പാം ഓയില്‍ വില കുറയും; നാളികേരകര്‍ഷകര്‍ക്ക് തിരിച്ചടി

0
37

കമോഡിറ്റി റിവ്യൂ -കെ ബി ഉദയ ഭാനു

കൊച്ചി: കൊപ്രയുടെ താങ്ങ് വില ഉയര്‍ത്തിയതിന് പുറകെ പാം ഓയില്‍ ഇറക്കുമതി ഡ്യൂട്ടി കുറച്ചത് കര്‍ഷകര്‍ക്ക് തിരിച്ചടിയായി. ആഭ്യന്തര ഡിമാണ്ടില്‍ ഏലക്ക വില വീണ്ടും വര്‍ധിച്ചു. വിളവെടുപ്പ് അടുത്തതോടെ കുരുമുളക് വില അലപ്പം താഴ്ന്നു. രാജ്യാന്തര മാര്‍ക്കറ്റില്‍ റബര്‍ വില ഉയര്‍ന്നത് കണ്ട് ഇന്ത്യ വ്യവസായികള്‍ ആഭ്യന്തര മാര്‍ക്കറ്റില്‍ പിടിമുറുക്കി. അന്താരാഷ്ട്ര സ്വര്‍ണ വിപണി ബുള്ളിഷ്.

കേന്ദ്രം പാം ഓയില്‍ ഇറക്കുമതി ഡ്യുട്ടിയില്‍ വരുത്തിയ ഇളവ് നാളികേര കര്‍ഷകര്‍ക്ക് തിരിച്ചടിയാവും. കൊപ്രയുടെ താങ്ങ് വില ഉയര്‍ത്തി ഒരാഴ്ച്ച പിന്നിടും മുമ്പേ വെളിച്ചെണ്ണയുടെ മുഖ്യ എതിരാളി പാം ഓയില്‍ ഇറക്കുമതി കൂടുതല്‍ സുതാര്യമാക്കി. വ്യവസായികളുടെ താല്‍പര്യം സംരക്ഷിക്കാന്‍ കേന്ദ്രം നടത്തിയ നീക്കം ദക്ഷിണേന്ത്യന്‍ നാളികേര കര്‍ഷകരുടെ പ്രതീക്ഷകള്‍ക്ക് മങ്ങല്‍ എല്‍പ്പിക്കും. കൊപ്രയുടെ താങ്ങ് വില ക്വിന്റ്റലിന് 7511 രൂപയില്‍ നിന്ന് 9521 രുപയായി കഴിഞ്ഞ ദിവസം ഉയര്‍ത്തിയത്.

തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ക്രൂഡ്, റിഫൈന്‍ഡ് പാം ഓയില്‍ ഇറക്കുമതി ഡ്യൂട്ടിയിലാണ് കേന്ദ്രം ഇളവ് വരുത്തിയത്. ക്രൂഡ് പാം ഓയിലിന് 44 ശതമാനത്തില്‍ നിന്നും 40 ശതമാനമായി കുറച്ചിട്ടുണ്ട്. ശുദ്ധീകരിച്ച പാം ഓയില്‍ ഡ്യുട്ടി 54 ശതമാനത്തില്‍ നിന്ന് 50 ശതമാനമാക്കി. അതേ സമയം മലേഷ്യയില്‍ നിന്നുള്ള ശുദ്ധീകരിച്ച പാം ഓയില്‍ ഇറക്കുമതി തീരുവ 54 ശതമാനത്തില്‍ നിന്ന് 45 ശതമാനമായി കുറയും.
വിദേശ ഭക്ഷ്യയെണ്ണ ഇറക്കുമതി തോത് ഉയരാനുള്ള സാധ്യതകള്‍ തെളിഞ്ഞു. രാജ്യത്ത് വില്‍പ്പന നടക്കുന്ന ഭക്ഷ്യയെണ്ണകളില്‍ എറ്റവും താഴ്ന്ന നിരക്കില്‍ കൈമാറ്റം നടക്കുന്നത് പാം ഓയിലാണ്. അതിന്റ്റ വില വീണ്ടും കുറക്കുന്ന തീരുമാനം ഫലത്തില്‍ തിരിച്ചടിയാവുന്നത് ആഭ്യന്തര നാളികേര കര്‍ഷകരെയാണ്. കൊച്ചിയില്‍ വെളിച്ചെണ്ണ 16,100 ല്‍ നിന്ന് 16,500 രൂപയായി. കൊപ്ര വില 10,800 രൂപയില്‍ നിന്ന് 11,030 ലേയ്ക്ക് കയറിയ അവസരത്തിലാണ് ഇറക്കുമതി ഡ്യൂട്ടി കുറച്ച വിവരം പുറത്ത് വന്നത്.

ഏലക്ക പുതു വര്‍ഷത്തില്‍ കൂടുതല്‍ മികവ് കാണിക്കുമെന്ന വിശ്വാസത്തിലാണ് ഉല്‍പാദകര്‍. 2018 ല്‍ 25,000 ടണ്‍ ഏലക്കയാണ് ഉല്‍പാദിപ്പിച്ചത്. പ്രതികൂല കാലാവസ്ഥ മുലം ഇക്കുറി ഉല്‍പാദനത്തില്‍ കുറവ് സംഭവിക്കും. അടുത്ത ഏലക്ക സീസണിന് ജൂണ്‍ വരെ കാത്തിരിക്കണം. അതായത് ചരക്ക് ക്ഷാമം രൂക്ഷമാക്കുമെന്നാണ് വിപണിയില്‍ നിന്നുള്ള സൂചന.

