിയാലില്‍ 100 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ നിക്ഷേപമായി നല്‍കിയത്. എന്നാല്‍ ലാഭവിഹിതമായി ഇതിനോടകം 230 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് ലഭിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. സാമൂഹ്യപ്രതിബദ്ധതയുടെ കാര്യത്തിലും സിയാല്‍ വളരെ മുന്‍പന്തിയിലാണ്. പ്രളയാനന്തരമുളള കേരള പുനര്‍നിര്‍മ്മാണത്തിനായി സിയാല്‍ പത്ത് കോടി രൂപയാണ് സംഭാവനയായി നല്‍കിയത്. ഇത് കൂടാതെ സിയാല്‍ ജീവനക്കാര്‍ ചേര്‍ന്ന് 2 കോടിയോളം രൂപ നല്‍കിയതായും അദ്ദേഹം പറഞ്ഞു.ചടങ്ങില്‍ മന്ത്രി വി.എസ്.സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. മന്ത്രി കടകംപളളി സുരേന്ദ്രന്‍,കെ.വി.തോമസ് എം.പി,
എം.എല്‍.എമാരായ അന്‍വര്‍സാദത്ത്, റോജി എം.ജോണ്‍, മുന്‍ എം.പി പി.രാജീവ്, ജി.സി.ഡി.എ ചെയര്‍മാന്‍ വി.സലീം, അങ്കമാലി നഗരസഭാ ചെയര്‍മാന്‍ എം.എ.ഗ്രേസി, നെടുമ്പാശേരി പഞ്ചായത്ത് പ്രസിഡണ്ട് മിനിഎല്‍ദോ, ശ്രീമൂലനഗരം പഞ്ചായത്ത് പ്രസിഡണ്ട് അല്‍ഫോണ്‍സ വര്‍ഗീസ്, കാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എം.പി.ലോനപ്പന്‍, സിയാല്‍ ഡയറക്ടര്‍മാരായ എം.എ.യൂസഫലി, ഇ.എം.ബാബു, സി.വി.ജേക്കബ്, കെ.റോയ്‌പോള്‍, എ.കെ.രമണി, സിയാല്‍ എം.ഡി. വി.ജെ.കുര്യന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ.എം.ഷബീര്‍, എയര്‍പോര്‍ട്ട് ഡയറക്ടര്‍ ഏ.സി.കെ.നായര്‍, നെടുമ്പാശേരി പഞ്ചായത്തംഗം എം.വി.റെജി തുടങ്ങിയവര്‍ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here