എന്‍.എസ്.എസ് സമദൂരം വെടിഞ്ഞു; രാഷ്ട്രീയനിലപാട് വ്യക്തമാക്കി സുകുമാരന്‍ നായര്‍

0
3

സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ഭാഷയില്‍ ആഞ്ഞടിച്ചും സംസ്ഥാനസര്‍ക്കാരിനെ പൂര്‍ണ്ണമായി തള്ളിപ്പറഞ്ഞും എന്‍.എസ്.എസ് നേതൃത്വം. വിശ്വാസം തകര്‍ക്കാനാണ് സംസ്ഥാനസര്‍ക്കാരിന്റെ ശ്രമമെന്ന് വിമര്‍ശിച്ച എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വിശ്വാസം സംരക്ഷിയ്ക്കാന്‍ കൂടെ നിന്നവരെ പിന്തുണക്കുമെന്നും വ്യക്തമാക്കി.
തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സുകുമാരന്‍നായര്‍. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു രാഷ്ട്രീയനിലപാട് പ്രഖ്യാപിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി വാര്‍ത്താസമ്മേളനം നടത്തുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്.

മുഖ്യമന്ത്രി എന്ന നിലയിലല്ല പിണറായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. പിണറായി വിജയന് ധാര്‍ഷ്ട്യമാണ്. തീരുമാനിച്ചതെല്ലാം ചെയ്യുമെന്ന നിലപാടാണ്. ഈ സര്‍ക്കാരില്‍ നിന്ന് ഒന്നും നേടാനായിട്ടില്ല. വിശ്വാസമാണ് എല്ലാറ്റിലും വലുത്. ആചാരങ്ങള്‍ സംരക്ഷിക്കണം. അതിനായി എന്‍എസ്എസ് വേണ്ടതെല്ലാം ചെയ്യും. – സുകുമാരന്‍ നായര്‍ പറഞ്ഞു.

സുപ്രീംകോടതി സ്ത്രീപ്രവേശനവിധിയില്‍ ഉറച്ചു നിന്നാല്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്നാണ് സുകുമാരന്‍ നായര്‍ പറയുന്നത്. വിശ്വാസം സംരക്ഷിയ്ക്കാന്‍ കൂടെ നിന്നവരെ പിന്തുണയ്ക്കും. ഇപ്പോഴും സമദൂരസിദ്ധാന്തം തന്നെയാണ് പിന്തുടരുന്നത്. എന്നാല്‍ അത് തുടരണമെന്നില്ല. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പാകുമ്പോഴേയ്ക്ക് നിലപാട് മാറ്റണമെങ്കില്‍ അത് അപ്പോള്‍ തീരുമാനിയ്ക്കാം – സുകുമാരന്‍ നായര്‍ രാഷ്ട്രീയനിലപാട് വ്യക്തമാക്കി.

ജനുവരി ഒന്നാം തീയതി സംസ്ഥാനസര്‍ക്കാര്‍ നടത്തുമെന്ന് പ്രഖ്യാപിച്ച വനിതാമതിലിനെതിരെയും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. വനിതാമതില്‍ വിഭാഗീയത മാത്രമാണുണ്ടാക്കുക. വിശ്വാസികള്‍ക്ക് ഈ മാസം 26-ന് ശബരിമല ആചാരസംരക്ഷണസമിതി നടത്തുന്ന അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാം. അയ്യപ്പന്റെ പേരിലുള്ള പരിപാടികളിലെല്ലാം വിശ്വാസികള്‍ക്ക് പങ്കെടുക്കാമെന്നും സുകുമാരന്‍നായര്‍ കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷത്തിന്റെ ചട്ടുകമാകാനില്ലെന്നും, പക്ഷേ വിശ്വാസികള്‍ക്ക് സംഘപരിവാര്‍ അനുകൂല സംഘടന നടത്തുന്ന അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാമെന്ന് സുകുമാരന്‍ നായര്‍ പറയുമ്പോള്‍ യുഡിഎഫിനൊപ്പമല്ല, സംഘപരിവാറിനൊപ്പമാണെന്ന് സംശയലേശമന്യേ വ്യക്തമാകുന്നു. ആലോചിച്ചുറപ്പിച്ചാണ് സുകുമാരന്‍ നായരുടെ പുതിയ നിലപാടെന്നത് വ്യക്തം. ഇനി ഭാവിയില്‍ എന്‍എസ്എസ് എടുക്കുന്ന രാഷ്ട്രീയനിലപാടുകളും ഉറ്റുനോക്കപ്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here