ആഗസ്റ്റിലെ കനത്ത മഴ ഏലക്ക കൃഷിയെ ബാധിച്ചത് ഉല്‍പാദനം കുത്തനെ കുറയാന്‍ ഇടയാക്കി. ഇതിന് പുറമേ ചെടികളെ ബാധിച്ച കിടബാധ ബാധകളും കര്‍ഷകരെ പ്രതിസന്ധിലാക്കി. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ കിലോ 1234 രൂപയില്‍ നീങ്ങിയ മികച്ചയിനം ഏലക്ക ഈ വര്‍ഷം ആദ്യ ലേലം പിന്നിടുമ്പോള്‍ കിലോ 1663 രൂപയിലാണ്. സ്റ്റോക്ക് ചുരുങ്ങിയതിനാല്‍ ലേല കേന്ദ്രങ്ങളില്‍ നിന്ന് ചരക്ക് സംഭരിക്കാന്‍ ഇടപാടുകര്‍ മത്സരിച്ചു.

രാജ്യാന്തര വിപണിയില്‍ റബര്‍ വില ഉയ്ര്‍ന്നതിന്റ്റ ചുവട് പിടിച്ച് ആഭ്യന്തര മാര്‍ക്കറ്റില്‍ ഷീറ്റ് വില മെച്ചപ്പെട്ടു. ടാപ്പിങ് സീസണായതിനാല്‍ കൊച്ചി, കോട്ടയം മാര്‍ക്കറ്റുകളില്‍ കൂടുതല്‍ ചരക്ക് വിലപ്പനയ്ക്ക് എത്തുന്നുണ്ട്. ഇതിനിടയില്‍ രാജ്യാന്തര റബര്‍ അവധി വ്യാപാര ഗകന്ദ്രമായ ടോക്കോം എക്‌സ്‌ചേഞ്ചില്‍ നിരക്ക് കിലോ 170 യെന്നായി ഉയര്‍ന്നത് ഇന്ത്യന്‍ മാര്‍ക്കറ്റിനെയും ചെറിയ അളവില്‍ ചുടുപിടിപ്പിച്ചു. 12,300 രൂപയില്‍ ഇടപാടുകള്‍ പുനരാരംഭിച്ച ആര്‍ എസ് എസ് നാലാം ഗ്രേഡ് റബര്‍ വില വാരാവസാനം 12,500 ലേയ്ക്ക് കയറി. അഞ്ചാം രേഗഡ് റബര്‍ 12,200 രൂപയിലുമാണ്.
വിളവെടുപ്പ് അടുത്തതോടെ ആഭയന്തര വ്യാപാരികള്‍ കുരുമുളക് വിപണിയില്‍ നിന്ന് അല്‍പ്പം പിന്‍തിരിഞ്ഞു. വാങ്ങല്‍ താല്‍പര്യം വിപണിയുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാഞ്ഞത് ഉല്‍പ്പന്ന വിലയെ ബാധിച്ചു. വിദേശ ഓര്‍ഡറുകളുടെ അഭാവം മുലം കയറ്റുമതിക്കാരും മുളകില്‍ താല്‍പര്യം കാണിച്ചില്ല. അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ കുരുമുളക് വില ടണ്ണിന് 5800 ഡോളറാണ്. കൊച്ചിയില്‍ ഗാര്‍ബിള്‍ഡ് മുളക് 38,600 രൂപയില്‍ നിന്ന് 38,200 രൂപയായി.
യുറോപ്യന്‍ വാങ്ങലുകാര്‍ രാജ്യാന്തര മാര്‍ക്കറ്റില്‍ തിരിച്ച് എത്തിയെങ്കിലും പുതിയ കരാറുകള്‍ ഉറപ്പിച്ചതായി സൂചനയില്ല. അവധി ദിനങ്ങള്‍ക്ക് ശേഷം ബ്രസീലില്‍ കുരുമുളക് വിളവെടുപ്പ് പുനരാരംഭിച്ചു.

ചുക്ക് സ്റ്റെഡി നിലവാരത്തില്‍ നീങ്ങി. വിപണിയിലേയ്ക്കുള്ള ചുക്ക് വരവ് കുറഞ്ഞ അളവിലശണങ്കിലും നിരക്ക് ഉയര്‍ത്താന്‍ വാങ്ങലുകാര്‍ തയ്യാറായില്ല. കയറ്റുമതി ഓര്‍ജറുകളുടെ അഭാവവും വിലക്കയറ്റത്തിന് തടസമായി. വിവിധയിനം ചുക്ക് 19,500 20,500 രൂപയിലാണ്.

സ്വര്‍ണ വില ഉയര്‍ന്നു. ആഭരണ വിപണികളില്‍ പവന്‍ 23,560 രൂപയില്‍ നിന്ന് 23,800 വരെ കയറിയ ശേഷം ശനിയാഴ്ച്ച 23,640 ലാണ്. ലണ്ടനില്‍ ട്രോയ് ഔണ്‍സിന് 1280 ഡോളറില്‍ നിന്ന് 1298 ഡോളര്‍ വരെ ഉയര്‍ന്നു. ട്രോയ് ഔണ്‍സിന് 1300 ഡോളറിലെ പ്രതിരോധം മറികടക്കാനുള്ള ശ്രമത്തിലാണ്. വാരാന്ത്യം നിരക്ക് 1285 ഡോളറിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here