കുഞ്ഞനന്തന്റെ പരോളിനു വേണ്ടി വാദിച്ച സര്‍ക്കാര്‍ അഭിഭാഷകനെ ഹൈക്കോടതി ശാസിച്ചു

0
6

കൊച്ചി: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ജയിലില്‍ കഴിയുന്ന പി.കെ. കുഞ്ഞനന്തന് പരോള്‍ നല്‍കണമെന്ന് വാദിച്ച സര്‍ക്കാര്‍ അഭിഭാഷകന് ഹൈക്കോടതിയുടെ വിമര്‍ശനം. കുഞ്ഞനന്തന്, ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ശിക്ഷ താല്‍കാലികമായി തടഞ്ഞ് ചികിത്സക്ക് അനുമതി നല്‍കണമെന്നും ആയിരുന്നു അഭിഭാഷകന്റെ ആവശ്യം. കുഞ്ഞനന്തന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തുടര്‍ന്നാല്‍ പോരെയെന്ന് കോടതി ചോദിച്ചു. ആശുപത്രിയില്‍ സഹായിയായി ഒരാളെ നിറുത്താം. പുറത്തു പോകേണ്ട ആവശ്യമുണ്ടോ? ഏറ്റവും നല്ല ചികിത്സ ലഭിക്കുന്നത് മെഡിക്കല്‍ കോളേജുകളിലല്ലേയെന്നും കോടതി ആരാഞ്ഞു.
ജയില്‍ ശിക്ഷയ്ക്കു വിധിക്കപ്പെട്ട പി.കെ. കുഞ്ഞനന്തന്‍ ചികിത്സയ്‌ക്കെന്ന പേരില്‍ പരോളില്‍ ഇറങ്ങി പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നതായി ടി.പി. വധക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ആക്ഷേപം ഉന്നയിച്ചിരുന്നു. ഈ സമയം, പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ എന്താണു തെറ്റ് എന്ന ചോദ്യവുമായി സര്‍ക്കാര്‍ അഭിഭാഷകന്‍ എഴുന്നേറ്റു. സര്‍ക്കാരും തിരഞ്ഞെടുപ്പു കമ്മിഷനും അംഗീകരിച്ച പാര്‍ട്ടിയല്ലേ? സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ രാഷ്ട്രീയം പറയുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ താങ്കളുടെ രാഷ്ട്രീയം ഇവിടെ എടുക്കേണ്ടെന്ന് കോടതി സര്‍ക്കാര്‍ അഭിഭാഷകനെ ശാസിച്ചു.
സന്ധിവേദന, പ്രമേഹം, അമിത രക്തസമ്മര്‍ദം തുടങ്ങിയ രോഗങ്ങള്‍ ഉണ്ടെന്നായിരുന്നു കുഞ്ഞനന്തന്റെ വാദം, ഇത് എല്ലാവര്‍ക്കും ഉണ്ടാകുന്ന അസുഖങ്ങളല്ലേയെന്നായിരുന്നു കോടതിയുടെ ചോദ്യം.
ചികില്‍സയല്ല കുഞ്ഞനന്തന്റെ ലക്ഷ്യമെന്നും പരോള്‍ നേടി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയാണു ചെയ്യുന്നതെന്നും ടി.പി വധക്കേസിലെ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. കേസ് വരുന്ന ബുധനാഴ്ച പരിഗണിക്കുന്നതിനു മാറ്റിവച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here