മോഹന്‍ലാലിനെ വിടുന്നില്ല; സമ്മര്‍ദവുമായി ആര്‍എസ്എസ്

0
3

രാഷ്ട്രീയ ലേഖകന്‍

തിരുവനന്തപുരം: മോഹന്‍ലാലിനെ ബി ജെ പി വിടുന്നില്ല.തിരുവനന്തപുരം ലോകസഭാ മണ്ഡലത്തില്‍ അദ്ദേഹത്തെ തന്നെ മത്സരിപ്പിക്കണമെന്ന് ആര്‍ എസ് എസ് സംസ്ഥാന ഘടകം ബി ജെ പി ദേശീയ നേതൃത്വത്തോടാവശ്യപ്പെട്ടു. രാഷ്ട്രീയത്തിലേക്കില്ല എന്ന് മോഹന്‍ലാല്‍ അസന്നിഗ്ധമായി പ്രഖ്യാപിച്ചെങ്കിലും കേന്ദ്ര നേതൃത്വം ശക്തിയായി സമ്മര്‍ദ്ദം ചെലുത്തിയാല്‍ അദ്ദേഹത്തിന് മനം മാറ്റമുണ്ടാകുമെന്നാണ് സംസ്ഥാന ഘടകത്തിന്റെ നിഗമനം.

കഴിഞ്ഞ ദിവസം തലസ്ഥാനത്ത് എത്തിയ ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറി രാംലാലിനോടാണ് സംസ്ഥാന നേതാക്കള്‍ ഈ ആവശ്യം ഉന്നയിച്ചത്.വരും ദിവസങ്ങളില്‍ തന്നെ ദേശീയ നേതൃത്വത്തിന്റെ ഭാഗത്തു നിന്നും ശക്തിയായ പ്രേരണ മോഹന്‍ലാലിനുമേല്‍ ഉണ്ടാകാനാണ് സാധ്യത. ആര്‍ എസ് എസ് തിരുവനന്തപുരം മണ്ഡലത്തില്‍ നടത്തിയ സര്‍വ്വേയില്‍ ഏറ്റവും വിജയ സാധ്യതയുളള സ്ഥാനാര്‍ത്ഥിയായി കണ്ടെത്തിയത് മോഹന്‍ലാലിനെ ആയിരുന്നു. കുമ്മനം രാജശേഖരനും കെ സുരേന്ദ്രനും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.കേന്ദ്രത്തിന്റെ സമ്മര്‍ദ്ദം കണക്കിലെടുത്ത് തീരുമാനം മാറ്റാന്‍ മോഹന്‍ലാല്‍ തയ്യാറാകാനുളള സാധ്യത കാണുന്നില്ല. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളും ചലചിത്ര ലോകത്തെ പ്രമുഖരും തുടക്കം മുതല്‍ തന്നെ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനെ നിരുത്സാഹപ്പെടുത്തിയിരുന്നു.

രാഷ്ട്രീയം തനിക്കു പറ്റിയ തൊഴിലല്ലെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇത്രയൊക്കെയായിട്ടും മോഹന്‍ലാലിന്‍മേല്‍ ബി ജെ പി പ്രതീക്ഷയര്‍പ്പിക്കുന്നത് തിരുവനന്തപുരം സീറ്റ് നേടിയെടുക്കാമെന്ന വിശ്വാസത്തിലാണ്. മോഹന്‍ലാല്‍ മത്സരിക്കുന്ന പക്ഷം ശശി തരൂരിനെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമോ എന്ന കാര്യത്തില്‍ ഇടതു മുന്നണിക്ക് പുനരാലോചന വേണ്ടി വരും.സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ട എന്നാണ് തീരുമാനമെങ്കില്‍ യു ഡി എഫിന്റേയും എല്‍ ഡി എഫിന്റേയും വോട്ടുകള്‍ സമാഹരിച്ച് മോഹന്‍ലാലിനെ പരാജയപ്പെടുത്താന്‍ ശശി തരൂരിന് കഴിയും.ഈ അപകടം കൂടി മോഹന്‍ലാല്‍ മണത്തറിഞ്ഞിട്ടുണ്ട്.എന്നാല്‍ ഇരു മുന്നണികള്‍ ഒരുമിച്ചാല്‍ പോലും മോഹന്‍ലാല്‍ വിജയിക്കുക തന്നെ ചെയ്യും എന്നാണ് ബി ജെ പിയുടെ വിലയിരുത്തല്‍.തലസ്ഥാന മണ്ഡലത്തില്‍ ഒരു മുന്നണിയും ഇതുവരെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്തിയിട്ടില്ല, ഈ മാസം ഇരുപതിനു മുമ്പ് ഇക്കാര്യത്തില്‍ അവസാന തീരുമാനം അറിയാനാകും. എന്തായാലും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി സിറ്റിങ്ങ് എം പി ആയ ശശി തരൂര്‍ തന്നെയാകും എന്ന കാര്യത്തില്‍ സംശയമില്ല. മാത്രവുമല്ല കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ അദ്ദേഹത്തിന്റെ ജനപ്രീതി വര്‍ദ്ധിച്ചിട്ടുണ്ട്.

അതു കൊണ്ടുതന്നെയാകണം കിടപിടിക്കത്തക്ക ഒരു സ്ഥാനാര്‍ത്ഥിക്കു വേണ്ടി ബി ജെ പി യും ഇടതു മുന്നണിയും പരക്കം പായുന്നത്.ബി ജെ പി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ തന്നെയാകുമെന്ന് വ്യക്തമായിക്കൊണ്ടിരിക്കുന്നു.ഇടതു മുന്നണിയുടെ സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രനാണോ ആനി രാജയാണോ എന്നാണ് അറിയേണ്ടിയിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്കകം തന്നെ ചിത്രം വ്യക്തമാകും.

LEAVE A REPLY

Please enter your comment!
Please enter your name here