ശാര്‍ക്കര ദേവിക്ക് പതിനായിരങ്ങള്‍ പൊങ്കാലയര്‍പ്പിച്ചു

0
25
ശാര്‍ക്കര ദേവീക്ഷേത്ര സന്നിധിയില്‍ നടന്ന പൊങ്കാല നൈവേദ്യ സമര്‍പ്പണം

ചിറയിന്‍കീഴ്: ശാര്‍ക്കര ദേവീക്ഷേത്രത്തില്‍ പതിനായിരക്കണക്കിന് സ്ത്രീകള്‍ പൊങ്കാലയര്‍പ്പിച്ചു. പൊങ്കാലയില്‍ പങ്കെടുക്കാന്‍ വിവിധ ജില്ലകളില്‍നിന്നും ഭക്തര്‍ ക്ഷേത്രത്തിലെത്തി. രാവിലെ ഒന്‍പതരയ്ക്ക് ക്ഷേത്രസന്നിധിയിലെ നിലവിളക്കില്‍ നിന്നും പകര്‍ന്ന അഗ്നി തെക്കേനടയിലെ സേവാ പന്തലില്‍ ഒരുക്കിയ പണ്ടാരയടുപ്പില്‍ മേല്‍ശാന്തി ജനാര്‍ദ്ദനന്‍പോറ്റി പകര്‍ന്നതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമാമായത്.ഒരു മണിക്കൂര്‍ നീണ്ടു നിന്ന ചടങ്ങുകള്‍ക്ക് തന്ത്രി തരണനെല്ലൂര്‍ മനസജി ഗോവിന്ദന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്ത്വം വഹിച്ചു.ഈ വര്‍ഷം പൊങ്കാലയ്ക്കായി വിപുലമായ ഒരുക്കങ്ങളാണ് ദേവസ്വംബോര്‍ഡും ക്ഷേത്രോപദേശകസമിതിയും നാട്ടുകാരും ചേര്‍ന്ന് നടത്തിയിരുന്നത്. ഒരു ലക്ഷത്തിലധികം പൊങ്കാലയടുപ്പുകള്‍ നേരത്തെ തന്നെ ഒരുക്കിയിരുന്നു. ക്ഷേത്രപ്പറമ്പിന് പുറമേ പണ്ടകശാല-ശാര്‍ക്കര റോഡ്, ശാര്‍ക്കര-വലിയകട റോഡ്, ശാര്‍ക്കര-മഞ്ചാടിമൂട് ബൈപ്പാസ് റോഡ്, ക്ഷേത്രത്തിന് സമീപമുള്ള ഇടറോഡുകള്‍ എന്നിവിടങ്ങളിലും പൊങ്കാലയടുപ്പുകള്‍ നിരന്നു.പൊങ്കാലയ്ക്കെത്തുന്ന ഭക്തര്‍ക്കാവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിന് വിവിധ സര്‍ക്കാര്‍ വകുപ്പുകളും സന്നദ്ധസംഘടനകളും രംഗത്തെത്തി. ചിറയിന്‍കീഴ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്.ഡീനയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനം നടത്തിയിരുന്നു.ആരോഗ്യവിഭാഗം, പോലീസ്, വാട്ടര്‍ അതോറിറ്റി, വൈദ്യുതി വകുപ്പ്, അഗ്‌നിരക്ഷാവകുപ്പ് എന്നീ വകുപ്പുകളുടെ സേവനം എടുത്തു പറയേണ്ടതാണ്.ക്ഷേത്രനടയില്‍ പൊങ്കാലയര്‍പ്പിക്കുന്നതിനായി ദിവസങ്ങള്‍ക്കുമുന്നേ ക്ഷേത്രത്തിലെത്തിയ ഭക്തരുമുണ്ട്. പൊങ്കാലയര്‍പ്പിക്കാനെത്തിയ ഭക്തര്‍ക്ക് സന്നദ്ധ സംഘടനകള്‍ ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്തു.ചില സ്വകാര്യ ബസുകളും ഓട്ടോറിക്ഷ സര്‍വീസുകളും മൂന്നുകിലോമീറ്റര്‍ ചുറ്റളവിലുള്ള യാത്ര സൗജന്യമാക്കിയിരുന്നു.ചിറയിന്‍കീഴ് താലൂക്കാശുപത്രിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ സര്‍വീസും ആംബുലന്‍സ് സേവനവും ലഭ്യമാക്കി.പൊങ്കാലയോടനുബന്ധിച്ച് ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളും നടന്നു.11.30 ന് നിവേദ്യ ചടങ്ങുകള്‍ പൂര്‍ത്തിയായതോടെ ഈ വര്‍ഷത്തെ പൊങ്കാല ചടങ്ങുകള്‍ പൂര്‍ത്തിയായി.

 

LEAVE A REPLY

Please enter your comment!
Please enter your name here