ആരോപണങ്ങളുടെ പെരുമഴ: തിരുവമ്പാടി എസ്‌ഐയെ മാറ്റി

0
47

കോഴിക്കോട്: നിരവധി വിഷയങ്ങളില്‍ ആരോപണം നേരിടുന്ന തിരുവമ്പാടി എസ്‌ഐഎ സ്ഥലം മാറ്റി ഉത്തരമേഖല ഐജി ഉത്തരവിറക്കി. എസ്‌ഐ സനല്‍രാജിനെ കണ്ണൂര്‍ ജില്ലയിലേക്കാണ് മാറ്റിയത്. ഇതു സംബന്ധിച്ചുള്ള ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്.
കഴിഞ്ഞ ദിവസം അദ്ദേഹം പുതിയചുമതലയില്‍ പ്രവേശിച്ചു. ക്വാറിമാഫിയയുമായുള്ള അവിശുദ്ധബന്ധവും മലയോരമേഖലയിലെ റിസോര്‍ട്ട് കേന്ദ്രീകരിച്ച് നടന്ന അനാശാസ്യത്തെ കുറിച്ച് മതിയായ അന്വേഷണം നടത്താത്തതുമാണ് സ്ഥലം മാറ്റത്തിലേക്ക് നയിച്ചത്. എസ്‌ഐയെ കൂടാതെ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനെതിരേയും നടപടിയ്ക്ക് സാധ്യതയുണ്ടെന്നാണിയുന്നത്. എസ്‌ഐയുടെ വീഴ്ചയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരെ നടപടിയുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
തിരുവമ്പാടി എസ്‌ഐയും താമരശേരിയിലെ മുന്‍ ഉന്നത പോലീസ് ഓഫീസറും പെണ്‍വാണിഭം നടന്ന റിസോര്‍ട്ടില്‍ ഇടയ്ക്കിടെ സന്ദര്‍ശനം നടത്താറുണ്ടെന്ന ആരോപണമുയര്‍ന്നിരുന്നു. റിസോര്‍ട്ടിന്റെ നിര്‍മാണ പ്രവൃത്തികള്‍ നടത്തിയ കരാറുകാരനാണ് എസ്‌ഐയുടെ വീടുപണിയുടേയും കരാര്‍ ഏറ്റെടുത്തിരിക്കുന്നതത്രെ. റിസോര്‍ട്ട് കേന്ദ്രീകരിച്ചുള്ള ബ്ലാക്ക്‌മെയിലിംഗ് കേസില്‍ അറസ്റ്റിലായ ജെസിബി ജോര്‍ജ് തിരുവമ്പാടിയില്‍ എര്‍ത്ത് മുവേഴ്‌സ് സ്ഥാപനം നടത്തുന്നുണ്ട്. ജെസിബി ഉപയോഗിച്ച് മണ്ണെടുപ്പ് നടത്തുന്നതിനാല്‍ ജോര്‍ജും തിരുവമ്പാടി പോലീസുമായി ഉറ്റബന്ധമാണുള്ളത്. ഇതുമൂലം ബ്ലാക്ക്‌മെയിലിങ്ങ് കേസില്‍ വാദിയ്ക്കും പ്രതിക്കുംവേണ്ടി ഇടപെടല്‍ നടന്നതായാണ് ഐജിയ്ക്ക് ലഭിച്ച റിപ്പോര്‍ട്ട്.റിസോര്‍ട്ട് കേന്ദ്രീകരിച്ചുള്ള അനാശാസ്യത്തിനു പുറമേ കാമുകിയെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളില്‍ നടപടി സ്വീകരിക്കുന്നതിനിടെ പോലീസിന് മര്‍ദനമേറ്റ സംഭവവും ഒരാഴ്ച മുമ്പുണ്ടായി. കാമുകിയെ ശല്യം ചെയ്തവരെ അക്രമിക്കാന്‍ മാരകായുധങ്ങളുമായി തിരുവമ്പാടി ടൗണിലെത്തിയ യുവാക്കളെ പിടികൂടുന്നതിനിടെയാണ് എസ്‌ഐയ്ക്ക് ചവിട്ടേറ്റത്. ഇത് പൊതുജനമധ്യത്തില്‍ പോലീസ് സേനയ്ക്ക് തന്നെ അപമാനമാണെന്നായിരുന്നു ഉന്നത ഉദ്യോഗസ്ഥരുടെവിലയിരുത്തല്‍. തിരുവമ്പാടി സ്റ്റേഷനില്‍വച്ച് ഇതേ യുവാവില്‍ നിന്ന് മുമ്പും എസ്‌ഐയ്ക്ക് മര്‍ദനമേറ്റിരുന്നു. ഇപ്പോഴത്തെ സ്ഥലം മാറ്റത്തിന് ഇതുകൂടി കാരണമായിട്ടുണ്ടെന്നാണ്. നിരവധി ആരോപണങ്ങള്‍ നേരിടുന്ന എസ്‌ഐയെ മാറ്റണമെന്ന് ഭരണപക്ഷത്തെ പാര്‍ട്ടി ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സ്ഥലം മാറ്റമെന്നാണ് പോലീസിന്റെ അവകാശവാദം.തിരുവമ്പാടിയിലെ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനെതിരെയും അന്വേഷണം നടക്കുന്നുണ്ട്. മുന്‍പ് തിരുവമ്പാടിയില്‍ ലോക്കല്‍ പോലീസില്‍ പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ ഇദ്ദേഹത്തിന് ക്വാറി-റിസോര്‍ട്ട് മാഫിയയയുമായി ബന്ധമുണ്ടായിരുന്നത്രെ. രഹസ്യപോലീസ് വിഭാഗമായ സ്‌പെഷല്‍ ബ്രാഞ്ചിലേക്ക് മാറിയിട്ടും പഴയ ബന്ധം തുടരുന്നതായി പൊതുപ്രവര്‍ത്തകര്‍ പരാതിപ്പെടുന്നുണ്ട്. ഭരണ സ്വാധീനം ഉപയോഗിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ചിലെത്തിയ ഇദ്ദേഹം പലസംഭവങ്ങളും മുകളിലേക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ചവരുത്തുന്നതായാണ് ആരോപണം.

LEAVE A REPLY

Please enter your comment!
Please enter your name here