വീരേന്ദ്രകുമാറും ബാലകൃഷ്ണപിള്ളയുമുള്‍പ്പെടെ നാലു കക്ഷികള്‍കൂടി എല്‍ഡിഎഫില്‍

0
8

തിരുവനന്തപുരം: നാല് കക്ഷികളെ കൂടി ഉള്‍പ്പെടുത്തി എല്‍.ഡി.എഫ് വികസിപ്പിക്കാന്‍ ഇന്നു ചേര്‍ന്ന മുന്നണി യോഗത്തില്‍ തീരുമാനം. എം.പി വീരേന്ദ്രകുമാറിന്റെ ലോക് താന്ത്രിക് ജനതാദള്‍, ആര്‍. ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ് (ബി), ഐ.എന്‍.എല്‍, ഫ്രാന്‍സിസ് ജോര്‍ജ് നേതൃത്വം നല്‍കുന്ന ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നീ കക്ഷികളെയാണ് മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നത്.

കാല്‍ നൂറ്റാണ്ടിലേറെയായി മുന്നണിയെ പുറത്തുനിന്ന് പിന്തുണയ്ക്കുന്ന കക്ഷിയാണ് ഐ.എന്‍.എല്‍. ഏറെക്കാലമായി യു.ഡി.എഫുമായി അകന്നുകഴിയുന്ന ബാലകൃഷ്ണപിള്ളയുടെ എല്‍.ഡി.എഫ് മുന്നണി പ്രവേശനത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. എന്‍.എസ്.എസ് നേതൃനിരയിലുള്ള ബാലകൃഷ്ണപിള്ളയെ മുന്നണിയില്‍ എടുക്കുന്നതോടെ ശബരിമല വിഷയത്തില്‍ കേരള കോണ്‍ഗ്രസ് (ബി)യുടെ പിന്തുണ ഉറപ്പിക്കാന്‍ എല്‍.ഡി.എഫിന് കഴിയും.

2009ല്‍ സീറ്റ് തര്‍ക്കവുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫില്‍ നിന്ന് പോയ വീരേന്ദ്രകുമാര്‍ പക്ഷം അടുത്തകാലത്താണ് മുന്നണിയുമായി വീണ്ടും അടുത്തതും രാജ്യസഭാ സീറ്റില്‍ എല്‍.ഡി.എഫ് പിന്തുണയോടെ വിജയിച്ചതും. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് കേരള കോണ്‍ഗ്രസ് നേതൃത്വവുമായി കലഹിച്ചാണ് ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ജനനം. നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് പിന്തുണയോടെയാണ് മത്സരിച്ചത്. പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നണി അടിത്തറ ശക്തിപ്പെടുത്തുന്നതിനാണ് ഈ കക്ഷികളെ മുന്നണിയില്‍ എടുക്കാന്‍ തീരുമാനിച്ചത്.

നല്ല തീരുമാനമാണെന്ന് എല്‍.ഡി.എഫിന്റെ തീരുമാനത്തോട് ബാലകൃഷ്ണപിള്ള പ്രതികരിച്ചു. മന്ത്രിയാകാനല്ല മുന്നണി പ്രവേശനം. തന്റെ തീരുമാനം ഇനി എല്‍.ഡി.എഫിന്റെ തീരുമാനങ്ങളാണ്. ശബരിമല വിഷയത്തില്‍ തന്റെ നിലപാട് എല്‍.ഡി.എഫിനൊപ്പമാണ്. എന്‍.എസ്.എസ് പാലിച്ചുവരുന്ന സമദൂര സിദ്ധാന്തം തുടരുമെന്നാണ് കരുതുന്നത്. എന്‍.എസ്.എസ് എന്തു തീരുമാനം എടുത്താലും എല്‍.ഡി.എഫിനൊപ്പമായിരിക്കും താനെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here