ഓഹരിവിപണി ചാഞ്ചാട്ടങ്ങള്‍ക്ക് ഒടുവില്‍ നേട്ടത്തിലേക്ക്

0
4

കെ ബി ഉദയ ഭാനു

ആഭ്യന്തരവിദേശ ധനകാര്യസ്ഥാപനങ്ങള്‍ മുന്‍ നിരയിലെയും രണ്ടാം നിരയിലെയും ഓഹരികളില്‍ വില്‍പ്പനയ്ക്ക് ഉത്സാഹിച്ചിട്ടും ഇന്ത്യന്‍ മാര്‍ക്കറ്റ് വന്‍ ചാഞ്ചാട്ടങ്ങള്‍ക്ക് ഒടുവില്‍ പ്രതിവാര നേട്ടത്തിലേയ്ക്ക് പ്രവേശിച്ചു. ബോംബെ സൂചിക 290 പോയിന്റ്റും നിഫ്റ്റി 111 പോയിന്റ്റും വര്‍ദ്ധിച്ചു.

ക്രൂഡ് ഓയില്‍ ഉല്‍പാദനം കുറക്കുമെന്ന ഒപ്പെക്ക് പ്രഖ്യാപനവും എണ്ണ വില ഉയരുമെന്ന ആശങ്കയും രൂപയുടെ മൂല്യ തകര്‍ച്ചയും പൊതു തിരഞ്ഞെടുപ്പ് ഫലങ്ങളും വിപണിയെ ബാധിച്ചു. ഇതിനിടയില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ രാജി വിപണിയില്‍ കരിനിഴല്‍ വീഴ്ത്തി.

വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ പിന്നിട്ടവാരം 2,067 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു. ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ 153 കോടി രൂപയുടെ ഓഹരികളും വിറ്റു.
മുന്‍ നിരയിലെ പത്തില്‍ അഞ്ച് കന്പനികളുടെ വിപണി മുല്യത്തില്‍ 42,513 കോടി രൂപയുടെ വര്‍ദ്ധന. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് മുന്നില്‍. എച്ച്ഡിഎല്‍, ഐടിസി, ഇന്‍ഫോസിസ്, മാരുതി സുസുക്കി എന്നിവയുടെ വില ഉയര്‍ന്നു. എസ്ബിഐയുടെ വിപണി മൂലധനം 12,271.31 കോടി രൂപ ഉയര്‍ന്നു. ഇന്‍ഫോസിസിന്റെ വിപണി മൂലധനം 10,724.92 കോടി രൂപ ഉയര്‍ന്നു. മാരുതി സുസുക്കി മാരുതി 10,270.73 കോടി രൂപ വര്‍ധിച്ചു. ഹിന്ദുസ്ഥാന്‍ യുണിലിവര്‍ 7,348.99 കോടി രൂപയും ഐടിസിയുടെ മൂല്യം 1,897.99 കോടി രൂപയും വര്‍ധിച്ചു. അതേ സമയം റിലയന്‍സ് ഇന്‍ഡസ്ട്രീസ് മൂല്യം 13,627.91 കോടി രൂപ ഇടിഞ്ഞു. ടി.സി.എസ്സിന് 2,514.10 കോടിയും എച്ച്ഡിഎഫ്‌സിയുടെ വിപണിമൂല്യം 8,268.88 കോടി രൂപയും കുറഞ്ഞു.

നിഫ്റ്റി സൂചിക ഒരു വേള 10,333 പോയിന്റ് വരെ ഇടിഞ്ഞ ശേഷം തിരിച്ച് വരവില്‍ 10,853 ലേയ്ക്ക് കയറി. മാര്‍ക്കറ്റ് ക്ലോസിങ് നടക്കുമ്പോള്‍ നിഫ്റ്റി സൂചിക 10,805 പോയിന്റ്റിലാണ്. ഈ വാരം നിഫ്റ്റിക്ക് 10,982 ലും 11,159 ലും പ്രതിരോധം നേരിടാം. മികവിന് അവസരമ ലഭിച്ചില്ലെങ്കില്‍ 10,480 താങ്ങുണ്ട്.

