പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: കൊല്ലം നഗരം സുരക്ഷാ വലയത്തില്‍; ബൈപ്പാസിന്റെ വേദി തീരുമാനമായില്ല

0
4

സ്വന്തം ലേഖകന്‍
കൊല്ലം: ബൈപ്പാസ് ഉദ്ഘാടനത്തിനെത്തുന്ന പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് നഗരം സുരക്ഷാവലയത്തില്‍. ഉന്നതതല സംഘത്തിന്റെ ഒരു ദിവസം മുഴുവന്‍ നീണ്ട ആലോചനകള്‍ക്കൊടുവിലും ബൈപ്പാസിന്റെ വേദി സംബന്ധിച്ച് തീരുമാനമായില്ല.
ജില്ലാ കളക്ടര്‍ ഡോ.എസ്.കാര്‍ത്തികേയന്‍, സി.ബി. സി.ഐ.ഡി. സെക്യൂരിറ്റി ഡി.ഐ.ജി എ.അക്ബര്‍,എസ്.പി.ജി.എ. ഐ.ജി.അരവിന്ദ്സിംഗ്, ദേശീയപാത അതോറിറ്റിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സംഘം ബൈപ്പാസിലും ആശ്രാമം മൈതാനത്തും സന്ദര്‍ശനം നടത്തി. കല്ലുംതാഴം,കാവനാട് ടോള്‍പ്ലാസ,ആശ്രാമം മൈതാനം,ഗസ്റ്റ് ഹൗസ് മൈതാനം എന്നിവിടങ്ങളില്‍ ഒരിടത്ത് വേദി സജ്ജമാക്കാനുള്ള സാദ്ധ്യതകളാണ് സംഘം തേടുന്നത്.ഉദ്ഘാടന ചടങ്ങില്‍ എത്രപേര്‍ പങ്കെടുക്കുമെന്ന് ഉറപ്പിക്കാന്‍ ജില്ലാഭരണകൂടത്തിനു കഴിയാത്തതും വേദി നിര്‍ണ്ണയത്തിനു തിരിച്ചടിയായി. വന്‍ ജനപങ്കാളിത്തം ഉണ്ടാകുമെങ്കില്‍ അതിനുള്ള സൗകര്യം ബൈപ്പാസിലും പരിസരങ്ങളിലുമില്ല.
അതിനാലാണ് ആശ്രാമത്ത് ഉദ്ഘാടനവേദി ഒരുക്കാനുള്ള ആലോചന ഉണ്ടായത്. എന്നാല്‍ ബൈപ്പാസില്‍തന്നെ വേദിയൊരുക്കണമെന്ന താത്പര്യം ഉപരിതല ഗതാഗത മന്ത്രാലയത്തിന് ഉണ്ടെന്നാണ് സൂചന. പ്രധാന മന്ത്രിയുടെ സുരക്ഷാക്രമീകരണങ്ങള്‍ക്കായി വേദിയുടെ വിവരങ്ങള്‍ ഉടന്‍തന്നെ എസ്.പി.ജി.സംഘത്തിന് കൈമാറേണ്ടതുണ്ട്. ബൈപ്പാസ് ഉദ്ഘാടനശേഷം പ്രധാനമന്ത്രി പങ്കെടുക്കുന്ന ബി.ജെ.പി.റാലിയില്‍ ഒരുലക്ഷം പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്നാണ് പാര്‍ട്ടി നേതൃത്വം അറിയിച്ചത്. റാലി നടക്കുന്ന കന്റോണ്‍മെന്റ് മൈതാനത്ത് അതിനനുസരിച്ചുള്ള സുരക്ഷാസംവിധാനങ്ങളൊരുക്കാന്‍ തയ്യാറെടുപ്പുകള്‍ തുടങ്ങി. എസ്.പി.ജി. ഐ.ജി. ഉള്‍പ്പെടെയുള്ള ഉന്നതസംഘവും വ്യോമസേനാസംഘവും ഉന്നലെ കൊല്ലത്തെത്തി.
പ്രധാനമന്ത്രി ഹെലികോപ്ടര്‍ ഇറങ്ങുന്ന ആശ്രാമം മൈതാനത്തെ ഹെലിപ്പാടും ബൈപ്പാസിന്റെ ഉദ്ഘാടനവേദിയും കന്റോണ്‍മെന്റ് മൈതാനവും ഇന്നലെമുതല്‍ സുരക്ഷാസംഘത്തിന്റെ നിരീക്ഷണത്തിലായി.

LEAVE A REPLY

Please enter your comment!
Please enter your name here