തിരുവനന്തപുരം മണ്ഡലം: സാമുദായിക സമവാക്യങ്ങള്‍ നിര്‍ണ്ണായകമാകും

0
99

കല്ലമ്പിളളി
തിരുവനന്തപുരം: തലസ്ഥാന മണ്ഡലത്തില്‍ ഓരോ തെരഞ്ഞെടുപ്പിലും സാമുദായിക സമവാക്യങ്ങളാണ് നിര്‍ണ്ണായകമായിത്തീരാറുളളത്. പാര്‍ലമെന്റ് മണ്ഡലം ഉള്‍ക്കൊളളുന്ന ഏഴു നിയമസഭാ മണ്ഡലങ്ങളിലും നായര്‍, നാടാര്‍ സമുദായങ്ങള്‍ക്കാണ് മുന്‍തൂക്കം. നാടാര്‍ വിഭാഗത്തില്‍ത്തന്നെ ക്രിസ്ത്യന്‍ നാടാര്‍ വിഭാഗം അതിനിര്‍ണ്ണായകമായ ഘടകമായി ത്തീരാറുണ്ട്.
ഓരോ തെരഞ്ഞെടുപ്പിലും രാഷ്ട്രീയസമവാക്യങ്ങളെ അതിജീവിക്കാന്‍ സമുദായങ്ങളുടെ സമവാക്യങ്ങള്‍ക്ക് കഴിഞ്ഞു.കിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ നാലിലും ബി ജെ പി സ്ഥാനാര്‍ത്ഥി ഒ രാജഗോപാലാണ് മുന്നിട്ടു നിന്നത്. എന്നാല്‍ മൂന്നു മണ്ഡലങ്ങളിലെ വന്‍ ഭൂരിപക്ഷം കരസ്ഥമാക്കി അവസാന നിമിഷം ശശി തരൂരിന് വിജയിക്കാന്‍ കഴിഞ്ഞു.ശരിക്കും ജാതീയവും മതപരവുമായ ചേരി തിരിവ് തന്നെയാണ് അന്നു ദൃശ്യമായത്.
നായര്‍,ഈഴവ,ബ്രാഹ്മിന്‍ വിഭാഗങ്ങളുടെ വോട്ടുകള്‍ രാജഗോപാല്‍ സമാഹരിച്ചപ്പോള്‍ നാടാര്‍,മുസ്ലീം,ക്രിസ്ത്യന്‍ വോട്ടുകള്‍ ശശി തരൂരിനും ലഭിച്ചു. ബി ജെ പി സ്ഥാനാര്‍ത്ഥി വിജയിക്കുന്നു എന്നൊരു സൂചന ലഭിച്ചാല്‍ മതി ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ഉണ്ടാകും. ഇത്തവണത്തെ തെരഞ്ഞെടുപ്പിലും ഇത് ആവര്‍ത്തുക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കുമ്മനം രാജശേഖരനാണ് സ്ഥാനാര്‍ത്ഥിയെങ്കില്‍ തിരുവനന്തപുരം, ,വട്ടിയൂര്‍ക്കാവ് ,നേമം,കഴക്കൂട്ടം എന്നീ മണ്ഡലങ്ങളില്‍ ഹൈന്ദവ വോട്ടുകളുടെ കേന്ദ്രീകരണം ഉണ്ടാകും.പാറശ്ശാല,കോവളം,നെയ്യാറ്റിന്‍കര മണ്ഡലങ്ങളില്‍ നാടാര്‍ ഉള്‍പ്പടെയുളള ഹൈന്ദവേതര വോട്ടുകളുടെ ഏകീകരണവും ഉണ്ടാകും.ഈ സാമുദായിക ധ്രുവീകരണത്തിനിടയില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് തളളപ്പെടുകയും ചെയ്യും.
തിരുവനന്തപുരത്ത് കഴിഞ്ഞ രണ്ട് ലോകസഭാ തെരഞ്ഞെടുപ്പിലുണ്ടായ വോട്ടിങ്ങിന്റെ രീതിയാണത്.സിറ്റിങ്ങ് എം പി എന്ന നിലയില്‍ പാര്‍ലമെന്റിലും മണ്ഡലത്തിലും കാഴ്ച വച്ച മികച്ച പ്രകടനങ്ങള്‍ കണക്കിലെടുത്ത് കക്ഷി രാഷ്ട്രീയത്തിനും സാമുദായിക ചിന്തകള്‍ക്കും ഉപരിയായി കൂടുതല്‍ വോട്ടു നേടാന്‍ ശശി തരൂരിനു കഴിയും .അദ്ദേഹം വീണ്ടും ജയിക്കുമെന്ന നിഗമനത്തില്‍ എത്താനുളള അടിസ്ഥാനവും ഇതുതന്നെയാണ്.
നായര്‍,നാടാര്‍ വോട്ടുകളുടെ ഗതി അനുസരിച്ചാണ് ജയാപജയങ്ങള്‍ നിര്‍ണ്ണയിക്കപ്പെടുന്നത്.മുമ്പ് എം എന്‍ ഗോവിന്ദന്‍ നായര്‍ സി പി ഐ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് വിജയിച്ചപ്പോള്‍ തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അടവു മാറ്റി. ഗോവിന്ദന്‍ നായര്‍ക്കതിരെ നീല ലോഹിത ദാസിനെ രംഗത്തിറക്കി നാടാര്‍ കാര്‍ഡ് കളിച്ചു.ആ തെരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തിലധികം വോട്ടിനാണ് നീലന്‍ എം എന്നെ പരാജയപ്പെടുത്തിയത്.പിന്നീട് വന്ന തെരഞ്ഞെടുപ്പില്‍ നീലന്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായി മാറിയപ്പോള്‍ കോണ്‍ഗ്രസ് ക്രിസ്ത്യന്‍ നാടാര്‍ കാര്‍ഡ് ഉപയോഗിച്ചു. എ ചാള്‍സ് ആയിരുന്നു സ്ഥാനാര്‍ത്ഥി.
ക്രിസ്ത്യന്‍ നാടാര്‍ ഹിന്ദു നാടാരെ തോല്‍പ്പിക്കുന്ന കാഴ്ചയാണ് അന്നു കാണാന്‍ കഴിഞ്ഞത്.തുടര്‍ന്ന് മൂന്നോ നാലോ പ്രാവശ്യം ചാള്‍സ് തിരുവനന്തപുരത്തു നിന്നും തിരഞ്ഞെടുക്കപ്പെട്ടു. ഇതേ ജാതിമതസമവാക്യങ്ങളാണ് പിന്നീടും തുടര്‍ന്നത്.കെ കരുണാകരന്‍, പി കെ വാസുദേവന്‍ നായര്‍ തുടങ്ങി പല പ്രമുഖരും ജയിച്ചു കയറിയതും ഇതേ സമവാക്യത്തിലൂടെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here