നെടുമങ്ങാട്ട് ആര്‍എസ്എസ് കാര്യാലയത്തില്‍ റെയ്ഡ്; വന്‍ആയുധശേഖരം പിടിച്ചെടുത്തു

0
0

തിരുവനന്തപുരം: നെടുമങ്ങാട് ആര്‍.എസ്.എസ് ജില്ലാ കാര്യാലയത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ വന്‍ ആയുധ ശേഖരം പിടിച്ചെടുത്തു. വാളുകളും കഠാരകളും പിടിച്ചെടുത്തവയില്‍ പെടുന്നു. ഹൈഡ്രജന്‍ പെറോക്സൈഡും കണ്ടെടുത്തിട്ടുണ്ട്. ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഈ മാസം മൂന്നിന് ശബരിമല കര്‍മ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ നെടുമങ്ങാട് പോലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞ പ്രതി പ്രവീണിനെ തേടിയായിരുന്നു പോലീസിന്റെ റെയ്ഡ്. പ്രതി ഓഫീസില്‍ ഒളിവില്‍ കഴിഞ്ഞതിന്റെ തെളിവും പോലീസിന് ലഭിച്ചു. ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് റെയ്ഡ് നടത്തിയത്.

പ്രവീണ്‍ ബോംബെറിയുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നു. ആര്‍.എസ്.എസ് നെടുമങ്ങാട് ജില്ലാ പ്രചാരക് നൂറനാട് സ്വദേശിയാണ് പ്രവീണ്‍. സംഭവത്തിനു ശേഷം ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. ഇയാള്‍ മുന്‍പ് ഒരു വധശ്രമക്കേസില്‍ പ്രതിയാണ്. വ്യാപാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയാണെങ്കിലും ഇതുവരെ പിടിയിലായിട്ടില്ല.

ഈ മാസം മൂന്നിന് ഹര്‍ത്താല്‍ ദിനം നെടുമങ്ങാട് തുറന്നുപ്രവര്‍ത്തിച്ച ഒരു സ്വകാര്യ ബാങ്ക് ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ അടപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടെ സ്ഥലത്തെത്തിയ നെടുമങ്ങാട് എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഏതാനും ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ കൊണ്ടുവന്നു. ഇതോടെ ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകരും സി.പി.എം പ്രവര്‍ത്തകരും സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടി. റോഡില്‍ നിന്നാണ് ഈ സമയം നാലു ബോംബുകള്‍ സ്റ്റേഷനു നേര്‍ക്ക് അജ്ഞാതര്‍ എറിഞ്ഞത്. ആക്രമണത്തിനു പിന്നില്‍ സി.പി.എം ആണെന്നും ബി.ജെ.പി ആണെന്നും ഇരുകൂട്ടരും പരസ്പരം ആരോപിച്ചിരുന്നു. അന്നേ ദിവസം തന്നെ സി.പി.എം പ്രകടനത്തിന് നേര്‍ക്കും രണ്ട് ബോംബുകള്‍ എറിഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here