പൂവാലിതോട് ചീര്‍പ്പ് അടക്കാന്‍ പലകയില്ല; കോണ്‍ക്രീറ്റ് പാലവും അപകടത്തില്‍

0
25
കോടാലിപ്പാടം പൂവാലി തോട്ടിലെ ചീര്‍പ്പിന്റെ ചോര്‍ച്ചതടയാന്‍ കര്‍ഷകര്‍ പലകയില്‍ പ്ലാസ്റ്റിക് പായവിരിക്കുന്നു.

കൊടകര: മറ്റത്തൂര്‍ പഞ്ചായത്തിലെ പൂവാലിതോട്ടില്‍ സ്ഥാപിച്ചിരിക്കുന്ന ചീര്‍പ്പ് തടയണ അടക്കുന്ന പലകള്‍ ദ്രവിച്ചതിനാല്‍ കര്‍ഷകര്‍ ദുരിതത്തിലായി. ചീര്‍പ്പ് സ്ഥാപിക്കുന്നതിനായി നിര്‍മിച്ച കോണ്‍ക്രീറ്റ് പാലവും കാലപ്പഴക്കത്താല്‍ അപകടാവസ്ഥയിലാണ്.
നിരവധി കാല്‍നട യാത്രക്കാരും വാഹനങ്ങളും ഇതിലൂടെ നിത്യേന പോകുന്ന പാലമാണ് അപകടഭീഷണിയിലായിരിക്കുന്നത്. പൂവാലിത്തോട്ടില്‍ സ്ഥാപിച്ച ചീര്‍പ്പ് പലക വച്ച് അടച്ചാണ് പഞ്ചായത്തിലെ വലിയ പാടശേഖരമായ കോടാലിപ്പാടത്തെ നെല്‍കൃഷിക്കാവശ്യമായ വെള്ളമെത്തിക്കുന്നത്.
65 ഏക്കര്‍ വരുന്ന കോടാലിപ്പാടത്തിന്റെ പകുതിയോളം സ്ഥലത്തെ കര്‍ഷകര്‍ ഇവിടെ നിന്നുള്ള വെള്ളമാണ് ജലസേചനത്തിനായി ഉപയോഗിക്കുന്നത്. ചീര്‍പ്പിന്റെ ഭൂരിഭാഗം പലകകളും ദ്രവിച്ചതോടെ കൃഷിക്കാവശ്യമായ വെള്ളം ശേഖരിക്കാനാകാതെ ചോര്‍ന്ന് പോകുകയാണ്.
മഴ കുറഞ്ഞതോടെ വെള്ളിക്കുളം വലിയതോടിന്റെ ശാഖയായ പൂവാലി തോട്ടിലെ നീരൊഴുക്കും കുറഞ്ഞു. ഇതോടെ കൃഷിക്കാവശ്യമായ വെള്ളം ലഭിക്കാത്ത അവസ്ഥയിലായി.
തടഞ്ഞുനിര്‍ത്തുന്ന വെള്ളം ദ്രവിച്ച പലകകള്‍ക്കിടയിലൂടെ ഒഴുകാതിരിക്കാന്‍ കര്‍ഷകര്‍ ചേര്‍ന്ന് പ്ലാസ്റ്റിക് പായവിരിച്ചാണ് മുണ്ടകന്‍ കൃഷിക്ക് വെള്ളമെത്തിക്കുന്നത്.
20 വര്‍ഷത്തിലേറെയായി ഉപയോഗിക്കുന്ന പലക ചീര്‍പ്പ് മാറ്റി ഷട്ടര്‍ സ്ഥാപിക്കണമെന്ന് കോടാലിപ്പാടം നെല്ലുല്പാദക സമിതി സെക്രട്ടറി തോമസ് ഇഞ്ചക്കുഴിയില്‍ ആവശ്യപ്പെട്ടു. വലിയതോട് നവീകരണത്തിനായി അനുവദിച്ച ഒരു കോടിയിലുള്‍പ്പെടുത്തി പൂവാലിത്തോട് ചീര്‍പ്പിന്റെ പാലം പുതുക്കിപ്പണിയണമെന്ന് കോടാലിപ്പാടത്തെ നെല്ലുല്പാദക സമിതി അംഗങ്ങള്‍ ആവശ്യപ്പെട്ടു.

 

LEAVE A REPLY

Please enter your comment!
Please enter your name here