ബോംബെ സൂചികയില്‍ പോയവാരം ഏതാണ്ട് 1250 പോയിന്റ് ചാഞ്ചാട്ടം. സെന്‍സെക്‌സ് 35,673 ല്‍ നിന്ന് ഒരു വേള 34,426 വരെ ഇടിഞ്ഞു. താഴ്ന്ന റേഞ്ചില്‍ പുതിയ നിക്ഷേപകരുടെ കടന്ന് വരവ് വിപണിക്ക് പുത്തന്‍ ഉണര്‍വ് പകര്‍ന്നതോടെ സൂചിക 36,000 ലെ പ്രതിരോധം തകര്‍ത്ത് 36,080 വരെ മുന്നേറി. മാര്‍ക്കറ്റ് ക്ലോസിങ് നടക്കുമ്പോള്‍ ബി എസ് ഇ സൂചിക 35,963 പോയിന്റ്റിലാണ്. ഈ വാരം സെന്‍സെക്‌സിന് 36,553 പോയിന്റ്റില്‍ പ്രതിരോധമുണ്ട്. സൂചികയുടെ താങ്ങ് 34,889 പോയിന്റ്റിലാണ്.

ക്രൂഡ് ഓയില്‍ ഉല്‍പാദനം കുറക്കുമെന്ന ഒപെക് പ്രഖ്യാപനം എ്ണണ വിലയില്‍ ചാഞ്ചാട്ടം സൃഷ്ടിച്ചു. ജനുവരി മുതല്‍ ഉത്പാദനം കുറയുന്നതോടെ ക്രൂഡ് വില വര്‍ദ്ധിക്കും. ചൈനയുടെ സാമ്പത്തിക വളര്‍ച്ച ചുരുങ്ങുമെന്ന സൂചന എണ്ണ വിലയെ ബാധിക്കാന്‍ ഇടയുണ്ട്. ക്രൂഡ് ബാരലിന് 51.23 ഡോളറിലാണ്. ഈ വാരം വിപണിക്ക് 50.40 ഡോളറില്‍ താങ്ങും 51.18 ഡോളറില്‍ പ്രതിരോധവുമുണ്ട്.

റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ രാജിയും പുതിയ ഗവര്‍ണറുടെ സ്ഥാനാരോഹണവുമെല്ലാം രൂപയുടെ മുല്യത്തില്‍ വന്‍ ചാഞ്ചാട്ടം സൃഷ്ടിച്ചു. ഏഷ്യയിലെ മറ്റ് നാണയങ്ങളെ അപേക്ഷിച്ച് രൂപ വന്‍ ചാഞ്ചാട്ടത്തെ അഭിമുഖീകരിച്ചു. 71.35 ല്‍ നിന്ന് രൂപ 72.39 വരെ ഇടിഞ്ഞു. രൂപയ്ക്ക് സാങ്കേതികമായി 72.40 ല്‍ തടസം നേരിടുമെന്ന കാര്യം മുന്‍വാരം ഇതേ കോളത്തില്‍ വ്യക്തമാക്കിയിരുന്നു. വിദേശ ഫണ്ടുകള്‍ വില്‍പ്പനയ്ക്ക് കാണിച്ച തിടുക്കവും രൂപയുടെ മുല്യത്തെ ബാധിച്ചു. വാരാന്ത്യം അല്‍പ്പം കരുത്ത് നേടികൊണ്ട് 71.90 ലാണ്. ഈ വാരം രൂപയ്ക്ക് 73.07 ല്‍ പ്രതിരോധവും 71.01 ല്‍ താങ്ങും പ്രതീക്ഷിക്കാം.

യു എസ് ഫെഡറല്‍ ഈ വാരം യോഗം ചേരും. ഫെഡറല്‍ ഫണ്ട് നിരക്ക് 0.25 ശതമാനം വര്‍ധിപ്പിക്കാന്‍ ഇടയുണ്ട്. ചൈനീസ് സാമ്പത്തിക മേഖലയിലെ മാന്ദ്യം ഏഷ്യന്‍ വിപണികളെ തളര്‍ത്തി. യുറോപ്യന്‍ ഓഹരി ഇന്‍ഡക്‌സുകളും അമേരിക്കന്‍ വിപണികളും വാരാന്ത്യം വില്‍പ്പനക്കാരുടെ പിടിയിലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here