പോലീസ് സംരംക്ഷണത്തില്‍ കഴിയുന്ന കര്‍ഷകനെതിരെ നിരന്തരം അതിക്രമങ്ങള്‍; കയ്യേറ്റ ശ്രമം; കൃഷി നശിപ്പിക്കല്‍

0
8
സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ച മുതുകാട് വട്ടോത്ത് ജീജോയുടെ കൃഷിയിടം വിഫാം ചെയര്‍മാന്‍ ജോയി കണ്ണംചിറയും സഹപ്രവര്‍ത്തകരും സന്ദര്‍ശിക്കുന്നു

പേരാമ്പ്ര : ഹൈക്കോടതി ഉത്തരവു പ്രകാരം ആറ് കൊല്ലമായി പോലീസ് സംരംക്ഷണത്തില്‍ കഴിയുന്ന കര്‍ഷകനു നേരെ നിരന്തരം നടത്തുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നു വി ഫാം കര്‍ഷക ക്ലബ് കോഴിക്കോട് ജില്ലാ കമ്മിറ്റി. ചക്കിട്ടപാറ ഗ്രാമപഞ്ചായത്തില്‍ പെട്ട മുതുകാട്ടിലെ വട്ടോത്ത് ജിജോക്കു നേരെയാണു സി.പി.എമ്മിന്റെ ജന പ്രതിനിധികള്‍ അടക്കമുള്ള സംഘത്തിന്റെ അതിക്രമങ്ങള്‍ തുടരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച പെരുവണ്ണാമൂഴി മുതുകാട് റോഡു പണിയുമായി ബന്ധപ്പെട്ടു ജീജോയുടെ കട മുറിയിലേക്കുള്ള പ്രവേശന വിഷയത്തില്‍ തടസവാദമുന്നയിച്ചു രംഗത്തു വന്ന സംഘം കൈയേറ്റത്തിനു ശ്രമിച്ചു. ഒപ്പമുണ്ടായിരുന്ന കാവല്‍ പോലീസുകാരനാണു ജീജോയെ രക്ഷിച്ചത്. പ്രശ്‌നം സംബന്ധിച്ചു പെരുവണ്ണാമൂഴി പോലീസില്‍ പരാതി നല്‍കി. കാവല്‍ പോലീസ് ഓഫീസറും റിപ്പോര്‍ട്ടുനല്‍കി. അതേ സമയം കേസെടുക്കാന്‍ പോലീസ് തയ്യാറായില്ല. ഇതില്‍ പ്രതിഷേധിച്ചു ജീജോ സ്റ്റേഷനില്‍ തന്നെ കുത്തിയിരിപ്പു പ്രതിഷേധം നടത്തി. അന്വേഷിച്ചു നടപടി സ്വീകരിക്കാമെന്നു പോലീസ് ഉറപ്പു നല്‍കിയതോടെ പ്രതിഷേധമവസാനി പ്പിക്കുകയായിരുന്നു. മുമ്പ് ജീജോക്കു നേരെ വധശ്രമം നടത്തിയ കേസില്‍ ജയിലിലടക്കപ്പെട്ടതിനു ശേഷം ജാമ്യത്തിലിറങ്ങിയ ജനപ്രതിനിധിയടക്കമുള്ള പത്തംഗ സംഘത്തില്‍ പെട്ടവരാണു വെള്ളിയാഴ്ചയും അക്രമത്തിനു മുതിര്‍ന്നതെന്നു പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. പിറ്റേന്നു നേരം വെളുത്തപ്പോള്‍ ജീജോയുടെ കൃഷിയിടത്തിലെ വാഴയും കമുങ്ങുമെല്ലാം വെട്ടി നശിപ്പിച്ചിരിക്കുന്നതായി കണ്ടെത്തി. ഇതിനെതിരെയും ജീജോ പരാതി നല്‍കി. രണ്ടു പരാതിയും പരിഗണിച്ചു ക്രൈം 39/2019 നമ്പറായി പെരുവണ്ണാമൂഴി പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ച കൃഷിയിടം സന്ദര്‍ശിച്ച വിഫാം ചെയര്‍മാന്‍ ജോയി കണ്ണം ചിറ ആവശ്യപ്പെട്ടു. മുമ്പ് പലതവണ സി.പി.എം ജിജോക്കും കുടുംബത്തിനുമെതിരെ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ഹൈക്കോടതി ഉത്തരവു പ്രകാരം അനുവദിച്ച പോലീസ് സംരംക്ഷണം നിര്‍ത്തലാക്കാനും ശ്രമിച്ചു. ഇപ്പോഴും ശ്രമം നടത്തിക്കൊണ്ടിരിക്കുന്നതായി ജോയി ചൂണ്ടിക്കാട്ടി. വി ഫാം നേതാക്കളായ ബോബന്‍ വെട്ടിക്കല്‍, വിനീത് പരുത്തിപ്പാറ, ഡെന്നീസ് പെരുവേലി എന്നിവരും ഒപ്പമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here