വിവാദങ്ങള്‍ക്കൊടുവില്‍ ഗുരുവായൂര്‍ നഗരസഭചെയര്‍പേഴ്‌സന്‍ പ്രൊഫ.പി.കെ.ശാന്തകുമാരി രാജിവച്ചു

0
11

ഗുരുവായൂര്‍: വിവാദങ്ങള്‍ക്കൊടുവില്‍ ഗുരുവായൂര്‍ നഗരസഭചെയര്‍പേഴ്‌സന്‍ പ്രൊഫ.പി.കെ.ശാന്തകുമാരി രാജിവച്ചു. ധാരണ പ്രകാരമുള്ള കാലാവധി പൂര്‍ത്തിയായി ഒരു മാസം തികഞ്ഞപ്പോള്‍ നാടകീയ രംഗങ്ങളോടെയായിരുന്നു രാജി. അപ്രതീക്ഷിതമായിരുന്നു ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്‌സന്റെ രാജി പ്രഖ്യാപനം. ധാരണ പ്രകാരം കഴിഞ്ഞ മാസം 18ന് പി.കെ.ശാന്തകുമാരിയുടെ ചെയര്‍പേഴ്‌സന്‍ കാലാവധി പൂര്‍ത്തിയായിരുന്നു.

എന്നാല്‍ ചില വികസനപ്രവര്‍ത്തനങ്ങള്‍ കൂടി പൂര്‍ത്തീകരിച്ചതിന്റ ഉദ്ഘാടനം നടത്തി ജനുവരി മൂന്ന് വരെ തുടരാനായിരുന്നു തീരുമാനം. ഇതി്‌നെതിരെ എല്‍.ഡി.എഫില്‍ അഭിപ്രായ വിത്യാസം ഉടലെടുത്തിരുന്നു. ധാരണ പ്രകാരം നാലാം വര്‍ഷം സി.പി.ഐക്കും അഞ്ചാം വര്‍ഷം സിപിഎമ്മിനുമാണ് ചെയര്‍പേഴ്‌സന്‍ സ്ഥാനം.
ചെയര്‍പേഴ്‌സന്‍ സ്ഥാനം നീണ്ട് പോകുന്നതിനെതിരെ സി.പി.ഐ പരസ്യമായി രംഗത്തെത്തിയിരുന്നു. രാജി നീണ്ട് പോയാലും ധാരണ പ്രകാരമുള്ള കാലാവധി ലഭിക്കണമെന്ന ഉറച്ച തീരുമാനത്തിലായിരുന്നു ഇവര്‍. കൗണ്‍സില്‍ യോഗം അടക്കം ശാന്തകുമാരി പങ്കെടുക്കുന്ന പരിപാടികള്‍ ബഹിഷ്‌കരിക്കാന്‍ അഞ്ച് സി.പി.ഐ കൗണ്‍സിലര്‍മാര്‍ തീരുമാനിച്ചിരുന്നു. കഴിഞ്ഞ കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ച കൗണ്‍സിലര്‍മാര്‍ നഗരസഭയുടെ ഔദ്യോദിക പരിപാടികളും ബഹിഷ്‌കരിച്ചു തുടങ്ങി.
നഗരസഭ പരിധിയില്‍ കുടിവെള്ളത്തില്‍ മാലിന്യം കലര്‍ന്നതുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത യോഗത്തിലും സി.പി.ഐ കൗണ്‍സിലര്‍മാര്‍ വിട്ടു നിന്നു. ഈ യോഗത്തിന്റെ അവസാന സമയത്ത് ചെയര്‍പേഴ്‌സന്‍ രാജി പ്രഖ്യാപിക്കുകയായിരുന്നു. നല്ലതിന് വേണ്ടി മാത്രം പ്രയത്‌നിച്ചാണ് സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നതെന്ന വിതുമ്പലോടെയായിരുന്നു പ്രഖ്യാപനം. അപ്രതീക്ഷിതമായ രാജിപ്രഖ്യാപനം, യോഗത്തില്‍ കൂടിയിരുന്നവരെ സ്തംഭരാക്കി. ഒരു മണിക്കൂര്‍ പിന്നിട്ട അവലോകന യോഗം പിന്നീട് യാത്രയപ്പ് സമ്മേളനത്തിന് വഴിമാറി.

നിറഞ്ഞ മിഴികളോടെയായിരുന്നു കൗണ്‍സിലര്‍മാരുടെ മറുപടി പ്രസംഗം. ഭരണപക്ഷ കൗണ്‍സിലര്‍ എം.എ.ഷാഹിന തേങ്ങലോടെയായിരുന്നു പ്രസംഗം അവസാനിപ്പിച്ചത്. ബസ്റ്റാന്‍ഡ് കെട്ടിടം, അമിനിറ്റി സെന്റര്‍ തുടങ്ങീ പദ്ധതികളുടെ ഉദ്ഘാടനം ഇനിയും വൈകുമെന്നതിനാല്‍ രാജിസമര്‍പ്പിക്കുകയായിരുന്നുവെന്ന് ശാന്തകുമാരി പിന്നീട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് നഗരസഭ സെക്രട്ടറി വി.പി.ഷിബുവിന് രാജികത്ത് കൈമാറി. വൈസ്‌ചെയര്‍മാന്‍ കെ.പി.വിനോദ് ആക്ടിങ്ങ് ചെയര്‍മാനായിരിക്കും.

ഒരു മാസത്തിനകം വോട്ടെടുപ്പ് നടത്തി പുതിയ ചെയര്‍പേഴ്‌സനെ തെരഞ്ഞെടുക്കും. സി.പി.ഐയിലെ വി.എസ്.രേവതിയും സി.പി.എമ്മിലെ എം.രതിയുമായിരിക്കും ചെയര്‍പേഴ്‌സന്‍.

LEAVE A REPLY

Please enter your comment!
Please enter your name here