മിന്നല്‍ ഹര്‍ത്താലിനെതിരെ ഹൈക്കോടതി; കോടതിയലക്ഷ്യവും ക്രിമിനല്‍ കുറ്റവും; കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

0
9

കൊച്ചി: മുന്നറിയിപ്പില്ലാതെയുള്ള ഹര്‍ത്താല്‍ കോടതിയലക്ഷ്യവും ക്രിമിനല്‍ കുറ്റവുമാണെന്ന് ഹൈക്കോടതി. ഹര്‍ത്താല്‍ നടത്തണമെങ്കില്‍ പാലിക്കേണ്ട നിബന്ധനകള്‍ മറികടന്നുള്ള ഹര്‍ത്താലിനെതിരെ സ്വമേധയാ കേസെടുത്ത കോടതി ഹര്‍ത്താലിനു പിന്നില്‍ ആരായിരുന്നാലും കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കി. ഉത്തരവ് ലംഘിക്കുന്ന പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കാന്‍ വകുപ്പുണ്ടോയെന്നും കോടതി ആരാഞ്ഞു. ഹര്‍ത്താലിനെ നേരിടാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് അറിയിക്കണമെന്ന് സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.

യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് കോടതി നോട്ടീസ് അയച്ചു. ഹര്‍ത്താലിലുണ്ടായ അക്രമങ്ങളുടെ ഉത്തരവാദിത്തം ആഹ്വാനം ചെയ്ത നേതാക്കള്‍ക്കാണ്, നാശനഷ്ടങ്ങളുടെ നഷ്ടപരിഹാരം ഹര്‍ത്താല്‍ പ്രഖ്യാപിച്ചവര്‍ നല്‍കണമെന്നും കോടതി വ്യക്തമാക്കി. പൊതുഗതാഗതം പുന:സ്ഥാപിക്കണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടുണ്ടെങ്കില്‍ തുറക്കണമെന്നും അല്ലെങ്കില്‍ കോടതിയലക്ഷ്യമാകുമെന്നും കോടതി ഓര്‍മ്മിപ്പിച്ചു.

അതേസമയം മിന്നല്‍ ഹര്‍ത്താല്‍ ആഹ്വാനങ്ങള്‍ ഇനി മാധ്യമങ്ങള്‍ വാര്‍ത്ത ആക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി. മിന്നല്‍ ഹര്‍ത്താലുകള്‍ നിയമവിരുദ്ധമായി കാണണം. അവ നിയമവിരുദ്ധമാണെന്ന് ജനങ്ങളെ അറിയിക്കാനുള്ള ഉത്തരവാദിത്തം മാധ്യമങ്ങള്‍ക്കും ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ക്ക് കൂട്ടുത്തരവാദിത്തം ഉണ്ടായിരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത മിന്നല്‍ ഹര്‍ത്താലിനെതിരെ കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. മുന്‍കൂര്‍ നോട്ടീസ് നല്‍കണമെന്ന നിബന്ധന പാലിക്കാത്തതിനെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അസാധാരണമായ നീക്കം നടത്തിയത്. ഡീന്‍ കുര്യാക്കോസ് ഹര്‍ത്താലാഹ്വാനം നടത്തിയ ഫെയ്സ്ബുക്ക് പോസ്റ്റ് സര്‍ക്കാര്‍ കോടതിക്ക് കൈമാറിയിട്ടുണ്ട്.

സംസ്ഥാനത്ത് മിന്നല്‍ ഹര്‍ത്താലുകള്‍ നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നു. ശബരിമല വിഷയത്തോടനുബന്ധിച്ച് ജനുവരി മൂന്നാം തിയതി ബിജെപി നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ ഹര്‍ത്താലിന് ശേഷമാണ് സംസ്ഥാനത്ത് മിന്നല്‍ ഹര്‍ത്താലുകള്‍ ഹൈക്കോടതി നിരോധിച്ചത്. ഉത്തരവ് പ്രകാരം മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ ഹര്‍ത്താലിന് ആഹ്വാനം നല്‍കരുതെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്.

എന്നാല്‍ ഇന്നലെ കാസര്‍കോഡ് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഞായറാഴ്ച രാത്രി വെട്ടിക്കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം നല്‍കുകയായിരുന്നു. ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഡീന്‍ കുര്യാക്കോസ് ഹര്‍ത്താലാഹ്വാനം നടത്തിയത്. ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതിന് മുന്‍കൂര്‍ നോട്ടീസ് നല്‍കിയില്ല, ഫെയ്സ്ബുക്കില്‍ കൂടി ഹര്‍ത്താല്‍ ആഹ്വാനം നടത്തി തുടങ്ങിയവ പരിഗണിച്ചാണ് കോടതി നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here