തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ അവകാശമല്ലെന്നും സഹായം മാത്രമാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍.  ക്ഷേമ പെന്‍ഷന്‍ നല്‍കാനെന്ന് പറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ മദ്യത്തില്‍ നിന്നും ഇന്ധനത്തില്‍ നിന്നും സെസ് പിരിക്കുന്നുണ്ട് എന്നും എന്നിട്ടും കൃത്യമായി പെന്‍ഷന്‍ നല്‍കുന്നില്ലെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതിയിലെത്തിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ പുതിയ നിലപാട്.

ക്ഷേമ പെന്‍ഷനുകൾ കൃത്യമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് അഡ്വ.എ.എ.ഷിബിയാണ് പൊതുതാൽപര്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഇതിനുള്ള മറുപടിയിലാണ് ക്ഷേമ പെന്‍ഷന്‍ അവകാശമല്ലെന്ന് ഇതാദ്യമായി സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. സ്റ്റാറ്റ്യൂട്ടറി പെൻഷൻ പോലെയല്ല ക്ഷേമ പെൻഷൻ. ഇത് കേവലം സർക്കാർ നൽകുന്ന സഹായധനം മാത്രമാണ്. പെൻഷൻ എപ്പോൾ വിതരണം ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം സർക്കാരിനാണ്. സാമ്പത്തിക പരാധീനത മൂലം കൃത്യമായി വിതരണം ചെയ്യാൻ കഴിയുന്നില്ല എന്ന് മാത്രം. ഇതാണ് സത്യവാങ്മൂലത്തിൻ്റെ ഉള്ളടക്കം.

ആയിരം രൂപ വരെയുള്ള ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന് 20 രൂപയും, ആയിരം രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 40 രൂപയുമാണ് സെസ് ഈടാക്കുന്നത്. ഒരു ലിറ്റര്‍ പെട്രോള്‍/ഡീസല്‍ എന്നിവയില്‍ നിന്ന് 2 രൂപയും സെസ് ഉണ്ട്. ക്ഷേമ പെന്‍ഷന്‍ നല്‍കാനെന്ന പേരിൽ ജനങ്ങളെ കൊള്ളയടിച്ചശേഷമാണ് പെൻഷൻ അവകാശമല്ല എന്ന സർക്കാർ വാദം

കഴിഞ്ഞ ഏഴ് മാസമായി പെൻഷൻ വിതരണം മുടങ്ങിക്കിടക്കുകയാണ്. റമദാൻ-വിഷു പ്രമാണിച്ച് ഇന്ന് മുതൽ രണ്ട് മാസത്തെ ക്ഷേമപെൻഷൻ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. 2023 ഡിസംബര്‍, 2024 ജനുവരി, ഫെബുവരി, മാര്‍ച്ച് എന്നീ നാല് മാസത്തെ ക്ഷേമ പെന്‍ഷന്‍ ഇനിയും കുടിശികയായി കിടക്കും. 6400 രൂപ വീതം ഓരോ ക്ഷേമ പെന്‍ഷന്‍കാരനും നാലുമാസത്തെ കുടിശികയായി ലഭിക്കേണ്ടതാണ്. ഏപ്രില്‍ 26നാണ് തെരഞ്ഞെടുപ്പ്. ഏപ്രില്‍ 30 ആകുമ്പോള്‍ ക്ഷേമ പെന്‍ഷന്‍ കുടിശിക അഞ്ചുമാസം ആകും. അതായത് കുടിശിക 8000 രൂപയാകും. സർക്കാരിൻ്റെ പുതിയ നിലപാട് പെൻഷൻ കാരിൽ ആശങ്കക്ക് വകയുണ്ടാക്കുകയും, തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കേസർക്കാരിന് തിരിച്ചടി നേരിടേണ്ടി വരാനും സാധ്യതയുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here