തിരുവനന്തപുരത്ത് എസ്ബിഐയുടെ ട്രഷറി ബ്രാഞ്ച് സമരക്കാര്‍ അടിച്ചുതകര്‍ത്തു

0
16

തിരുവനന്തപുരം: തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനടുത്തുള്ള എസ്ബിഐയുടെ ട്രഷറി ബ്രാഞ്ചിന് നേരെ അക്രമം. സമരാനുകൂലികള്‍ ഓഫീസ് അടിച്ചു തകര്‍ത്തു. സ്റ്റാച്യൂവിനടുത്ത് സംയുക്തസമരസമിതിയുടെ പന്തലിന് തൊട്ടടുത്തുള്ള ബ്രാഞ്ചിന് നേരെയാണ് ആക്രമണമുണ്ടായത്.

ഇന്ന് രാവിലെ പത്തരയോടെ ഒരു സംഘമാളുകള്‍ ബ്രാഞ്ചിന്റെ താഴത്തെ നിലയിലെത്തി ബാങ്കിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നാവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പറ്റില്ലെന്ന് സെക്യൂരിറ്റി ജീവനക്കാര്‍ വ്യക്തമാക്കി. തുടര്‍ന്ന് കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ബ്രാഞ്ചിലേക്ക് പോകണമെന്നായി സമരക്കാര്‍. എന്നാല്‍ സമരക്കാരെ സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞതോടെ സംഘര്‍ഷമായി.

മുകളിലത്തെ നിലയിലെത്തിയ സമരക്കാര്‍ ബ്രാഞ്ച് അടിച്ചു തകര്‍ത്തു. മാനേജരുടെ ക്യാബിന്‍ തകര്‍ത്ത് അകത്തു കയറിയ ഇവര്‍ കമ്പ്യൂട്ടറും മേശയും കസേരയും തല്ലിപ്പൊളിക്കുകയും ചെയ്തു. പറഞ്ഞാല്‍ ബാങ്ക് അടച്ചിടാനാകില്ലേ – എന്ന് ആക്രോശിച്ച് മാനേജരെ കയ്യേറ്റം ചെയ്യുകയായിരുന്നു അക്രമികള്‍. പതിനഞ്ചോളം വരുന്ന സമരക്കാരാണ് എത്തിയതെന്നാണ് ബാങ്ക് മാനേജര്‍ വ്യക്തമാക്കിയത്. യാതൊരു പ്രകോപനവുമില്ലാതെയാണ് സമരക്കാര്‍ ആക്രമണം തുടങ്ങിയതെന്നും മാനേജര്‍ പറയുന്നു. ബാങ്കില്‍ എത്തിയ ജീവനക്കാരെ സമരക്കാര്‍ ഭീഷണിപ്പെടുത്തി. നിങ്ങള്‍ക്ക് അഹങ്കാരമാണോ? പ്രത്യേകിച്ച് ഇനി നിങ്ങളോട് പറയണോ ബാങ്ക് അടച്ചിടാന്‍ എന്ന് ആക്രോശിക്കുകയും, ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയും ചെയ്‌തെന്ന് ജീവനക്കാരും വ്യക്തമാക്കി.

മാനേജര്‍ കന്റോണ്‍മെന്റ് പൊലീസിന് പരാതി കൈമാറിയിട്ടുണ്ട്. ബാങ്കിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ്. സിസിടിവിയില്‍ അക്രമികളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഇത് പരിശോധിച്ച് ആളുകളെ തിരിച്ചറിയാനാണ് പൊലീസുദ്യോഗസ്ഥര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.

പണിമുടക്കായിരുന്നെങ്കിലും ഇന്നലെ എസ്ബിഐ ബ്രാഞ്ചുകള്‍ പലതും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here