34 ലാന്റ് ട്രൈബ്യൂണല്‍ കോടതികള്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കി

0
14

ഉപ്പുതറ:സംസ്ഥാനത്ത് ആറ് ജില്ലകളിലെ 34 ലാന്റ് ട്രൈബ്യൂണലുകള്‍ നിര്‍ത്തലാക്കി സര്‍ക്കാര്‍ ഉത്തരവായി.തിരുവനന്തപുരം (6), കൊല്ലം (6) ,പത്തനംതിട്ട (6) ,ആലപ്പുഴ (6), കോട്ടയം (5) ,ഇടുക്കി ( 5 ) എന്നീ ജില്ലകളിലെ ലാന്റ് ട്രൈബ്യൂണല്‍ കോടതികളാണ് നിര്‍ത്തലാക്കിയത്. ട്രൈബ്യൂണലില്‍ നിലവിലുള്ള കേസുകള്‍ ബന്ധപ്പെട്ട താലൂക്കുകളിലെ തഹസീല്‍ദാര്‍മാര്‍ തീര്‍പ്പാക്കണമെന്ന് ഉത്തരവില്‍ പറയുന്നു.

കേസുകള്‍ ഇവര്‍ക്ക് കൈമാറിയെന്ന് ഉറപ്പു വരുത്തി ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് അതതു ജില്ലാ കളക്ടര്‍മാരോട് ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആറു ജില്ലകളിലെ ഓരോ ട്രൈബൂണലുകളിലും 700 ല്‍ താഴെ കേസുകള്‍ മാത്രമാണുള്ളതെന്ന കാരണത്താലാണ് കോടതികള്‍ നിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മറ്റു ജില്ലകളിലെ കോടതികളില്‍ 20,000 മുതല്‍ 30,000 വരെ കേസുകള്‍ ഉള്ളതിനാല്‍ ഇവിടെ ജോലി ഭാരം കൂടുതലാണ്.നിര്‍ത്തലാക്കിയ കോടതികളിലെ ജീവനക്കാരെ ഈ ജില്ലകളിലേക്ക് വിന്യസിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ജനുവരി 18 ലെ സര്‍ക്കാര്‍ തീരുമാനപ്രകാരം 28നു അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യനാണ് ഉത്തരവിറക്കിയത്.

കേരള ഭൂപരിപ്ക്കരണ നിയമപ്രകാരം 1964ലാണ് ലാന്റ് ട്രൈബ്യൂണല്‍ കോടതികള്‍ രൂപവല്‍ക്കരിച്ചത്.55 വര്‍ഷം കഴിഞ്ഞിട്ടും ഭൂമിയുടെ അവകാശത്തിനായുള്ള കാത്തിരപ്പ് ആശാവഹമല്ലന്നും ഉത്തരവില്‍ പറയുന്നു. ട്രൈബ്യൂണല്‍ കോടതികള്‍ നിര്‍ത്തലാക്കിയതു കാരണം ഈ ആറു ജില്ലകളിലെ പട്ടയം, ഉടമസ്ഥവകാശം, വസ്തു അവകാശ, അധികാര തര്‍ക്കങ്ങള്‍ തുടങ്ങി പരിഹാരം തേടി കാത്തിരിക്കുന്ന ആയിരക്കണക്കിന് സാധാരണക്കാരാണ് പ്രതിസന്ധിയിലായത്. ഓരോ ട്രൈബ്യൂണലുകളിലും വിധി പ്രസ്ഥാവിച്ചശേഷം അപ്പീല്‍, എതിര്‍തര്‍ക്ക വിധേയ അപേക്ഷകള്‍ (60 ദിവസം) നല്‍കി അന്തിമ തീരുമാനത്തിന് കാത്തിരിക്കുന്ന 200 ഓളം കേസുകള്‍ ഉണ്ട്.ഇതിനുള്ള സമയം പോലും നല്‍കാതെയാണ് കോടതികള്‍ നിര്‍ത്തലാക്കി സര്‍ക്കാര്‍ ഉത്തരവുണ്ടായിരിക്കുന്നത്.

ലാന്റ് ട്രൈബൂണല്‍ എല്ലാ ദിവസവും കേസ് പരിഗണിക്കുന്ന ജുഡീഷ്യല്‍ പദവിയുള്ള കോടതിയാണ്. എന്നിട്ടുപോലും തീര്‍പ്പിനു വേണ്ടി കേസുകള്‍ കെട്ടിക്കിടക്കുകയാണ്. താലൂക്ക് തഹസീല്‍ദാര്‍മാര്‍ക്ക് ഇപ്പോള്‍ തന്നെ വളരെ ജോലി ഭാരമാണുള്ളത്. അതിനിടെയാണ് ട്രൈബ്യൂണല്‍ കോടതിയുടെ ചുമതല കൂടി ഇവര്‍ക്ക് നല്‍കിയിരിക്കുന്നത്.ഇവര്‍ക്ക് ലാന്റ് റിഫോംസ് ആക്ടില്‍ പരിജ്ഞാനമുണ്ടാകുകയും വേണം, കുറഞ്ഞത് നാലോ അഞ്ചോ പ്രാവശ്യമെങ്കിലും വാദം കേട്ട ശേഷമേ ഓരോ കേസിലും വിധി പറയാനും കഴിയുകയുള്ളു. ഇതിനു വേണ്ട സമയക്രമങ്ങള്‍ ഒന്നും പരിഗണിക്കാതെയുള്ള സര്‍ക്കാര്‍ തീരുമാനം നിലവിലുള്ള കേസുകളും, പുതിയതായി ഉണ്ടാകാന്‍ പോകുന്ന പരാതികളും ചുവപ്പുനാടയില്‍ കുടുങ്ങുമെന്നുറപ്പാണ് .

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ ആറു മാസത്തേക്കെങ്കിലും തഹസീല്‍ദാര്‍മാര്‍ക്ക് ഒരു കേസുപോലും പരിഗണിക്കാന്‍ സമയമുണ്ടാകില്ല. ട്രൈബ്യൂണലില്‍ വിധിയായി കിടക്കുന്ന കേസുകളുടെ കാര്യവും ഇതോടെ അവതാളത്തിലാകും. നിലവിലുള്ള കേസ്സുകളില്‍ അന്തിമ തീരുമാനം ഉണ്ടാകും വരെയെങ്കിലും കോടതികള്‍ നിലനിര്‍ത്തണമെന്നാണ് വ്യവഹാരത്തിലിരിക്കുന്ന പരാതിക്കാരുടെ ആവശ്യം. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കും.

LEAVE A REPLY

Please enter your comment!
Please enter your name here