മാലക്കള്ളനെ പൊക്കിയ പൊലീസുകാര്‍ക്ക് ആദരമൊരുക്കി നാട്ടുകാര്‍

0
8

തിരുവനന്തപുരം: പൂജപ്പുരയില്‍ വൃദ്ധയുടെ മാലപൊട്ടിച്ച് കടന്ന കള്ളനെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടിയ ട്രാഫിക് പൊലീസുകാരായ ബിജുകുമാറിനും ശരത് ചന്ദ്രനും പൊലീസിന്റെയും നാട്ടുകാരുടെയും ആദരം. റസിഡന്‍സ് അസോസിയേഷനുകള്‍ സംഘടിപ്പിച്ച യോഗത്തിലാണ് കള്ളനെ പിടികൂടിയ മികവിന് ഇരുവരെയും ആദരിച്ചത്. ബുധനാഴ്ചയാണ് പൂജപ്പുരയില്‍ ക്ഷേത്രത്തില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയ വൃദ്ധയുടെ മാല പൊട്ടിച്ച് മോഷ്ടാവ് കടന്നു കളഞ്ഞത്. രാവിലെ പത്തിനായിരുന്നു ബൈക്കിലെത്തിയ മോഷ്ടാവ് സജീവ് മാലപൊട്ടിച്ചത്. എന്നാല്‍ അന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് തന്നെ സജീവ് പിടിയിലായി. മ്യൂസിയം സ്റ്റേഷന്‍ പരിസരത്ത് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ബിജുകുമാറിന്റെയും ട്രാഫിക് കണ്‍ട്രോള്‍ റൂമിലെ ശരത് ചന്ദ്രന്റെയും അതിവേഗ ഇടപെടലാണ് മാലക്കള്ളനെ കുടുക്കിയത്.മോഷ്ടാവ് സഞ്ചരിച്ച സ്‌കൂട്ടറിനെക്കുറിച്ച് ലഭിച്ച ചെറിയ അടയാളങ്ങളിലൂടെയാണ് കള്ളനെ പിടിച്ചത്. വാഹന നമ്പറിലെ ഒരു അക്കം പ്രതി മായ്ച്ചു കളഞ്ഞിരുന്നു. സ്‌കൂട്ടറിന്റെ പുറകിലുണ്ടായിരുന്ന ചിത്രമായിരുന്നു മറ്റൊരു അടയാളം. മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന ബിജുകുമാറിന് വയര്‍ലെസിലൂടെ ഈ വിവരങ്ങള്‍ ലഭിച്ചു. തുടര്‍ന്ന് മ്യൂസിയം പരിസരിത്ത് നിര്‍ത്തിയിട്ട ബൈക്കുകളില്‍ നടത്തിയ പരിശോധനയില്‍ സ്‌കൂട്ടര്‍ കണ്ടെത്തി.ഉടന്‍ മ്യൂസിയം സ്റ്റേഷനില്‍ വിവരം അറിയിക്കുകയും കൂടുതല്‍ പൊലീസെത്തി പ്രതിയെ പിടികൂടുകയുമായിരുന്നു. സജീവിനെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തതോടെ രണ്ടാഴ്ചക്കിടെ നടന്ന നാല് കേസുകള്‍ക്കാണ് തുമ്പായത്.

LEAVE A REPLY

Please enter your comment!
Please enter your name here