കാമുകനുമായി ചേര്‍ന്ന് നാലുവയസുകാരിയെ കൊന്ന കേസില്‍ അമ്മയുടെ ജീവപര്യന്തം കോടതി ശരിവച്ചു

0
7

കൊച്ചി: കാമുകനുമായി ചേര്‍ന്ന് നാലുവയസ്സുകാരിയെ കൊന്ന കേസില്‍ അമ്മയുടെ ജീവപര്യന്തം ഹൈക്കോടതി ശരിവച്ചു. പോക്സോ കോടതിയുടെ വിധി റദ്ദാക്കണം എന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട കുട്ടിയുടെ അമ്മ ചോറ്റാനിക്കര സ്വദേശി റാണി സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളി.

കേസില്‍ ഒന്നാം പ്രതിയും അമ്മയുടെ കാമുകനുമായ രഞ്ജിത്തിന് വധശിക്ഷയാണ് കോടതി വിധിച്ചത്. രണ്ടാം പ്രതിയായ അമ്മ റാണി, സുഹൃത്ത് തിരുവാണിയൂര്‍ ബേസില്‍ എന്നിവര്‍ക്ക് ഇരട്ട ജീവപര്യന്തം തടവിനുമാണ് എറണാകുളം പോക്‌സോ കോടതി ശിക്ഷിച്ചത്.

2013 ഒക്ടോബറിലായിരുന്നു കേസിന് ആസ്പദമായ സംഭവം. നാല് വയസ്സുകാരിയെ ക്രൂരമായ ലൈംഗിക പീഡനത്തിനുശേഷം കൊലപ്പെടുത്തുകയായിരുന്നു. റാണിയുമായുളള അവിഹിത ബന്ധത്തിന് മകള്‍ തടസ്സമാകുമെന്നു കരുതിയാണ് കുട്ടിയെ കൊന്നത്. കേസില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞതോടെ രഞ്ജിത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

സംഭവ ദിവസം സ്‌കൂള്‍ കഴിഞ്ഞ് വിട്ടീലെത്തിയ കുട്ടിയെ രഞ്ജിത്ത് ഉപദ്രവിക്കാന്‍ ശ്രമിച്ചു. കുട്ടി കരഞ്ഞപ്പോള്‍ കുട്ടിയെ എടുത്തെറിഞ്ഞു. തലയിടിച്ചു വീണ കുട്ടി മരിച്ചു. അതിനുശേഷം മൃതദേഹം ടെറസിന്റെ മുകളില്‍ ഒളിപ്പിച്ചു. സംഭവം നടക്കുമ്പോള്‍ റാണിയും ബേസിലും വീട്ടില്‍ ഉണ്ടായിരുന്നില്ല. ഇരുവരും വീട്ടില്‍ മടങ്ങിയെത്തിപ്പോള്‍ രഞ്ജിത്ത് വിവരം പറഞ്ഞു. റാണിയാണ് കുട്ടിയുടെ മൃതദേഹം ആളൊഴിഞ്ഞ പറമ്പില്‍ കുഴിച്ചു മൂടാന്‍ നിര്‍ദേശിച്ചത്.

കൊലപാതകത്തിന് പിറ്റേദിവസം ചോറ്റാനിക്കര പൊലീസില്‍ മകളെ കാണാനില്ലെന്നു പറഞ്ഞ് റാണി പരാതി നല്‍കി. ഇവരുടെ മൊഴികളില്‍ സംശയം തോന്നിയ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here