തകര്‍ന്ന കനാല്‍ നന്നാക്കിയില്ല; കൃഷിയിറക്കിയ കര്‍ഷകര്‍ ദുരിതത്തിലായി

0
6
അയിലൂര്‍ മണലൂര്‍ചള്ളയില്‍ കുന്നിടിഞ്ഞ് കനാല്‍ തകര്‍ന്ന നിലയില്‍.

ആലത്തൂര്‍: തകര്‍ന്ന കനാല്‍ നന്നാക്കുമെന്ന അധികൃതരുടെ വാക്ക് വിശ്വസിച്ച് രണ്ടാം വിള നെല്‍കൃഷിയിറക്കിയ കര്‍ഷകര്‍ ദുരിതത്തിലായി. അയിലൂര്‍ കൃഷിഭവനു കീഴിലെ കൊടിക്കരിമ്പ്, പുത്തന്‍ചള്ള, ഒലിപ്പാറ പാടശേഖരങ്ങളിലെ കര്‍ഷകരാണ് വെള്ളം കിട്ടാതെ നെല്‍കൃഷി ഉണക്കു ഭീഷണിയിലായത്.

ആഗസ്റ്റ് 16 നുണ്ടായ കനത്ത മഴയിലാണ് പോത്തുണ്ടി ജലസേചന പദ്ധതിയിലെ കല്‍ച്ചാടി ബ്രാഞ്ച് കനാലിലേക്ക് മണലൂര്‍ചള്ളയില്‍ കുന്നിടിഞ്ഞ് കനാല്‍ തകര്‍ന്നത്. 300 മീറ്ററിലധികം ദുരം പാറക്കല്ലുകളും, മരങ്ങളും വീണ് കനാലിന്റെ കോണ്‍ക്രീറ്റ് ഭിത്തിയുള്‍പ്പെടെ തകര്‍ന്നുപോയി. കനാലിനു സമാന്തരമായി ചാലെടുത്ത് വെള്ളം കൊണ്ടുപോവാനുള്ള ശ്രമം നടത്തിയെങ്കിലും ഇപ്പോഴും മണ്ണിടിച്ചില്‍ തുടരുന്നതിനാല്‍ ചാലും മണ്ണിടിഞ്ഞു. ഇതിനിടെ രണ്ടാം വിളയ്ക്ക്
വെള്ളമെത്തുമെന്ന പ്രതീക്ഷയില്‍ നടീലും, വിതയും നടത്തിയത്. എന്നാല്‍ പോത്തുണ്ടി അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്നുവെങ്കിലും ഈ ഭാഗത്തേക്ക് വെള്ളം കിട്ടാത്ത സ്ഥിതിയാണ്.

ഇതുമൂലം മൂന്ന് പാടശേഖരങ്ങളിലായി മൂന്നുറേക്കര്‍ നെല്‍കൃഷി ഉണക്ക ഭീഷണിയിലാണ്. കനാലിലെ മണ്ണ് അടിയന്തിരമായി നന്നാക്കി വെള്ളം എത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പാടശേഖര സമിതി ഭാരവാഹികളായ മൂസക്കുട്ടി, കെ.വി.മുഹമ്മദ്, ഇ.യൂസഫ് എന്നിവര്‍ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here