51 യുവതികള്‍ ശബരിമല കയറിയെന്ന് സംസ്ഥാനസര്‍ക്കാര്‍; ബിന്ദുവിനും കനകദുര്‍ഗയ്ക്കും സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീംകോടതി

0
5

ഡല്‍ഹി: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ ഇതുവരെ 51 യുവതികള്‍ മല കയറിയെന്ന് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. സുരക്ഷ ഉറപ്പു വരുത്തണമെന്നാവശ്യപ്പെട്ട് ബിന്ദുവും കനകദുര്‍ഗയും നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ പട്ടിക നല്‍കിയത്. കൂടുതല്‍ പേരും ആന്ധ്രാപ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. റജിസ്റ്റര്‍ ചെയ്തവരില്‍ പോലീസ് സുരക്ഷ ആവശ്യപ്പെട്ടവര്‍ക്കാണ് അത് നല്‍കിയതെന്ന് സര്‍ക്കാര്‍ പട്ടികയില്‍ പറയുന്നു.

ഓണ്‍ലൈന്‍ ബുക്കിംഗ് വഴി വന്നവരുടെ വിവരമാണ് പട്ടികയിലുള്ളത്. 10 നും 50 നും ഇടയില്‍ പ്രായക്കാരായി മലകയറിവരില്‍ കൂടുതല്‍ പേരും 47,48.49 വയസ്സുകാരാണ്. ഇവരില്‍ 24 പേര്‍ തമിഴ്നാട്ടുകാര്‍ ആണ്. ആന്ധ്രയില്‍ നിന്നുള്ളവരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പട്ടികയില്‍ നല്‍കിയിരിക്കുന്ന എല്ലാവരുടേയും പ്രായം 40 ന് മുകളിലാണ്. ശരാശരി 45 നും 50 നും ഇടയില്‍ പ്രായക്കാരാണ് കയറിയത്. ഏറ്റവും കുറഞ്ഞ വയസ്സ് 41, 42 ആണ്. 7564 പേരാണ് ഓണ്‍ലൈന്‍വഴി റജിസ്റ്റര്‍ ചെയ്തത്. ഇവരില്‍ കടന്നുപോയവരുടെ പട്ടികയാണ് നല്‍കിയത്

ദര്‍ശനം നടത്തിയ ബിന്ദുവിനും കനകദുര്‍ഗയ്ക്കും പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീംകോടതി സംസ്ഥാനസര്‍ക്കാരിനോട് നിര്‍ദേശിച്ചു. മതിയായ സുരക്ഷ ഇപ്പോള്‍ത്തന്നെ നല്‍കുന്നുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ആ സംരക്ഷണം തുടരണമെന്ന് സര്‍ക്കാരിനോട് നിര്‍ദേശിച്ച കോടതി ഹര്‍ജി തീര്‍പ്പാക്കി.

ശബരിമലയിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ മൂന്ന് പേരടങ്ങിയ നിരീക്ഷകസമിതിയെ കേരളാ ഹൈക്കോടതി നിയോഗിച്ചിട്ടുമുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മുതിര്‍ന്ന അഭിഭാഷകനായ വിജയ് ഹന്‍സരിയയാണ് സംസ്ഥാനസര്‍ക്കാരിന് വേണ്ടി ഹാജരായത്.

ജീവന് ഭീഷണിയുണ്ടെന്ന് കാട്ടിയാണ് ബിന്ദുവും കനകദുര്‍ഗയും സുപ്രീംകോടതിയെ സമീപിച്ചത്. പ്രസിദ്ധ അഭിഭാഷകയായ ഇന്ദിരാ ജയ്‌സിംഗാണ് ബിന്ദുവിനും കനകദുര്‍ഗയ്ക്കും വേണ്ടി ഇന്ന് ഹാജരായത്. പൗരന്‍മാരുടെ ജീവനും സ്വത്തും സുരക്ഷിതമാണെന്ന് ഉറപ്പാക്കേണ്ടത് സംസ്ഥാനസര്‍ക്കാരാണെന്ന് നിരീക്ഷിച്ച സുപ്രീംകോടതി, അത് ഉറപ്പാക്കണമെന്ന് സംസ്ഥാനസര്‍ക്കാരിന് നിര്‍ദേശവും നല്‍കി. ശബരിമല സ്ത്രീപ്രവേശനത്തിനെതിരായ പുനഃപരിശോധനാഹര്‍ജികള്‍ പരിഗണിക്കുന്നതിന് മുമ്പ് ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പരിഗണിച്ച ആദ്യ ഹര്‍ജിയാണിത് എന്നതാണ് ഇതിനെ ശ്രദ്ധേയമാക്കുന്നത്.

എന്നാല്‍ ഈ ഹര്‍ജിയെ 22-ന് ശേഷം വാദം കേള്‍ക്കാനിരിക്കുന്ന പുനഃപരിശോധനാഹര്‍ജികളുമായി ചേര്‍ക്കണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല.

LEAVE A REPLY

Please enter your comment!
Please enter your name here