മിന്നല്‍ ഹര്‍ത്താല്‍: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

0
4

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത മിന്നല്‍ ഹര്‍ത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. മുന്‍കൂര്‍ നോട്ടീസ് നല്‍കണമെന്ന നിബന്ധന പാലിക്കാത്തതിനെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസെടുത്തത്. ഡീന്‍ കുര്യാക്കോസ് ഹര്‍ത്താലാഹ്വാനം നടത്തിയ ഫെയ്സ്ബുക്ക് പോസ്റ്റ് സര്‍ക്കാര്‍ കോടതിക്ക് കൈമാറിയിട്ടുണ്ട്.

സംസ്ഥാനത്ത് മിന്നല്‍ ഹര്‍ത്താലുകള്‍ നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നു. ശബരിമല വിഷയത്തോടനുബന്ധിച്ച് ജനുവരി മൂന്നാം തിയതി ബിജെപി നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ ഹര്‍ത്താലിന് ശേഷമാണ് സംസ്ഥാനത്ത് മിന്നല്‍ ഹര്‍ത്താലുകള്‍ ഹൈക്കോടതി നിരോധിച്ചത്. ഉത്തരവ് പ്രകാരം മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ ഹര്‍ത്താലിന് ആഹ്വാനം നല്‍കരുതെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്.

എന്നാല്‍ ഇന്നലെ കാസര്‍കോഡ് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഞായറാഴ്ച രാത്രി വെട്ടിക്കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം നല്‍കുകയായിരുന്നു. ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഡീന്‍ കുര്യാക്കോസ് ഹര്‍ത്താലാഹ്വാനം നടത്തിയത്. ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതിന് മുന്‍കൂര്‍ നോട്ടീസ് നല്‍കിയില്ല, ഫെയ്സ്ബുക്കില്‍ കൂടി ഹര്‍ത്താല്‍ ആഹ്വാനം നടത്തി തുടങ്ങിയവ പരിഗണിച്ചാണ് നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here